ഇവിഎം അട്ടിമറി സാധ്യതയില്ലെന്ന് പറയുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായന; പികെ ഫിറോസിനെ തള്ളി കെഎം ഷാജി

ഇവിഎം അട്ടമറി സാധ്യതയില്ലെന്ന് പറയുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായന- പികെ ഫിറോസിനെ തള്ളി കെഎം ഷാജി
ഇവിഎം അട്ടിമറി സാധ്യതയില്ലെന്ന് പറയുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായന; പികെ ഫിറോസിനെ തള്ളി കെഎം ഷാജി
Updated on
4 min read


തിരുവനന്തപുരം: ഇവിഎം അട്ടിമറിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വാദിക്കുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായനയുടെ പ്രതിഫലനമാണെന്ന് കെഎം ഷാജി എംഎല്‍എ. ഇവി.എം ഹാക്ക് ചെയ്യാന്‍ സാധിക്കുമോ എന്നതല്ല ഇവിഎം ഉപയോഗിച്ച് തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാ  സാധിക്കുമോ എന്നതാണ് പ്രസക്തമായ വിഷയമെന്നും കെ.എം ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെരഞ്ഞടുപ്പ് പരാജയത്തില്‍ വോട്ടിംഗ് യ്ന്ത്രങ്ങളെ പഴിക്കുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്തെത്തിയിരുന്നു. 

തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ സംവിധാനത്തെ പിന്തുണച്ച് പറയുന്ന പ്രധാന കാര്യം പേപ്പര്‍ ബാലറ്റ് കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ബൂത്ത് പിടുത്തം ഒഴിവാക്കാമെന്നതാണ്.താരതമ്യേന ബൂത്ത് പിടുത്തമെന്നത് ഒരു ലോക്‌സഭ മണ്ഡലത്തിലെ നൂറോ ഇരുനൂറോ ബൂത്തുകളിലോ അല്ലെങ്കില്‍ ഒരു പ്രദേശത്തെ ഒരു ബൂത്തിലൊക്കെ സംഭവിക്കുന്ന ഒന്നാണെന്നും അല്ലാതെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളും ഒരിക്കലും അട്ടിമറിക്കാന്‍ സുതാര്യമായ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഈ ടെക്‌നോളജീയ കാലത്ത് സാദ്ധ്യമല്ലെന്നും ഷാജി പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇ വി എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നിഷ്പക്ഷരായ ടെക്‌നോ ക്രാറ്റുകളും മീഡിയകളുമൊക്കെ സംശയങ്ങള്‍ പങ്ക് വെക്കുന്ന സാഹചര്യമാണിത്. അപ്പോഴും അങ്ങനെ ഒരു സാധ്യത ഉണ്ടാവില്ല, സാദ്ധ്യതയില്ല എന്നൊക്കെ വാദിക്കുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായനയുടെ പ്രതിഫലനമാണ്.മോദിക്കു മുമ്പ് അധികാര ഫാഷിസം ഇന്ത്യയില്‍ ഇല്ലായിരിക്കാം. പക്ഷേ ഫാഷിസത്തിന്റെ ശീല വൈകൃതങ്ങളെക്കുറിച്ച് സാമാന്യബോധമില്ലാത്തവരാണ് എല്ലാവരുമെന്ന് വിചാരിക്കുന്നത് തെറ്റാണ്.ന്യൂനപക്ഷങ്ങളെ വിശ്വാസം ആര്‍ജ്ജിക്കണമെന്ന മോദിയുടെ പുതിയ പ്രസ്താവന രാഷ്ട്രാന്തരീയ സമൂഹത്തിന് മുമ്പില്‍ നല്ല പിള്ള ചമയാനുള്ള ഫാഷിസ്റ്റ് സ്റ്റാറ്റിക് അല്ലെന്ന് വിശ്വസിക്കുന്ന കപട നിഷ്‌കളങ്കതയല്ല ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കാവശ്യം.

ഇ വി എം സംബന്ധിച്ച നിലവിലുള്ള ചില സംശയങ്ങളിലേക്ക് വരാം.

ഇ വി എം ഹാക്ക് ചെയ്യാന്‍ സാധിക്കുമോ എന്നതല്ല ഇവിഎം ഉപയോഗിച്ച് തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ വിഷയം. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ സംവിധാനത്തെ പിന്തുണച്ച് പറയുന്ന പ്രധാന കാര്യം പേപ്പര്‍ ബാലറ്റ് കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ബൂത്ത് പിടുത്തം ഒഴിവാക്കാമെന്നതാണ്.താരതമ്യേന ബൂത്ത് പിടുത്തമെന്നത് ഒരു ലോക്‌സഭ മണ്ഡലത്തിലെ നൂറോ ഇരുനൂറോ ബൂത്തുകളില്‍ ഒരു പ്രദേശത്തെ ഒരു ബൂത്തിലൊക്കെ സംഭവിക്കുന്ന ഒന്നാണ്. അല്ലാതെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളും ഒരിക്കലും അട്ടിമറിക്കാന്‍ സുതാര്യമായ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഈ ടെക്‌നോളജീയ കാലത്ത് സാദ്ധ്യമല്ല തന്നെ. എന്നാല്‍ ദേശവ്യാപകമായി തന്നെ ജനഹിതം അട്ടിമറിക്കാന്‍ സാദ്ധ്യത തുറന്നിടുന്ന സംവിധാനമാണ് ഇവിഎം കൃത്രിമത്വം എന്നത്.

ഇ വിഎമ്മില്‍ രണ്ട് തരം അട്ടിമറി സാദ്ധ്യതകളാണുള്ളത്. ഒന്ന്, ഹാക്കിംഗ്. മറ്റൊന്ന്, തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കാതെ മാറ്റി വെച്ച റിസര്‍വ്വ്ഡ് ആയിട്ടുള്ള ഇ വി എം മെഷീനുകള്‍, അല്ലെങ്കില്‍ വിവരാവകാശ നിയമപ്രകാരം മിസ്സിങ് ആയി കാണുന്ന ഇ വിഎമ്മുകള്‍. ഇവ യഥാര്‍ത്ഥ ഇ വിഎമ്മുകള്‍ക്ക് ബദലായി കൗണ്ടിംഗ് സമയത്ത് ഉപയോഗിക്കാന്‍ സാധിച്ചുവോ എന്നതാണ്. ഹാക്കിംഗിന്റെ വിഷയം വരുമ്പോള്‍ ടെക്‌നോളജിസ്റ്റുകള്‍ പറയുന്ന ഒരു വിഷയമുണ്ട്. ഇവിഎമ്മിനകത്ത് വയര്‍ലെസ്സ് കണക്ഷനില്ല. അഥവാ ഇന്റര്‍നെറ്റ് കണക്ട്ഡ് അല്ല. റിമോട്ടിനാല്‍ നിയന്ത്രിക്കപ്പെടുന്നില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മെഷിനാണ്, അതു കൊണ്ട് ഹാക്ക് ചെയ്യല്‍ സാദ്ധ്യമല്ല എന്നത്. ശരിയാണ് ,അംഗീകരിക്കുന്നു. പക്ഷേ അപ്പോള്‍ തന്നെ വേറൊരു സാദ്ധ്യത നിലനില്‍ക്കുന്നു.ഇ വിഎമ്മിനകത്തെ പ്രോഗ്രാമിങ്ങ് ലാംഗ്വേജ് നേരത്തെ തന്നെ കൃത്രിമത്വം കാണിക്കാനുതകും വിധം സെറ്റ് ചെയ്ത് വെച്ചതാണെങ്കില്‍ അതില്‍ ടേംപറിംഗ് (tempering) സാദ്ധ്യമാണ്. അപ്പോള്‍ ഉന്നയിക്കപ്പെടുന്ന ഒരു കൗണ്ടര്‍ ആര്‍ഗമെന്റാണ് അങ്ങനെയെങ്കില്‍ മോക്‌പോളില്‍ (ഇലക്ഷന്‍ സമയത്ത് നടത്തുന്ന ഡമ്മി പോള്‍) ഇതെന്ത് കൊണ്ട് കാണുന്നില്ലെന്ന വാദം. അതിനുള്ള ഉത്തരം ഒരു നിശ്ചിത ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത ശേഷം മാത്രം കൃത്രിമം നടക്കുന്ന രീതിയില്‍ പ്രോഗ്രാമിങ്ങില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണ്. ആദ്യത്തെ ഒരു പത്ത് ശതമാനം വോട്ടുകള്‍ വീണതിന്റെ ശേഷം മാത്രം റാന്റംലി, കൃത്രിമത്വം സാധ്യമാക്കാം.ഇത് പ്രോഗ്രാമിംഗ് ലാംഗ്വേജ് പഠിച്ചവര്‍ക്കറിയാം. അപ്പോള്‍ മോക്‌പോള്‍ വിലയിരുത്തി ഇ വി എം ശരിയാണെന്ന് പറയാനാവില്ല.

എല്ലാ ഇവിഎമ്മുകളിലും ഇത് പോലെ കൃത്രിമം നടത്തി എന്ന് പറയുന്നില്ല.എന്നാല്‍ ഓരോ മണ്ഡലത്തിലെയും നിശ്ചിത ശതമാനം ഇ വി എം മെഷിനുകളില്‍ ഇതുപോലെ കൃത്രിമം സാദ്ധ്യമാകും. അതുകൊണ്ടാണ് മാസങ്ങളോളം ഇലക്ടറല്‍ പ്രോസസ്സ് നടക്കുന്ന , ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിച്ച യുഎസ് എ പോലുള്ള വികസിത രാജ്യങ്ങളില്‍ ഇപ്പോഴും പഴയ പേപ്പര്‍ ബാലറ്റില്‍ തെരെഞ്ഞെടുപ്പ് തുടരുന്നത്.ഡിജിറ്റലായിട്ടുള്ള ഒന്നും പരിപൂര്‍ണ്ണമായി വിശ്വാസയോഗ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂര്‍ത്തമായ പ്രൂഫുകളാണ് സുതാര്യക്കോവശ്യം.ഒരു പൗരന്‍ അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച പേപ്പര്‍ പ്രൂഫുകളാണ് കിട്ടേണ്ടത്. ജനാധിപത്യത്തിന്റെ വിശ്വാസ്യത സൂക്ഷിക്കാന്‍ ഇത്രയും നല്ല മാര്‍ഗ്ഗം മറ്റെന്തുണ്ട്..?'

ഇനി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിത്യ നിശബ്ദത പുലര്‍ത്തുന്ന മറ്റൊരു പ്രശ്‌നമുണ്ട്.പല സ്ഥലങ്ങളിലായി മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ താമരക്ക് ലൈറ്റ് തെളിയുന്ന പല സംഭവങ്ങളും വര്‍ഷങ്ങളായി വീഡിയോ സഹിതം പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം വീഡിയോകള്‍ ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇലക്ഷന്‍ കമ്മീഷന്‍ പക്ഷേ ഇപ്പോഴും മൗനത്തിലാണ്. എന്തുകൊണ്ട്എല്ലാ വോട്ടുകളും ബിജെപിക്ക് വീഴുന്ന ഈ പ്രതിഭാസം സംഭവിക്കുന്നു. ഇ വി എം തകരാര്‍ ആണെങ്കില്‍ എന്ത് കൊണ്ടിത് തിരിച്ചു സംഭവിക്കുന്നില്ല? ഇതിലൊരു രാഷ്ട്രീയമുണ്ട്.ഇ വി എം എന്ന മെഷിനെതിരെ ആദ്യമായ രംഗത്ത് വന്നത് ഇവിടുത്തെ പ്രതിപക്ഷ കക്ഷികള്‍ ആരുമല്ല. ഇപ്പോള്‍ ഇവിഎം വാദികളായ സാക്ഷാല്‍ ബി ജെ പി തന്നെയാണത്.ഇ വിഎമ്മിനെതിരെ പുസ്തകമെഴുതി പോലും നിരന്തര പ്രചാരണം നടത്തിയ ഒരു കാലം ഇന്ത്യയിലെ ബിജെപിക്കുണ്ട്.സുബ്രഹ്മണ്യന്‍ സ്വാമിയൊക്കെ അക്കാലത്ത് ഇ വി എം വിരുദ്ധ പ്രസ്താവന ക്യാംപെയ്ന്‍ തന്നെ നടത്തുകയുണ്ടായി. അപ്പോള്‍ ഇവിഎമ്മുകള്‍ക്കകത്തെ കൃത്രിമത്വ സാദ്ധ്യതകളെ കുറിച്ച് മറ്റാരെക്കാളും ബിജെപിക്ക് ബോദ്ധ്യമുണ്ട്. ബ്യൂറോക്രസ്സിയിലെ സ്വന്തം സ്വാധീനമുപയോഗിച്ച് ഈ സാദ്ധ്യതകളത്രയും ഉപയോഗപ്പെടുത്തിയതിന് ശേഷമായിരിക്കാം ബി ജെ പി ഇ വി എമ്മിന്റെ പ്രചാരകരായി തീര്‍ന്നതെന്ന് ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താവുന്നതാണ്. മറ്റാരെക്കാളും ഇവിഎമ്മിനെതിരെ പരാതിയുണ്ടായിരുന്ന ബി ജെ പി ഇപ്പോള്‍ ഇവിഎം അനുകൂലികളായതിന്റെ പിന്നില്‍ മറ്റെന്ത് താല്‍പര്യമാണുള്ളതെന്ന് അഭിനവ ഇവിഎം പ്രചാരകര്‍ വ്യക്തമാക്കേണ്ടതുണ്ട്.നിരന്തരം ഇവിഎമ്മിനെതിരെ അതിന്റെ കൃത്രിമത്വ സാദ്ധ്യതകള്‍ക്കെതിരെ പുസ്തകം പോലുമെഴുതി പ്രചാരണം നയിച്ച ബി ജെ പി ഇപ്പോള്‍ അതിനെക്കുറിച്ച് പാലിക്കുന്ന മൗനം തന്നെയാണ് ഇവിഎം വിഷയത്തിലെ ഏറവും വലിയ തെളിവ്.ഒരു പുസ്തകമെഴുതാന്‍ മാത്രം ബോധ്യമുള്ള ഒരു വിഷയത്തില്‍ ഇപ്പോള്‍ ബി ജെ പി എന്ത് കൊണ്ട് അതിനനുകൂലമായ മൗനം പാലിക്കുന്നു എന്ന് ചോദിച്ചാല്‍ പുസ്തകമെഴുതി ജനങ്ങളെ ബോധവത്കരിക്കുന്നതിനെക്കാള്‍ നല്ലത് ഈ പുസ്തകത്തിലൂടെ തങ്ങള്‍ക്ക് തന്നെ ബോധ്യപ്പെട്ട ഒരു കാര്യം എന്ത് കൊണ്ട് തങ്ങള്‍ക്കനുകൂലമായി ഉപയോഗിച്ചു കൂടാ എന്ന പ്രായോഗിക തന്ത്രമാണ് അവരെ നയിച്ചതെന്ന് എങ്ങനെ നിഷേധിക്കാനാവും..

ഇനി നഷ്ടപ്പെട്ട, അല്ലെങ്കില്‍ റിസര്‍വ്വ് ആയിട്ടുള്ള ഇവിഎമ്മുകളുടെ ദുരുപയോഗത്തെ കുറിച്ച് പറയാം.ഇത് സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.ലക്ഷകണക്കിന് ഇവിഎമ്മുകള്‍ മിസ്സിങ്ങാണ് എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അത് 18 ലക്ഷത്തോളമെന്ന് പറയുന്നുണ്ട്.അതായത് രാജ്യത്ത് മൊത്തം ഉപയോഗിച്ച അത്ര തന്നെ ഇവിഎമ്മുകള്‍ മിസ്സിങ് ആണെന്ന് പറയുമ്പോള്‍ അതീരാജ്യത്തെ മുഴുവന്‍ തെരെഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിക്കുന്ന വലിയ തോതിലുള്ള ബൂത്ത് പിടുത്തമാണ്. അതായത് പഴയ കാലത്തെ ബൂത്ത് പിടുത്തങ്ങള്‍ പ്രാദേശികമായി രുന്നെങ്കില്‍ ഇത് ദേശീയ തലത്തില്‍ തന്നെ നടത്താന്‍ കഴിയുന്ന ബൂത്ത് പിടുത്തമാണ്. ആ ഒരു സാധ്യത നിലനില്‍ക്കുന്നു. സ്വാഭാവികമായും അനധികൃതമായ ഇ വിഎമ്മുകള്‍ ഇന്ത്യയില്‍ പലയിടത്തുമുണ്ടെങ്കില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത് കള്ളപ്പണം പിടിക്കാന്‍ മോദി നോട്ട് നിരോധിച്ചത് പോലെ ഇതുവരെയുള്ള എല്ലാ ഇവിഎമ്മുകളെയും ബാന്‍ ചെയ്യുകയാണ് വേണ്ടത്.അങ്ങനെ ഒരു തീരുമാനത്തിലേക്ക് വരികയും തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യണം.
മറ്റൊന്ന്,ഇവിഎമ്മുകളുടെ മൂവ്‌മെന്റിനെക്കുറിച്ചാണ്. ഇതിന് വളരെ കൃത്യമായ പ്രൊസീജിയര്‍ എഴുതി വെച്ചിട്ടുണ്ട്. അത് സായുധസേന അകമ്പടിയോടെ ആയിരിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ ഈ അടുത്ത ദിവസങ്ങളില്‍ കണ്ട ദൃശ്യങ്ങളില്‍ ഇ വിഎമ്മുകള്‍ പെട്ടിഓട്ടോറിക്ഷകളിലും ലോറികളിലും കുട്ടികളെക്കൊണ്ട് ചുമപ്പിച്ചുമൊക്കെ കൊണ്ടു പോകുന്നുണ്ട്. യാതൊരു നടപടിക്രമവും പാലിക്കാതെ, നിയന്ത്രണങ്ങളില്ലാതെ, സൂപ്പര്‍വൈസിങ്ങില്ലാതെയാണ് ഇവിഎമ്മുകളുടെ മൂവ്‌മെന്റ് ഉണ്ടായിട്ടുള്ളത്.തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബദല്‍ ഇ വിഎമ്മുകളെ പകരം വെച്ചിട്ടാണോ ഇതൊക്കെയെന്ന് തെരെഞ്ഞെടുപ്പിനെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നവര്‍ വീക്ഷിക്കുകയാണ്

ഇ വി എം സുതാര്യമാണെന്ന വാദം സയന്റിഫിക് ടെക്‌നോളജിയുടെ പിന്‍ബലത്തോടെ രാജ്യത്തോ രാഷ്ട്രാന്തരീയ സമൂഹത്തിനകത്തോ സംഭവിക്കാത്തിടത്തോളം കാലം, വിവരാവകാശ നിയമമുപയോഗിച്ച് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ലക്ഷകണക്കിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഇലക്ഷന്‍ കമ്മീഷന്റെ കണക്ക് പ്രകാരം കാണാനില്ല എന്നതിന് ഉത്തരം ലഭിക്കാത്ത കാലത്തോളം ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. മറിച്ചുളള വാദം അക്ഷരാര്‍ത്ഥത്തില്‍ ഫാഷിസത്തിന് കീഴടങ്ങുന്ന സമീപനമാണ്.ജനാധിപത്യമാകട്ടെ സംശയങ്ങളും ചോദ്യങ്ങളുമാണ്. രാഷ്ട്രപതി മുതല്‍ വില്ലേജ് ഓഫീസ്സറെ വരെ ചൂണ്ടുവിരലില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള സംഘ് പരിവാര്‍ ശക്തികളുടെഎല്ലാ ദുരൂഹതകളെയും നിരന്തര ചോദ്യങ്ങളിലൂടെ സുതാര്യമാക്കി മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കൂ.മറിച്ചുള്ള വാദം മോദി മഹാനെന്ന പ്രചാരണം പോലെ തന്നെ നിഷ്‌കളങ്കമായ ഒന്നല്ല. ജനാധിപത്യ പോരാട്ടം ശക്തമാക്കുക!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com