

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടം മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപണമുയരുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന ഗ്രൂപ്പിന് എതിരെ പൊലീസും കേസെടുത്തു. ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എക്‌സൈസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെതിരായ അന്വേഷണം നടക്കുന്നത്.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ അഡ്മിനെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. എക്‌സൈസ് നിയമത്തിലെ 55ഐ വകുപ്പ് പ്രകാരമാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ടി. എല്‍. അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ എക്‌സൈസ് കേസ് എടുത്തിരിക്കുന്നത്. അനധികൃത മദ്യവില്‍പന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണിത്.
മതസ്പര്‍ദ്ധ വളര്‍ത്തല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍വെച്ച് മദ്യപിക്കല്‍, ടിക്കറ്റ് വെച്ച് മദ്യസല്‍ക്കാരം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളുടെ പേരിലും അജിത്തിനെതിരെ പോലീസ് കേസെടുക്കും. അഡ്മിനും ഭാര്യയും കൂടാതെ ഫേസ്ബുക്ക് പേജിന്റെ മറ്റ് അഡ്മിന്‍മാരായ 36 പേരും കേസില്‍ പ്രതികളാകും. ഒന്നാം പ്രതി അജിത്കുമാറും ഭാര്യയും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്.
18ലക്ഷം അംഗങ്ങളാണ് ജി എന്‍ പി സിയിലുള്ളത്. പുതിയ ബ്രാന്‍ഡുകള്‍, മദ്യപിക്കേണ്ടത് എങ്ങനെ, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എന്‍ പി സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates