ഇടുക്കി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് ഇടുക്കിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യമില്ലാത്ത വാഹനങ്ങള്‍ അതിര്‍ത്തികളില്‍ മടക്കി അയക്കും.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കനത്ത നിയന്ത്രണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നി ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അവശ്യ സാധനങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ ഉത്തരവില്‍ പറയുന്നു. പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ പുറത്തിറങ്ങി നടന്ന 16 പേര്‍ക്കെതിരെ കേസെടുക്കും. അതേസമയം ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇദ്ദേഹം അധികം ആള്‍ക്കാരുമായി സമ്പര്‍ക്കം നടത്തിയിട്ടില്ല. ഇപ്പോള്‍ ജില്ലയില്‍ പത്ത് കൊവിഡ് ബാധിതരാണ് ഉള്ളത്.
കാസര്‍കോടും കോഴിക്കോടും ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മറ്റു ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായി. ഈ മാസം 31 ന് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ ഉത്തരവിന് പ്രാബല്യമുണ്ടാകും.
നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. സ്‌കൂളുകള്‍, കോളജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പക്കരുത്. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കൂട്ടിരിപ്പുകാരായി ഒന്നിലധികം പേര്‍ പാടില്ല.
പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്കു നിരോധനം. കായിക മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവയ്ക്കു വിലക്ക്.
ഹാര്‍ബറുകളിലെ മത്സ്യലേല നിര്‍ത്തിവയ്ക്കണം. പകരം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന. ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനത്തിനു നിരോധനം.
വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പൊലിസ് സ്‌റ്റേഷനിലും അറിയിക്കണം. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്താന്‍ ശ്രമിക്കേണ്ടതാണ്.
'ബ്രെയ്ക് ദ ചെയിന്‍' ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കണം. ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
കൊല്ലത്തു ആളുകള്‍ റോഡിലാണ്, പൊലീസ് ഇറങ്ങി. തിരുവനന്തപുരത്ത് ഐജിയുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates