'ഇര്‍ഫാന്‍ ഹബീബ് ബലമായി തടഞ്ഞു'; വീഡിയോ ദൃശ്യങ്ങള്‍ തെളിവ്; ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍

അഭിപ്രായവ്യത്യാസങ്ങളോട് വേദിയിലുള്ളവര്‍ക്ക് അസഹിഷ്ണുതയാണെന്ന്ഗവര്‍ണര്‍
'ഇര്‍ഫാന്‍ ഹബീബ് ബലമായി തടഞ്ഞു'; വീഡിയോ ദൃശ്യങ്ങള്‍ തെളിവ്; ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍
Updated on
1 min read

തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ ഇര്‍ഫാന്‍ ഹബീബ് ബലമായി തന്നെ തടയാന്‍ ശ്രമിച്ചെന്നും ഇതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിപ്രായവ്യത്യാസങ്ങളോട് വേദിയിലുള്ളവര്‍ക്ക് അസഹിഷ്ണുതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധസ്വരമുയര്‍ത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.
 
ഗവര്‍ണര്‍ക്കു മുന്നോടിയായി പ്രസംഗിച്ച കെകെ രാഗേഷ് എംപി, രാജ്യം ഭരിക്കുന്നവര്‍ വര്‍ഗീയതയുടെ പേരില്‍ ചരിത്രം തിരുത്തിക്കുറിക്കുന്നുവെന്നു വിമര്‍ശനമുന്നയിച്ചു. സ്വാതന്ത്ര്യസമരത്തില്‍ ഒരു റോളും ഇല്ലാത്തവര്‍, ബ്രിട്ടിഷുകാരുടെ താളത്തിനൊത്തു തുള്ളുകയും കുഴലൂത്ത് നടത്തുകയും ചെയ്തവര്‍ ചരിത്രം തിരുത്തിയെഴുതാന്‍ നോക്കുന്നു. ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിലല്ല ചരിത്രം വ്യാഖ്യാനിക്കേണ്ടത്. സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതിയ രക്തസാക്ഷികളുടെ നാടാണു കേരളമെന്നോര്‍ക്കണമെന്നും രാഗേഷ് പറഞ്ഞു.

തുടര്‍ന്ന് ഉദ്ഘാടന പ്രസംഗത്തിനെഴുന്നേറ്റ ഗവര്‍ണര്‍, എഴുതിത്തയാറാക്കിയ പ്രസംഗമുണ്ടെങ്കിലും അതിനു മുന്നോടിയായി ചില കാര്യങ്ങള്‍ പറയുകയാണെന്നു സൂചിപ്പിച്ചുകൊണ്ട് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പരാമര്‍ശിച്ചു. 26–ാം വയസില്‍ പാര്‍ലമെന്റേറിയനായ തനിക്ക്, രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്നും അതിനുവേണ്ടി പ്രതിരോധമുയര്‍ത്തുമെന്നും പ്രതിജ്ഞ ചെയ്താണു ഗവര്‍ണറായത്. ഭരണഘടനക്കെതിരെ ഭീഷണിയുണ്ടായെന്നു തോന്നിയ ഘട്ടങ്ങളില്‍ പദവി വലിച്ചെറിഞ്ഞ ചരിത്രമുള്ളയാളാണു താന്‍. പൗരത്വഭേദഗതി വിഷയത്തില്‍ രാജ്ഭവനില്‍ പ്രതിഷേധിച്ചവരോടും കോഴിക്കോട് തനിക്കെതിരെ പ്രതിഷേധിച്ചവരോടും ചര്‍ച്ചയ്ക്കും സംവാദത്തിനും തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും അതിനു തയാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു

പൗരത്വഭേദഗതി നിയമത്തില്‍ തന്നെ സംബന്ധിച്ചു തന്റെ വീക്ഷണമാണു ശരി. എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വീക്ഷണമാണു ശരി. പരിഹാരമുണ്ടാകണമെങ്കില്‍ രണ്ടു കൂട്ടരും ചര്‍ച്ച നടത്തണം. അതിനാണു താന്‍ ക്ഷണിച്ചത്. എന്നാല്‍ തങ്ങള്‍ക്കു പ്രതിഷേധം മതി, സംവാദം വേണ്ടെന്ന നിലപാടാണു പ്രതിഷേധക്കാരുടേത്. ഗാന്ധിജി കൊല്ലപ്പെടുന്നതിനു മുന്‍പ്, തന്നെ എതിര്‍ത്തുപോന്നവരെ മൂന്നു വട്ടം ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. അവര്‍ തയാറായില്ല. ഒടുവില്‍ ഗോഡ്‌സെയുടെ കയ്യാല്‍ ഗാന്ധിജി കൊല്ലപ്പെടുകയാണു ചെയ്തത്. സംവാദത്തിനുള്ള വാതില്‍ അടയ്ക്കുന്നവര്‍ അക്രമം പ്രോല്‍സാഹിപ്പിക്കുകയാണു ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രവിഭജനം അനുഭവിച്ചവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com