ഇരുട്ടി വെളുത്തപ്പോൾ മദ്യശാല; ആകർഷണീയ വില; പക്ഷേ കുടിയൻമാർ ഇളിഭ്യരായി! കഥയിതാണ്

ബവ്റിജസ് കോർപറേഷന്റെ പുതിയ മദ്യ വിൽപനശാല തന്നെ എന്നുറപ്പിച്ച് ചിലർ ആവേശത്തോടെ ക്യൂവിൽ അണിനിരന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കലവൂർ: ഒരു രാത്രി കഴിഞ്ഞ് പുലർന്നപ്പോൾ ദേശീയ പാതയോരത്തു പാതിരപ്പള്ളിയിൽ പുതിയൊരു മദ്യശാല! 12–1–2019 മുതൽ മദ്യ വിലയിൽ കുറവ് വന്നിരിക്കുന്നു എന്ന ബോർഡും സാധനം വാങ്ങാൻ ആളുകളുടെ തരക്കേടില്ലാത്ത ക്യൂവും. ബവ്റിജസ് കോർപറേഷന്റെ പുതിയ മദ്യ വിൽപനശാല തന്നെ എന്നുറപ്പിച്ച് ചിലർ ആവേശത്തോടെ ക്യൂവിൽ അണിനിരന്നു. ക്യൂ തെറ്റിച്ച് കയറുന്നവർക്കെതിരെ മറ്റുചിലരുടെ പ്രതിഷേധം. 

ചുറ്റും നോക്കിയപ്പോഴാണു വെള്ളിത്തിരയിലെ പരിചിത മുഖം ക്യൂവിനടുത്തു കണ്ടത്. പന്തികേടു മണത്തു ക്യൂവിൽ നിന്നവരിൽ ചിലർ പതുക്കെ തടിയൂരി. മറ്റു ചിലർ എന്തും വരട്ടെയെന്നു കരുതി ഉറച്ചു നിന്നു. സംഗതി സിനിമാ ഷൂട്ടിങ്ങിനിട്ട സെറ്റാണെന്നു മനസ്സിലായതോടെ അവരും മുങ്ങി.

ജയറാം നായകനാവുന്ന ‘ഗ്രാൻഡ് ഫാദർ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുക്കിയ മദ്യവിൽപനശാലയുടെ മുന്നിലെ രംഗങ്ങളാണു പാതിരപ്പള്ളിയിലെ നാട്ടുകാർക്കും യാത്രികർക്കും ചിരിക്കാഴ്ച സമ്മാനിച്ചത്. ദേശീയപാതയോരത്ത് പാതിരപ്പള്ളി ജം​ഗ്ഷനു സമീപം പൂട്ടിക്കിടന്ന കടയാണ് അണിയറ പ്രവർത്തകർ മദ്യവിൽപനശാലയാക്കി മാറ്റിയത്. ബവ്റിജസ് കോർപറേഷന്റെ വിദേശമദ്യഷോപ്പ് എന്ന ബോർഡും കറുവാച്ചിറയെന്നു സ്ഥലപ്പേരും ചേർത്തിരുന്നു.

രണ്ട് കടമുറികളിലായി നിറയെ മദ്യക്കുപ്പികളും മദ്യശാലകളിലെ പതിവു കാഴ്ചകളായ ‘ജവാൻ സ്റ്റോക്കില്ല’, ‘കൗണ്ടർ വിടുന്നതിനു മുൻപ് ബാലൻസ് തുക എണ്ണി തിട്ടപ്പെടുത്തുക’ തുടങ്ങിയ ബോർഡുകളും വിലനിലവാര പട്ടികയുണ്ടായിരുന്നു. കടയ്ക്കു മുന്നിലെ കൗണ്ടറും ഇവിടേക്ക് ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള വേലിയും കൂടിയായതോടെയാണ് ഒറിജിനലിനെ വെല്ലുന്ന മദ്യക്കട നാട്ടുകാരിൽ ചിലരെ അൽപ നേരത്തേക്കെങ്കിലും ഭ്രമിപ്പിച്ചത്.

ക്യൂവിൽ നിൽക്കുന്നവരോട് 2000 രൂപ നോട്ട് നീട്ടി നടൻ ധർമ്മജൻ ബോൾഗാട്ടി സാധനം വാങ്ങാൻ പറയുന്നതും എന്നാൽ ക്യൂ നിൽക്കുന്നവർ ഇയാളെ ഓടിക്കുന്നതുമാണു ചിത്രീകരിച്ചത്. മദ്യശാലയ്ക്ക് മുന്നിലെത്തിയ നാട്ടുകാരെ തന്നെ ക്യൂവിൽ നിർത്തിയാണു സിനിമ ചിത്രീകരിച്ചത്. ബീവറേജ് ഒന്നും വന്നില്ലേലും സിനിമയിൽ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പലരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com