

തിരുവനനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് അംഗീകാരം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് ഇത് അറിയിച്ചത്.
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. ആള്‍ക്കൂട്ടം, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കിക്കറ്റ് എന്നിവയാണ് ആനന്ദിന്റെ പ്രധാന കൃതികള്‍.
1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ആനന്ദിന്റെ ജനനം. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിര്‍മിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്.
നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും, അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വീകരിച്ചില്ല. വീടും തടവും., ജൈവമനുഷ്യന്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാകുന്നത് വയലാര്‍ അവാര്‍ഡും ഗോവര്‍ദ്ധനന്റെ യാത്രകള്‍ക്ക് 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates