

കൊച്ചി: ''ഒന്നു പേടിപ്പിച്ചു നോക്കുകയാണ് അവര്‍. പുറത്താക്കരുതേ, നിങ്ങള്‍ പറയുന്നതുപോലെ നിന്നുകൊള്ളാം എന്നു പറഞ്ഞു ഞങ്ങള്‍ പേടിച്ചു ചെല്ലണമല്ലോ, സാധാരണഗതിയില്‍. പല ഗൂഢാലോചനയുമുണ്ട് ഇതിന്റെയൊക്കെ പുറകില്‍. ഞങ്ങള്‍ അതിലൊന്നും വീഴില്ല.'- ബിഷപ്പ് ഫ്രങ്കോയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്നു. കേസ് മുന്നോട്ടുപോവുന്നതിനിടെ മഠത്തിന്റെയും സഭാനേതൃത്വത്തിന്റെയും ഭാഗത്തുനിന്ന് ഭീഷണിയും അപമാനിക്കലും തുടരുകയാണെന്ന് സ്വന്തം അനുഭവങ്ങള്‍ വിവരിച്ച് കന്യാസ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തിലാണ് കന്യാസ്ത്രീകളുടെ തുറന്നുപറച്ചില്‍.
''എന്റെ ചേട്ടന്‍ കഴിഞ്ഞ ദിവസം വന്നപ്പോഴും അപമാനിച്ചു വിട്ടു. കാണാന്‍ ആരു വന്നാലും മോശമായി പെരുമാറുന്ന സ്ഥിതിയാണിവിടെ. വന്നുകഴിഞ്ഞപ്പോള്‍ മുന്‍പൊക്കെ ചെയ്തിരുന്നതു പോലെ മഠത്തിലെ പച്ചക്കറിക്കൃഷിയുടെ വലയൊക്കെ വലിച്ചുകെട്ടാനും മറ്റും ചേട്ടന്‍ സഹായിച്ചിരുന്നു. അവര്‍ ഒളിച്ചുനിന്ന് അതിന്റെ ഫോട്ടോയെടുത്ത് പരാതി കൊടുത്തു. ചേട്ടനാണെങ്കിലും ആരാണെങ്കിലും വന്നിട്ടങ്ങ് പോയാല്‍ മതീന്നു പറഞ്ഞ് മദറും മറ്റും ബഹളമുണ്ടാക്കി. ഞങ്ങളില്‍ ആരുടെ വീട്ടുകാര് വന്നാലും അപമാനിച്ചു വിടുക എന്നൊരു രീതിയാണ്'' സിസ്റ്റര്‍ അനുപമ പറയുന്നു.
''പുതിയ മദര്‍ വന്നശേഷം ഞങ്ങള്‍ക്ക് അസുഖമെന്തെങ്കിലും വന്നിട്ട് ആശുപത്രിയില്‍ പോകാന്‍ പണം ചോദിച്ചാല്‍പ്പോലും തരില്ലായിരുന്നു. അതും മാധ്യമങ്ങളില്‍ വന്നപ്പോഴാണ് തരാന്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും ക്രിസ്മസിന് സഭയുടെ ഭാഗത്തുനിന്ന് എല്ലാവര്‍ക്കും വസ്ത്രങ്ങളെന്തെങ്കിലും സമ്മാനമായി തരാറുണ്ട്. ഉടുപ്പിനു തുണിയോ സ്വെറ്ററോ എന്തെങ്കിലും. ഇത്തവണ അതു വാങ്ങാന്‍ ആയിരം രൂപാ വീതം മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കും കൊടുത്തു. ഞങ്ങള്‍ക്കിതേവരെ തന്നില്ല. ചോദിക്കുമ്പോള്‍ പറയുന്നത് ഞങ്ങളും എടുത്തിട്ടില്ല എന്നാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്നതേയുള്ളു. പരാതിക്കാരിയായ സിസ്റ്ററുള്‍പ്പെടെ ആറു പേര്‍ക്കും തന്നില്ല. പലരും മാറി മാറി ചോദിച്ചു. തന്നില്ല. ഞങ്ങള്‍ക്ക് നാണമുള്ളതുകൊണ്ട് എപ്പോഴും തെണ്ടിനടക്കുന്നതു നിര്‍ത്തി. വേറെ വരുമാനം ഞങ്ങള്‍ക്കില്ല എന്ന് അവര്‍ക്കും അറിയാം. അവര്‍ നോക്കുമ്പോള്‍ ഞങ്ങളിവിടെ കോഴിക്ക് തീറ്റ വാങ്ങിക്കുകയൊക്കെ ചെയ്യുന്നു. ഇതിന് എവിടുന്നു പണം എന്നൊരു ചോദ്യം അവര്‍ക്കുണ്ടായിരിക്കും. സത്യത്തില്‍ ഞങ്ങളുടെ വീട്ടില്‍നിന്ന് ആരെങ്കിലുമൊക്കെ വരുമ്പോള്‍ കുറച്ചു കാശ് തരുന്നതാണ് കയ്യിലുള്ളത്. പക്ഷേ, ആ ഒരു പരിഗണന ഞങ്ങളോട് ഇവര്‍ക്കില്ല.''
