ഇത് മണ്ണിന്റെ മക്കളുടെ സമരം;വിജയച്ചേ മതിയാവൂ എന്നത് ഇന്ത്യയുടെ ആഗ്രഹമെന്ന് പിണറായി വിജയന്‍

അതെല്ലാം പാഴ് വാക്കുകളായപ്പോഴാണ് അവര്‍ മഹാനഗരത്തിലേക്ക് മാര്‍ച്ചു ചെയ്തത്. ഇത് മണ്ണിന്റെ മക്കളായ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സമരമാണ്. ഈ സമരം വിജയച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായത്
ഇത് മണ്ണിന്റെ മക്കളുടെ സമരം;വിജയച്ചേ മതിയാവൂ എന്നത് ഇന്ത്യയുടെ ആഗ്രഹമെന്ന് പിണറായി വിജയന്‍
Updated on
1 min read

തിരുവനന്തപുരം: നവഉദാരസാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധമായ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധമാണ് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്നതെന്ന് മുഖന്ത്രി പിണറായി വിജയന്‍. സമരത്തില്‍ പങ്കെടുക്കുവാന്‍ ഇരുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി മുംബൈയിലെത്തിയ ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ജാതിമതദേശ ഭേദമന്യെ മുംബൈ ജനത വലിയ പിന്തുണ നല്‍കിയത് ആവേശകരമാണെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിണറായിയുടെ പോസ്റ്റ്

അഭിനന്ദനങ്ങള്‍..അഭിവാദ്യങ്ങള്‍....സാമ്രാജ്യത്വത്തിനും വൈദേശികാധിപത്യങ്ങള്‍ക്കും നേരെ ധീരമായി പൊരുതിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ജാതിമതഭേദമന്യെ കര്‍ഷകരും, തൊഴിലാളികളും, ആദിവാസികളും, സാധാരണക്കാരും എല്ലാം ആ സമരത്തില്‍ ഇന്ത്യയെന്ന ആശയത്തിനായി അണിനിരന്നു. ആ പാരമ്പര്യത്തിന്റെ ഭാഗമാകാതെ, ചരിത്രപരമായി തന്നെ സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന കൂട്ടരാണ് ജനകീയസമരങ്ങളെയും പ്രക്ഷോഭങ്ങളെയും ചെറുത്തുനില്പുകളെയും തള്ളിപ്പറയുന്നത്. ഇക്കൂട്ടര്‍ തന്നെയാണ് സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടു കൊണ്ട് ജനങ്ങള്‍ക്ക് മേല്‍ അശാസ്ത്രീയമായ സാമ്പത്തികനയങ്ങള്‍ അടിച്ചെല്പിക്കുവാന്‍ ശ്രമിക്കുന്നത്.

നവഉദാരസാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധമായ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധമാണ് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്നത്. സമരത്തില്‍ പങ്കെടുക്കുവാന്‍ ഇരുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി മുംബൈയിലെത്തിയ ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ജാതിമതദേശ ഭേദമന്യെ മുംബൈ ജനത വലിയ പിന്തുണ നല്‍കിയത് ആവേശകരമാണ്.

കാര്‍ഷികചില്ലറമേഖലയില്‍ നൂറ് ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് മുതല്‍ കര്‍ഷകരുടെ അനുമതിയില്ലാതെ അവരുടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമാക്കിയതുവരെ ബിജെപി നേതൃത്വം നല്‍കിയിട്ടുള്ള സര്‍ക്കാരുകളാണ്. വന്‍കിട കച്ചവടക്കാരെയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരെയും സഹായിക്കുന്ന ഇത്തരം നയങ്ങള്‍ കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടുന്ന അടിസ്ഥാനവര്‍ഗത്തിന്റെ ദൈനംദിനജീവിതത്തെയും ഗ്രാമീണമേഖലയെയുമാകെ ദുരിതപൂര്‍ണമാക്കുകയാണ്. ഇന്ത്യയുടെ ആത്മാവാണ് ഈ സാമ്പത്തികനയങ്ങളിലൂടെ തകര്‍ക്കപ്പെട്ടത് എന്നാണ് തുടര്‍ച്ചയായ ഈ കര്‍ഷകപ്രക്ഷോഭങ്ങള്‍ വിളിച്ചു പറയുന്നത്. ഉദാരവല്‍ക്കരണം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സമ്മാനിച്ചത് കൊലക്കയറുകളാണ്. നാലുലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ രണ്ടു വ്യാഴവട്ടകാലത്തിനിടയില്‍ ആത്മഹത്യ ചെയ്തത്. അതില്‍ത്തന്നെ വലിയൊരു ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. ഇനി ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മഹത്യ മാത്രമാണ് പോംവഴി എന്ന തോന്നലില്‍ നിന്നാണ് ഈ സമരം ഉയര്‍ന്നുവന്നത്. ഇപ്പോള്‍ തുടങ്ങിയതല്ല, കഴിഞ്ഞ രണ്ടു വര്ഷങ്ങളായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നിരന്തര സമരത്തിലായിരുന്നു. പലപ്പോഴായി അവര്‍ക്ക് സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. അതെല്ലാം പാഴ് വാക്കുകളായപ്പോഴാണ് അവര്‍ മഹാനഗരത്തിലേക്ക് മാര്‍ച്ചു ചെയ്തത്. ഇത് മണ്ണിന്റെ മക്കളായ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സമരമാണ്. ഈ സമരം വിജയച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായത്. ഈ സമര വിജയം പുതിയ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com