

കൊച്ചി: അഷ്ടമി രോഹിണിയായ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വീടുകളെ അമ്പാടിയാക്കിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഇന്ന് കാൽലക്ഷം കൃഷ്ണ കുടീരങ്ങളും കൃഷ്ണപൂക്കളങ്ങളും വീടുകളിൽ ഒരുക്കാനുള്ള അവസാനവട്ട തയാറെടുപ്പുകളും പൂർത്തിയായി. ഇന്നലെ വൈകിട്ട് മുതൽ വ്രതാനുഷ്ഠാനങ്ങൾ തുടങ്ങി.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണ ശോഭായാത്രകൾ ഇല്ല. അതിനാൽ വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആഘോഷങ്ങൾ പരമാവധി വർണാഭമാക്കാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്.
വീടുകൾ മൺചെരാതുകളാൽ അലങ്കരിച്ച് നടത്തുന്ന സമാപന പരിപാടിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി എന്നിവർ ജന്മദിന സന്ദേശം നൽകും. പിന്നണി ഗായകരായ പി ജയചന്ദ്രൻ, കെഎസ് ചിത്ര, വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.
ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ദിവസം മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഇന്നലെ ചേർന്ന ദേവസ്വം ഭരണ സമിതി യോഗമാണ് ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിക്കാൻ തീരുമാനിച്ചത്.
അഷ്ടമി രോഹിണിയുടെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്താറുള്ള ഭാഗവത സപ്താഹം ഇന്ന് സമാപിക്കും. ഇന്ന് ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യുന്നതോടെ അഷ്ടമി രോഹിണി സപ്താഹത്തിന് സമാപനമാകും. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ ശോഭായാത്ര ഒഴിവാക്കിയിട്ടുണ്ട്.
ആറന്മുളയിൽ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ള സദ്യ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് നടക്കുക. ചടങ്ങുകളിലേക്ക് ഭക്തക്ക് പ്രവേശനം ഇല്ല. ആകെ 32 പേർക്ക് മാത്രമാണ് സമൂഹ വള്ള സദ്യയിൽ പ്രവേശനം. പതിവിന് വിപരീതമായി ക്ഷേത്ര പരിസരത്തിന് പുറത്താണ് വള്ള സദ്യ നടക്കുന്നത്.
'വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വ ശാന്തിയേകാം' എന്ന സന്ദേശമുയർത്തി കേരളമാകെ 5000 വീടുകളിൽ ആഘോഷം സംഘടിപ്പിക്കുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാറും പൊതുകാര്യ ദർശി കെഎൻ സജികുമാറും അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates