'ഈ ഭരണത്തിലും തെറ്റായ സംഭവങ്ങളും പിഴവുകളും ഉണ്ടാകും', രാഹുല്‍ ജനങ്ങളുടെ ശബ്ദമാകുക; മുരളി തുമ്മാരുകുടി

ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിന്റെ രാഷ്രീയ അസ്തമയം ഒന്നുമല്ല
'ഈ ഭരണത്തിലും തെറ്റായ സംഭവങ്ങളും പിഴവുകളും ഉണ്ടാകും', രാഹുല്‍ ജനങ്ങളുടെ ശബ്ദമാകുക; മുരളി തുമ്മാരുകുടി
Updated on
2 min read

ഇന്ത്യയെ അറിയാന്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം രാഹുല്‍ ഗാന്ധി  ഒരു ഭാരത് ദര്‍ശന്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് മുരളി തുമ്മാരുകുടി. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ കൂടെക്കൂടി രാജ്യത്തെ മനസ്സിലാക്കിയാലോ എന്നൊരു ചിന്ത എനിക്കും ഉണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിന്റെ രാഷ്രീയ അസ്തമയം ഒന്നുമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഇപ്പോഴും കോണ്‍ഗ്രസിന് ബ്രാന്‍ഡ് റെകഗ്‌നീഷന്‍ ഉണ്ട്, കഴിവുള്ള നേതാക്കളും അനവധി. അവരൊക്കെ അധികാരത്തിന് വേണ്ടി ഗ്രൂപ്പ് കളിച്ചും പരസ്പരം പാരവെച്ചും ഒക്കെയാണ് കോണ്‍ഗ്രസ്സ് ഈ സ്ഥിതിയിലായത്. 

നല്ലൊരു നേതൃത്വം ഉണ്ടാവുകയും, ജനാധിപത്യം അടിത്തട്ടിലേക്ക് ഇറങ്ങിവരികയും, സംഘടനാ മെഷിനറി ഓടിക്കാന്‍ എണ്ണമേടിക്കാന്‍ വേണ്ടി കുറച്ചു സംസ്ഥാനങ്ങളില്‍ ഭരണം ഉണ്ടാവുകയും ചെയ്താല്‍ ഇനിയും ഒരു കോണ്‍ഗ്രസ്സ് ഭരണം അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഭരണം തീര്‍ച്ചയായും ഉണ്ടാകുമെന്നും മുരളി തുമ്മാരുകുടി തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം


രാഹുല്‍ ഗാന്ധിയുടെ പോക്കും വരവും...

എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമുള്ള, വിട്ടുവീഴ്ചകള്‍ ചെയ്യുന്ന, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനിയായ ആളാണ്.

ഇതിലൊക്കെ ഉപരി അദ്ദേഹത്തെ ഞാന്‍ ഇഷ്ടപ്പെടുന്നത് മറ്റൊരു കാരണത്താലാണ്. സ്വന്തം അനുഭവജ്ഞാനത്തെപ്പറ്റിയുള്ള ബോധം കൊണ്ടോ, ഉയര്‍ന്ന ജനാധിപത്യ ബോധം കൊണ്ടോ മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ മുതിര്‍ന്നില്ല.

ഇന്ത്യയിലെ രാഷ്ട്രീയ സംസ്‌കാരത്തില്‍ കോണ്‍ഗ്രസ്സില്‍ ചുറ്റുമുള്ളവരെല്ലാം അദ്ദേഹത്തെ ജന്മം കൊണ്ടും പേരുകൊണ്ടും മാത്രം നേതാവായി അംഗീകരിക്കുന്ന സാഹചര്യമാണുള്ളത്. യു പി എ ഭരണകാലത്ത്, പ്രത്യേകിച്ച് രണ്ടാം യു പി എ യുടെ കാലത്ത് അദ്ദേഹം ഒന്ന് നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ചു പ്രധാനമന്ത്രി ആക്കിയേനെ.

അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനോ ഞാന്‍ അറിയുന്നവരില്‍ ബഹുപൂരിപക്ഷമോ ആയിരുന്നെങ്കില്‍ 'എപ്പോള്‍ പ്രധാനമന്ത്രി ആയി' എന്ന് ചോദിച്ചാല്‍ മതി !. നമ്മുടെ കഴിവിനെപ്പറ്റി നമുക്കൊക്കെ ആവശ്യത്തില്‍ കൂടുതല്‍ മതിപ്പാണ്. നമുക്ക് എന്തെങ്കിലും സ്ഥാനം കിട്ടുന്നതില്‍ നമ്മുടെ 'പ്രിവിലേജുകള്‍' എന്ത് പങ്കുവഹിക്കുന്നു എന്നൊന്നും നമ്മള്‍ ചിന്തിക്കാറില്ല. നമ്മുടെ കഴിവിനെക്കുറിച്ചുള്ള അറിവിന്റത്രയും പ്രധാനമാണ് നമ്മുടെ കഴിവുകുറവിനെപ്പറ്റിയുള്ള അറിവും.

എന്താണെങ്കിലും 'അയ്യോ അച്ഛാ പോകല്ലേ' നാടകമൊന്നും കാണിക്കാതെ അദ്ദേഹം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദം വിട്ടു. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിന്റെ രാഷ്രീയ അസ്തമയം ഒന്നുമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഇപ്പോഴും കോണ്‍ഗ്രസിന് ബ്രാന്‍ഡ് റെകഗ്‌നീഷന്‍ ഉണ്ട്, കഴിവുള്ള നേതാക്കളും അനവധി. അവരൊക്കെ അധികാരത്തിന് വേണ്ടി ഗ്രൂപ്പ് കളിച്ചും പരസ്പരം പാരവെച്ചും ഒക്കെയാണ് കോണ്‍ഗ്രസ്സ് ഈ സ്ഥിതിയിലായത്. നല്ലൊരു നേതൃത്വം ഉണ്ടാവുകയും, ജനാധിപത്യം അടിത്തട്ടിലേക്ക് ഇറങ്ങിവരികയും, സംഘടനാ മെഷിനറി ഓടിക്കാന്‍ എണ്ണമേടിക്കാന്‍ വേണ്ടി കുറച്ചു സംസ്ഥാനങ്ങളില്‍ ഭരണം ഉണ്ടാവുകയും ചെയ്താല്‍ ഇനിയും ഒരു കോണ്‍ഗ്രസ്സ് ഭരണം അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഭരണം തീര്‍ച്ചയായും ഉണ്ടാകും.

ജനാധിപത്യ രാഷ്ട്രീയത്തില്‍ ഏറ്റവും പ്രധാനമായത് 'സംഭവങ്ങള്‍' ആണ്. (Events overtake everything). സുഖമായി ഭരിക്കാന്‍ വേണ്ടി ഒരു രാജ്യവും ഒരു ജനതയും ആര്‍ക്കും നിന്ന് കൊടുക്കാറില്ല. എന്തെങ്കിലും ഒക്കെ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. ഭരിക്കുന്നവര്‍ അതെല്ലാം കൈകാര്യം ചെയ്യേണ്ടി വരും. എത്ര ഭൂരിപക്ഷം നേടി ജയിച്ച നേതാവിനും നൂറുകണക്കിന് തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ എവിടെയെങ്കിലുമൊക്കെ അടി തെറ്റും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ഭൂരിപക്ഷം നേടി ഭരണത്തില്‍ എത്തുകയും വിപ്ലവകരമായ തീരുമാനങ്ങളെടുത്ത് പുതിയ ഇന്ത്യയുടെ വളര്‍ച്ചക്ക് അടിത്തറയിടുകയും ചെയ്ത ആളാണ് രാഹുലിന്റെ പിതാവ്. എന്നിട്ട് പോലും ഭരണത്തുടര്‍ച്ച ഉണ്ടായില്ല. കാരണം ഒന്നോ രണ്ടോ സംഭവങ്ങള്‍ മറ്റുള്ള എല്ലാ വിഷയങ്ങളുടേയും മുകളില്‍ എത്തി. പ്രതിപക്ഷം അത് വേണ്ട തരത്തില്‍ ഉപയോഗിച്ചു. ബാക്കി ചരിത്രം.
രാഹുല്‍ ഗാന്ധിയും തല്‍ക്കാലം അത് തന്നെ ചെയ്താല്‍ മതി. കോണ്‍ഗ്രസിന്റെ ഭരണം നല്ല നേതൃത്വത്തിന് വിടുക, ജനാധിപത്യ ബോധത്തിന്റെയും 'എല്ലാവരുടേയും' ഇന്ത്യയുടേയും അംബാസഡറായി ഒരു ഉയര്‍ന്ന ധാര്‍മ്മിക തലം കരസ്ഥമാക്കി അവിടെ കയറിയിരിക്കുക. ഈ ഭരണത്തിലും തെറ്റായ സംഭവങ്ങളും പിഴവുകളും സംഭവിക്കും. അപ്പോള്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക, ജനങ്ങളിലേക്ക് ശക്തമായി ഇറങ്ങുക, ജനങ്ങളുടെ ശബ്ദമാകുക... മതി!.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം രാഹുല്‍ജി ഒരു ഭാരത് ദര്‍ശന്‍ നടത്തുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ കൂടെക്കൂടി രാജ്യത്തെ മനസ്സിലാക്കിയാലോ എന്നൊരു ചിന്ത എനിക്കും ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com