'ഇതല്ല ഇതിലപ്പുറം പറഞ്ഞാലും എം എം മണിക്ക് ഒരു കുന്തവുമില്ല'

ഇതൊക്കെ വേറെ രാഷ്ട്രീയക്കാരന്റെ അടുത്ത് മതി. എംഎം മണിയുടെ അടുത്ത് വേണ്ട.
'ഇതല്ല ഇതിലപ്പുറം പറഞ്ഞാലും എം എം മണിക്ക് ഒരു കുന്തവുമില്ല'
Updated on
2 min read

തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി എംഎം മണി. ഇരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം. അതാണ് എന്റെ നിലപാട്. രാജ്കുമാറിന്റെ മരണത്തില്‍ പാര്‍ട്ടിയും താനും പ്രതിസന്ധിയിലാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയാല്‍ നമ്മളങ്ങ് പ്രതിരോധത്തിലാകുകയല്ലേയെന്നും മണി പറഞ്ഞു.ചാനലുകളോട് സംസാരിക്കുമ്പോഴാണ് മണി ആഞ്ഞടിച്ചത്. 

ഇടുക്കി എസ്പിയെ മന്ത്രിയാണ് സംരക്ഷിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എനിക്ക് അയാളെ എന്തു കാര്യം എന്ന് മറുചോദ്യമാണ് മന്ത്രി ഉന്നയിച്ചത്. എസ്പിയെ പ്രതിപക്ഷം ടാര്‍ജറ്റ് ചെയ്യുന്നുണ്ടെന്ന് തോന്നി. മാധ്യമങ്ങളും ലക്ഷ്യമിടുന്നതായി തോന്നി. അതുകൊണ്ടാണ് എസ്പിയെ ന്യായീകരിച്ചത്. 

എസ്പിയെ പഴിക്കുന്നത് കീഴുദ്യോഗസ്ഥരെ സംരക്ഷിക്കാനാണ്. എസ്പിയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കില്ല. യുഡിഎഫിന്റെ കാലത്ത് പൊലീസില്‍ പല മറിമായങ്ങളും നടന്നിട്ടുണ്ട്. അതൊന്നും എല്‍ഡിഎഫ് ചെയ്യില്ല. ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കണം എന്നു പറഞ്ഞുനടക്കുന്നതൊന്നും എന്റെ പണിയല്ല. ഞാന്‍ മന്ത്രിയാ. ചെന്നിത്തല എന്നല്ല, എന്റെ പേര് എം എം മണിയെന്നാണ്. എനിക്ക് എന്റേതായ അന്തസ്സില്‍ നിന്നുകൊണ്ടേ പറയാന്‍ പറ്റുകയുള്ളൂവെന്നും മണി പറഞ്ഞു. 

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാണെങ്കിലും, വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന നിലയില്‍ പറയുന്ന ആളാണ്. പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞ ബുദ്ധിജീവിയാ പുള്ളി. എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ്പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അവര്‍ പറയുന്നതെല്ലാം വിഴുങ്ങാന്‍ നടക്കുന്നതാണോ സര്‍ക്കാര്‍. വേറെ പണി നോക്ക് എന്നും മന്ത്രി പറഞ്ഞു. 

ഇതല്ല ഇതിലപ്പുറം പറഞ്ഞാലും എംഎം മണിക്ക് ഒരു കുന്തവുമില്ല. ഞാന്‍ ഇതൊന്നും വകവെക്കത്തുമില്ല. നിങ്ങളെല്ലാം കൂടി നാലുകൊലക്കേസില്‍ എന്നെ പ്രതിയാക്കാനാണ് നോക്കിയത്. ഒന്നില്‍ അറസ്റ്റു ചെയ്ത് നാടുകടത്തി. അടുത്തതിന് കൊണ്ടുവന്നപ്പോള്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ ബെഞ്ചാണ് രക്ഷപ്പെടുത്തിയത്. ചുമ്മാ പ്രസംഗിച്ചെന്നു പറഞ്ഞ് കൊലക്കേസെടുക്കാന്‍ പറ്റില്ലാന്ന് കോടതി പറഞ്ഞു. ഇതൊക്കെ വേറെ രാഷ്ട്രീയക്കാരന്റെ അടുത്ത് മതി. എംഎം മണിയുടെ അടുത്ത് വേണ്ട. 

കേസില്‍ എസ്പി ഉത്തരവാദിയാണെങ്കില്‍ എസ്പി നടപടി മേടിക്കണം. അതിനെന്താ. ശിവരാമന്‍ പറഞ്ഞതും കൊണ്ട് എന്റെ അടുത്തേക്ക് വരുവാ. ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ എസ്പിയെ ഒഴിവാക്കിക്കൊണ്ടുള്ള സിപിഎം ജില്ലാസെക്രട്ടേറിയറ്റിന്റെ പ്രസ്താവന വസ്തുതയാ. അവര്‍ അവിടെ പ്രവര്‍ത്തിക്കുന്നവരല്ലേ. അവര്‍ മനസ്സിലാക്കിയ കാര്യമാ പറഞ്ഞത്. ശിവരാമന്‍ പറഞ്ഞത്, ശിവരാമന് എന്തെങ്കിലും കാര്യം കാണും. ഇല്ലെന്നൊന്നും പറയുന്നില്ല. 

എസ്പി തന്റെ കിങ്കരനാണെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് എന്തുയോഗ്യതയാണ് ഉള്ളത്. ലക്ഷക്കണക്കിന് ആളുകളെ പീഡിപ്പിച്ചവരാണ്. പൊലീസിന്റെ അതിക്രമത്തെക്കുറിച്ച് പറയുമ്പോള്‍ ഓക്കാനമാ വരുന്നത്. നിങ്ങള്‍ എന്നെക്കിട്ട് ഉണ്ടാക്കുമല്ലോ. ഇതില്‍ ആരെല്ലാം ഉത്തരവാദിയാണോ അവരെയൊക്കെ നിയമപരമായി കൈകാര്യം ചെയ്യണമെന്നാണ് തന്റെ അഭിപ്രായം. അന്വേഷണം വിപുലമാക്കണം. നെടുങ്കണ്ടം പൊലീസിന്റെ അതിര്‍ത്തിയലല്ലാത്ത പുളിയന്‍മലയില്‍ വെച്ച് കാറില്‍ കൊണ്ടുവന്ന് ഈ മനുഷ്യനെ കൈമാറി. 

ഈ നെടുങ്കണ്ടം എസ്‌ഐക്ക് അധികാരപരിധിയിലല്ലാത്ത അവിടെ പോയി കസ്റ്റഡിയില്‍ എടുക്കാനുണ്ടായ ചേതോവികാരം എന്താണ്. അത് അന്വേഷിക്കേണ്ടേ. ആ കാറില്‍ വന്നവര്‍ ആരാണ്. അവര്‍ ഉപദ്രവിച്ചോ. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമല്ലേ പൊലീസ് സ്വീകരിക്കേണ്ടിയിരുന്നത്. ഇതെല്ലാം ഇവര്‍ ഒത്തുകൊണ്ടുള്ള കൂട്ടുകച്ചവടമാണെന്ന ആക്ഷേപം തനിക്കുണ്ട്. കോണ്‍ഗ്രസുകാരുമായി രാജ്കുമാര്‍ കൂട്ടുകച്ചവടം നടത്തിയിരുന്നതായും മണി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com