''ബിഷപ്പിനെതിരെ പരാതി കൊടുക്കുന്നതിന്റെ തലേന്നു വരെ സിസ്റ്ററിനൊപ്പം വലംകയ്യായി നിന്നയാളാണ് മദര്‍. കേസ് കൊടുത്തപ്പോള്‍ അപ്പുറത്തേക്കു ചാടി. അധികാരത്തിന്റെ സ്വാധീനമാണ്. ജനറാളാക്കാം എന്നു വാഗ്ദാനമുണ്ടാകും. ഇപ്പോള്‍ ഞങ്ങളെയാരേയും കൂട്ടിമുട്ടിയാല്‍പ്പോലും മിണ്ടില്ല.''
''ഞങ്ങള്‍ എന്തിന്റെ പേരിലാണ് ഇവരെ വിശ്വസിക്കുക. അതാണ് ഞങ്ങളുടെ പ്രശ്‌നം. പലരും പറയുന്നുണ്ട്, നിങ്ങള്‍ക്കൊരുമിച്ചു പോയിക്കൂടേ എന്ന്. പക്ഷേ, എന്തടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഒന്നിച്ചു പോകേണ്ടത്? ആരെയാണ് ഞങ്ങള്‍ വിശ്വസിക്കേണ്ടത്? ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങളാണ് അവരില്‍നിന്നുള്ളത്. അതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് പലവിധത്തില്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതൊന്നും ചെയ്യാതെ അനങ്ങാതിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വിശ്വസിക്കാമായിരുന്നു. ആദ്യവും രണ്ടാമതും താക്കീതു തന്നിട്ട് മൂന്നാമത് ഡിസ്മിസ് ചെയ്യുക എന്നതാണ് രീതി. പക്ഷേ, ഞങ്ങളെ പെട്ടെന്നങ്ങനെ പറഞ്ഞുവിടാനും കഴിയില്ല. കാരണം, ഞങ്ങളെല്ലാവരും നിത്യവ്രതം കഴിഞ്ഞവരാണ്. സിസ്റ്ററായി നിശ്ചിത കാലം കഴിഞ്ഞിട്ട് ശിരോവസ്ത്രത്തിനു പിന്നില്‍ കറുപ്പു കിട്ടുന്നത് നിത്യവ്രതം കഴിയുമ്പോഴാണ്. അതുവരെ വെള്ളയായിരിക്കും. പുറത്താക്കണമെങ്കില്‍ അവിടുത്തെ രൂപതയിലെ മെത്രാന്റെ രേഖാമൂലമുള്ള അനുമതിയോടുകൂടിയേ പറ്റുകയുള്ളു. അല്ലാതെ മദര്‍ ജനറാളിനു തോന്നുന്നതുപോലെയൊന്നും പുറത്താക്കാന്‍ പറ്റില്ല. ഒന്നു പേടിപ്പിച്ചു നോക്കുകയാണ്. പുറത്താക്കരുതേ, നിങ്ങള്‍ പറയുന്നതുപോലെ നിന്നുകൊള്ളാം എന്നു പറഞ്ഞു ഞങ്ങള്‍ പേടിച്ചു ചെല്ലണമല്ലോ, സാധാരണഗതിയില്‍. പല ഗൂഢാലോചനയുമുണ്ട് ഇതിന്റെയൊക്കെ പുറകില്‍. ഞങ്ങള്‍ അതിലൊന്നും വീഴില്ല. ഞങ്ങളെ തോല്പിക്കാന്‍ ഇങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്താലേ പറ്റുകയുള്ളു. വേറൊന്നുകൊണ്ടും ഞങ്ങള്‍ തോല്‍ക്കില്ല. അതാണ് ആ സ്ഥലംമാറ്റ കത്തിലൂടെ അവര്‍ ശ്രമിച്ചു നോക്കിയത്.'' - കന്യാസ്ത്രീകള്‍ പറഞ്ഞു.
കന്യാസ്ത്രീകളുമായുള്ള അഭിമുഖം മലയാളം വാരികയുടെ പുതിയ ലക്കത്തില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates