തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ ഉപയോഗിക്കുന്ന എക്കോസൗണ്ടര്‍ നിര്‍മിക്കുന്ന ആദ്യ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി കെല്‍ട്രോണ്‍. നാവികസേനയുടെ മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുന്ന എക്കോസൗണ്ടറുകളുടെ രൂപകല്‍പനയ്ക്കും നിര്‍മ്മാണത്തിനുമുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്ന് 5.63 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചതെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.
പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ എക്കോസൗണ്ടറുകള്‍ നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. കെല്‍ട്രോണ്‍ ഇവ നിര്‍മ്മിക്കുന്നതോടെ രാജ്യം എക്കോസൗണ്ടര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടും. ഇറക്കുമതി ചെലവും ഗണ്യമായി കുറയ്ക്കാനാകും.
തിരുവനന്തപുരം സിഡാകിന്റെ സാങ്കേതിക സഹായത്തോടെയാണ് എക്കോസൗണ്ടര്‍ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. കെല്‍ട്രോണിന്റെ കരകുളം യൂണിറ്റിലുള്ള സ്‌പെഷ്യല്‍ പ്രോഡക്റ്റ്‌സ് ഗ്രൂപ്പാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് കടലിന്റെ ആഴം കണക്കാക്കുന്നതിനാണ് മുങ്ങിക്കപ്പലുകളില്‍ എക്കോസൗണ്ടര്‍ ഉപയോഗിക്കുന്നത്.
രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് 30 വര്‍ഷമായി കെല്‍ട്രോണ്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഡിഫന്‍സ് ഇലക്ട്രോണിക്‌സ് മേഖലയില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ 80 കോടി രൂപയിലേറെ രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ട്. പ്രതിരോധ വകുപ്പിന്റെ കൂടുതല്‍ ഓര്‍ഡറുകള്‍ കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നു.
ഇതിലൂടെ സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും കെല്‍ട്രോണിന് കഴിയും. പ്രതിരോധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ കെല്‍ട്രോണ്‍ യൂണിറ്റുകളില്‍ വ്യവസായ വകുപ്പിന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരത്തെ കരകുളം യൂണിറ്റിലും ആലപ്പുഴയിലെ അരൂര്‍ യൂണിറ്റിലും അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates