ഇന്ന് മകരവിളക്ക് ; ഭക്തിസാന്ദ്രമായി സന്നിധാനം ; വൻഭക്തജനത്തിരക്ക് ; കർശന നിയന്ത്രണം

മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പൊലീസും ദേവസ്വം അധികൃതരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്
ഇന്ന് മകരവിളക്ക് ; ഭക്തിസാന്ദ്രമായി സന്നിധാനം ; വൻഭക്തജനത്തിരക്ക് ; കർശന നിയന്ത്രണം
Updated on
1 min read

ശബരിമല : മകരവിളക്ക് ഇന്ന്.  ശരണ മന്ത്രഘോഷങ്ങളുമായി ഭക്തിയുടെ കൊടുമുടിയിലാണ് സന്നിധാനം. പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച്  സായൂജ്യം നേടാനുമായി സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

മകരവിളക്ക് മഹോൽസവത്തിനായി ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.  
മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പൊലീസും ദേവസ്വം അധികൃതരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് രണ്ടും, പമ്പ, നിലയ്ക്കൽ ,പുല്ലുമേട് എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെയും മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

മകരജ്യോതി ദര്‍ശിക്കാന്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിന് നിയന്ത്രണം ഉണ്ട്. പമ്പ ഹില്‍ടോപ്പിലും മകരജ്യോതി കാണാന്‍ പ്രവേശനമില്ല.  മകരവിളക്ക് പ്രമാണിച്ച് ഇന്ന് വാഹനനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. കെഎസ്ആര്‍ടിസി പമ്പയില്‍ നിന്ന് 950 ബസ്സുകള്‍ സര്‍വീസ് നടത്തും.

മനസ്സിലും വചസ്സിലും ഭക്തിയുടെ പുണ്യം നിറച്ച്  മകര സംക്രമ പൂജയും അഭിഷേകവും ഭക്തലക്ഷങ്ങൾ കണ്ടു തൊഴുതു. പുലർച്ചെ 2.09ന് ആയിരുന്നു സംക്രമം. കവടിയാർ കൊട്ടരത്തിന്റെ പ്രത്യേക ദൂതൻ രാമനാഥൻ ഗുരുസ്വാമി കൊണ്ടുവന്ന മുദ്രയിലെ നെയ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു.

നെയ്ത്തേങ്ങ പൊട്ടിച്ച് നേരെ വിഗ്രഹത്തിലേക്ക് നെയ് ഒഴിച്ചായിരുന്നു അഭിഷേകം. ആ നെയ്ത്തേങ്ങ മുറിയിൽ അഭിഷേക നെയ് പ്രസാദമായി നൽകി.മേൽശാന്തി എ കെ സുധീർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. മകര സംക്രമ പൂജ കാരണം രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടച്ചില്ല. സംക്രമപൂജയും അഭിഷേകവും കഴിഞ്ഞാണ് അടച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com