തിരുവനന്തപുരം : കളിയിക്കാവിള അതിര്‍ത്തി ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് എഎസ്‌ഐയെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ ഷക്കീര്‍ അഹമ്മദ്, അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഇവരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് വില്‍സണെ വധിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. കേസിലെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതികളായ തൗഫീക്ക്, സമീം എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത തടയുക ലക്ഷ്യമിട്ട്, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും.
അതിനിടെ എഎസ്‌ഐ വില്‍സണെ പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് പ്രതികള്‍ വെടിവെച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. വില്‍സന്റെ ശരീരത്തിലേറ്റ രണ്ട് വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്തുവന്നിരുന്നു. കഴുത്തിലും നെഞ്ചിലും തറച്ച വെടിയുണ്ടകളാണ് പുറത്തുവന്നത്. തുടയില്‍ കൊണ്ട വെടിയുണ്ട മാത്രമാണ് പുറത്തെടുക്കേണ്ടി വന്നത്. അതേസമയം വെടിവെക്കുന്നതിന് മുമ്പ് വില്‍സണെ പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായും സംശയമുണ്ട്. വില്‍സന്റെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
വില്‍സണെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പിടിയിലായ പ്രതികളുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഡല്‍ഹിയില്‍ പിടിയിലായ കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയീദ് നവാസ്, ക്വാസാ മൊയിനുദ്ദീന്‍ എന്നിവരെ ഡല്‍ഹി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അതേസമയം പ്രതികള്‍ക്ക് വേണ്ടി തമിഴ്‌നാട്ടിലും കേരളത്തിലും തിരച്ചില്‍ തുടരുകയാണ്.
തീവ്രവാദി സംഘത്തെ ബംഗളൂരുവില്‍ പിടികൂടിയതിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. രാജ്യവ്യാപകമായി സ്‌ഫോടനത്തിന് പദ്ധതിയിട്ട തീവ്രവാദി സംഘത്തെയാണ് ബംഗളൂരുവില്‍ പിടികൂടിയത്. ഇതിന് എവിടെയെങ്കിലും തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യമായിരുന്നു എഎസ്‌ഐയെ വെടിവെക്കുന്നതില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ തിരുവിതാംകോട് സ്വദേശി അബ്ദുല്‍ ഷമീം (29), തൗഫിഖ് (27) എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് ലക്ഷ്യം വ്യക്തമായത്. ഷമീം ബംഗളൂരുവില്‍ അറസ്റ്റിലായ തീവ്രവാദികളുടെ സംഘത്തില്‍ പെട്ടയാളാണ്.
ജനവാസ മേഖലയിലെ ചെക്ക്‌പോസ്റ്റില്‍ കടന്ന് എഎസ്‌ഐയെ വെടിവച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടതിനു പിന്നില്‍ ക്യത്യമായ മുന്നൊരുക്കമുണ്ടെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നതായി പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പങ്കെടുത്തവര്‍ക്ക് അവസരമൊരുക്കാന്‍ ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. മാര്‍ത്താണ്ഡം മേല്‍പാലം അവസാനിക്കുന്ന കുഴിത്തുറയില്‍ ബുധനാഴ്ച രാത്രി 9.07ന് പ്രതികള്‍ നില്‍ക്കുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയത് അത്യാധുനിക തോക്കുകൊണ്ടെന്നാണ് സൂചന. 7.62 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടകളാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളിത്തോക്കിന്റെ ശബ്ദം മാത്രമേ പുറത്ത് കേട്ടുള്ളു എന്നാണ് സംഭവത്തിനു സാക്ഷിയായ അടുത്ത കടയിലെ വ്യാപാരിയുടെ വെളിപ്പെടുത്തല്‍. കൊലയ്ക്കു ശേഷം പ്രതികള്‍ ആദ്യം കണ്ട പള്ളി വളപ്പിനുള്ളില്‍ കയറി മറുഭാഗത്തെ വഴിയിലൂടെ ദേശീയപാതയിലേക്ക് കടന്നതു വഴികള്‍ നേരത്തെ മനസ്സിലാക്കിയെന്നതിന്റെ തെളിവാണെന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates