

കാക്കനാട്: ഈ അങ്കിളാണ് ഞങ്ങളെ തല്ലിയത്... ഈ വാക്കുകള്‍ യതീഷ് ചന്ദ്ര ഇനി ഒരിക്കലും മറക്കാനിടയില്ല. തന്റെ നേര്‍ക്ക് ചൂണ്ടിയ കൈയുമായി എഴു വയസുകാരന്‍ അലന്‍, മോന്‍ തല്ലുന്നത് കണ്ടോയെന്ന മനുഷ്യാവകാശ കമ്മിഷന്റെ ചോദ്യത്തിന്, ഈ അങ്കിളാണ് ഞങ്ങളെ തല്ലിയതെന്ന് വ്യക്തമായി മറുപടി നല്‍കി.
പുതുവൈപ്പ് സമരക്കാര്‍ക്ക് നേരെയുണ്ടായ യതീഷ് ചന്ദ്രയുടെ പൊലീസ് നടപടിയെ കുറിച്ച് മനുഷ്യാവകാശ കമ്മിഷന്റെ തെളിവെടുപ്പിന് ഇടയിലായിരുന്നു നാടകീയ രംഗങ്ങള്‍. സമരക്കാര്‍ക്ക് നേരെ യതീഷ് ചന്ദ്ര അതിക്രമം നടത്തിയെന്ന് സമരക്കാരുടെ വാദവും, അതിനെ പ്രതിരോധിക്കാനുള്ള യതീഷ് ചന്ദ്രയുടെ ശ്രമവും നടക്കുന്നതിന് ഇടയിലാണ് അപ്രതീക്ഷിത എതിരാളിയെ യതീഷ് ചന്ദ്രയ്ക്ക് നേരിടേണ്ടി വന്നത്.
അമലിന്റെ വാക്കുകള്‍ക്ക് മുന്നില്‍ പതറിയ യതീഷ് ചന്ദ്ര ഉടനെ അവനോട് തിരിച്ചു ചോദിച്ചു, ഞാനാണോ തല്ലിയത്, മോനെന്റെ പേരറിയാമോ എന്ന്. അതെയെന്ന് തെല്ലൊന്ന് സംശയിക്ക കൂടി ചെയ്യാതെ അമലിന്റെ മറുപടി വന്നു. കൗതുകത്തോടെയായിരുന്നു പിന്നെ അലനോടുള്ള നോട്ടം.
അച്ഛനും, അമ്മയ്ക്കും സഹോദരനും ഒപ്പമെത്തിയ തങ്ങളെ യതീഷ് ചന്ദ്ര മര്‍ദ്ദിച്ചെന്ന് അലന്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹനദാസിന്റെ മുന്‍പാകെ പറഞ്ഞു. കൂടെയുണ്ടായിരുന്നവരെ റോഡിലിട്ട് വലിച്ചിഴച്ചെന്നും അലന്‍ പറഞ്ഞു.
പൊലീസ് അതിക്രമം നടത്തിയെന്ന വാദം നിഷേധിച്ച യതീഷ് ചന്ദ്ര, മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്ന് പറഞ്ഞു. സ്ത്രീകളും, കുട്ടികളും ചിരിച്ചുകൊണ്ട് സമര രംഗത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ തങ്ങളുടെ കൈവശമുണ്ട്. ഇത്തരം സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ജുവനൈല്‍ ആക്ട് വ്യക്തമാക്കുന്നുണ്ട്. ഇവിടെ കുട്ടികളെ മനുഷ്യകവചമാക്കാനായിരുന്നു ശ്രമമെന്നും യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മിഷന് മുന്‍പാകെ വാദിച്ചു.
്അഭിഭാഷകന്‍ ഇല്ലാതെ നേരിട്ടായിരുന്നു യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ വാദങ്ങള്‍ നിരത്തിയത്. എന്നാല്‍ കസ്റ്റഡിയിലെടുത്ത സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും പൊലീസ് ചെയ്തു തന്നില്ലെന്ന് പുതുവൈപ്പുകാര്‍ കമ്മിഷന് മുന്‍പാകെ ബോധിപ്പിച്ചു. ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണവും പുതുവൈപ്പുകാര്‍ ഉന്നയിച്ചു.
ഇതോടെ, വ്യക്തമായ സത്യവാങ്മൂലം നല്‍കാന്‍ യതീഷ് ചന്ദ്രയ്ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. സമരക്കാരെ കസ്റ്റഡിയിലെടുത്ത നാല് പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates