

കൊച്ചി: പുതിയ എഐസിസി സെക്രട്ടറിയായി മലയാളിയെ നിയമിച്ച വാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി സെക്രട്ടറി നിയമനത്തിന്റെ വാര്‍ത്തയും ചിത്രവും കണ്ട് ഇതാരാണാണെന്ന അമ്പരപ്പാണ് സംസ്ഥാന നേതാക്കളില്‍ നല്ലൊരു പങ്കിനുമുണ്ടായത്. പുതിയ ആള്‍ എറണാകുളത്തുകാരനാണെന്ന് അറിഞ്ഞതോടെ ഡിസിസിയിലേക്ക് അന്വേഷണം പ്രവഹിച്ചെങ്കിലും അവിടെയും സ്ഥിതി ഏതാണ്ട് ഇതൊക്കെതന്നെയായിരുന്നു.
തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി എറണാകുളത്തുനിന്നുള്ള കെ ശ്രീനിവാസനെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വന്നത്. ഇതോടെ ആളാരാണെന്ന അന്വേഷണത്തിലായി കേരളത്തിലെ നേതാക്കള്‍. കെ ശ്രീനിവാസന്‍ എന്ന പേരില്‍ സജീവമായി പാര്‍ട്ടിയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരുമില്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. ഇങ്ങനെയൊരു നിയമനം എങ്ങനെയാണ നടന്നത് എന്ന കാര്യത്തിലും അവര്‍ക്കു പിടിയില്ല.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും ഇങ്ങനെയൊരു നിയമനകാര്യം അറിയില്ലായിരുന്നുവെന്നാണ് സൂചനകള്‍. ശ്രീനിവാസനെക്കുറിച്ച് അന്വേഷിച്ചവരോട് ചിലന നേതാക്കള്‍ തമിഴ്‌നാട്ടില്‍നിന്നുള്ളയാളാണെന്നു പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസിന്റെ കീഴിലുള്ള പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി അടുത്തിടെ ശ്രീനിവാസനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി പരിപാടികളിലൊന്നും ശ്രീനിവാസന്‍ ഇതുവരെ നേതൃപരമായ പങ്ക് വഹിച്ചിട്ടില്ലെന്ന് നേതാക്കള്‍തന്നെ പറയുന്നു. തൃശ്ശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ എറണാകുളത്ത് തേവരയിലാണ് താമസം.
നിലവില്‍ സംസ്ഥാനത്തെ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല ശ്രീനിവാസന്‍. എന്നാല്‍ കെ കരുണാകരന്റെ അടുത്ത ആളായിരുന്നു അദ്ദേഹം. കരുണാകരന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീനിവാസനെ ലീഡര്‍ 2009ല്‍ ചാലക്കുടി മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നു. അന്നു ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തതിനാല്‍ കരുണാകരനു പിന്‍വാങ്ങേണ്ടിവന്നു. പിന്നീട് ശ്രീനിവാസനെക്കുറിച്ച് കേട്ടിട്ടുതന്നെയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അടുത്തിടെയാണ് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍, ശ്രീനിവാസന്‍ അതിന്റെ ജില്ലാ പ്രസിഡന്റായി രംഗത്തുവന്നു. ശശി തരൂരാണോ പുതിയ നിയമനത്തിനു പിന്നിലെന്ന സംശയവും ചില നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
