കെഎസ്ഇബിയുടെ 110 കെവി ലൈന്‍ ടവര്‍ ശാന്തിവനത്തിലൂടെ നിര്‍മിക്കാനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. എന്നാല്‍ ടവര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ നിര്‍മാണം പൂര്‍ത്തിയായി. 200 വര്‍ഷം പഴക്കമുള്ള കാവുകളും കുളങ്ങളുമുള്ള ശാന്തിവനത്തിന്റെ 37 സെന്റ് സ്ഥലത്താണ് ടവര്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനായി മുറിച്ചുമാറ്റിയത് 48 ഓളം മരങ്ങളാണ്. പരിസ്ഥിതി ദിനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ശാന്തിവനത്തിന്റെ ഉടമ മീര മേനോന്റെ മകള്‍ ഉത്തര. മുഖ്യമന്ത്രിയെ അറിയിച്ച് ടവര്‍ മാറ്റി സ്ഥാപിച്ച് ശാന്തിവനത്തെ സംരക്ഷിക്കണം എന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉത്തര പറയുന്നത്.
താന്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണെന്നും സ്‌റ്റേറ്റ് സിലബസിന്റെ അത്രയും പാരിസ്ഥിതിക അവബോധം നല്‍കുന്ന മറ്റൊരു സിലബസ്സുകളും ഇല്ല എന്ന ബോധ്യത്തിലാണ് അമ്മ തന്നെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതെന്നും ഉത്തര പറയുന്നു. എന്നാല്‍ പകൃതിയിലൂന്നിയ വിദ്യാഭ്യാസം ലഭിക്കുന്നതിനിടയില്‍ തന്റെ കണ്‍മുന്നില്‍ കണ്ടത് നേരെ വിപരീതമായ കാര്യങ്ങളാണെന്ന് ഉത്തര കുറിച്ചു. തന്റെ കണ്‍മുന്നില്‍വെച്ച് 50 വര്‍ഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈന്‍ മരം വെട്ടമാറ്റിയപ്പോഴുണ്ടായ ദുഃഖത്തെക്കുറിച്ചും പങ്കുവെക്കുന്നുണ്ട്. 'ഒരു വലിയ പ്രദേശത്തിന് തണല്‍ നല്‍കി നിന്നിരുന്ന ആ അമ്മമരം മുറിച്ച് മാറ്റിയപ്പോള്‍ താഴെയുള്ള മണ്ണിനു മാത്രമല്ല പൊള്ളിയത് ഇത്ര നാള്‍ കൊണ്ട് എന്റെ ഉള്ളില്‍ നിറച്ചു തന്ന പാരിസ്ഥിതിക അവബോധത്തിനും കൂടിയാണ്' ഉത്തര കുറിച്ചു.
ഉത്തര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്ത്
പ്രിയപ്പെട്ട രവീന്ദ്രന്‍ മാഷിന്,
ഞാന്‍ ഉത്തര. ഈ വര്‍ഷം പത്താം ക്ലാസിലേക്കാവുന്നു. ഞാനും എന്റെ അമ്മയും താമസിക്കുന്നത് വടക്കന്‍ പറവൂരിലാണ്. ശാന്തിവനം എന്നാണ് ഞങ്ങളുടെ പുരയിടത്തിലെ പേര്. എന്റെ മുത്തച്ഛന്‍ രവീന്ദ്രനാഥും സുഹൃത്തുക്കളും ചേര്‍ന്നാണ് 200 വര്‍ഷം പഴക്കമുള്ള കാവുകളും കുളങ്ങളും ഒക്കെയുള്ള ഞങ്ങളുടെ പുരയിടത്തിന് ശാന്തിവനം എന്ന് പേരിട്ടത്. പശ്ചിമഘട്ട സംരക്ഷണ യാത്രയുടെ ഭാഗമായിരുന്ന മുത്തച്ഛനാണ് കാവുകളും കുളങ്ങളും കൂടാതെയുള്ള സ്ഥലം കൂടി കാടായി നിലനിര്‍ത്താമെന്ന് തീരുമാനമെടുത്തത്.
എന്റെ വീടിനടുത്ത് തന്നെ ഉള്ള ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് ഞാന്‍ പഠിക്കുന്നത്. സ്‌റ്റേറ്റ് സിലബസിന്റെ അത്രയും പാരിസ്ഥിതിക അവബോധം നല്‍കുന്ന മറ്റൊരു സിലബസ്സുകളും ഇല്ല എന്ന ബോധ്യമാണ് അമ്മ എന്നെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ ഉള്ള ഒരു കാരണം. സ്‌റ്റേറ്റ് സിലബസ് എനിക്കും ഏറെ പ്രിയപ്പെട്ടതാണ്. സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നും മറ്റും വന്ന എന്റെ ഓരോ കൂട്ടുകാരും പറയുന്നതും ഇതുതന്നെ. ഞങ്ങള്‍ ഒന്‍പതാം ക്ലാസില്‍ വച്ച് പഠിച്ച ലിയനാര്‍ഡോ ഡി കാപ്രിയോയുടെ 'Climate change is not a hysteria. Its a fact' എന്ന പ്രഭാഷണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും ഓരോ തവണ കേള്‍ക്കുമ്പോഴും ഉള്‍ക്കിടിലം ഉണ്ടാക്കുന്നതുമാണ്. സര്‍ക്കാരിന്റെ ഐടി സംരംഭമായ 'ലിറ്റില്‍ കൈറ്റ്‌സി'ന്റെ ഭാഗമായി ഞങ്ങള്‍ നിര്‍മ്മിച്ച വീഡിയോയും കാലാവസ്ഥാവ്യതിയാനത്തെ ആസ്പദമാക്കിയായിരുന്നു. ഇത്രയധികം പ്രകൃതിയിലൂന്നിയ വിദ്യാഭ്യാസം ലഭിക്കുന്നതിനിടയിലും എനിക്ക് എന്റെ കണ്‍മുന്നില്‍ കാണേണ്ടിവരുന്നത് നേരെ വിപരീതമായ കാര്യങ്ങളാണ്.
സര്‍ക്കാര്‍ സ്ഥാപനമായ KSEBL ഇപ്പോള്‍ നേരെ പോകേണ്ട 110 കെ.വി വൈദ്യുതി ലൈന്‍ വളച്ചെടുത്ത് ഞങ്ങളുടെ പുരയിടത്തിന് നടുവിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പ്രതീക്ഷിച്ചിരിക്കാതെ ഒരു ദിവസം ഞാന്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോള്‍ ജെസിബി വീട്ടുമതില്‍ ഇടിച്ചു പൊളിച്ചു കൊണ്ട് കയറിവന്ന് ധാരാളം അടിക്കാട് നശിപ്പിക്കുകയും വെട്ടേണ്ട 48 മരങ്ങളുടെ ലിസ്റ്റ് അമ്മയുടെ കൈയില്‍ കൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് എനിക്ക് കാണേണ്ടി വന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവര്‍ ധാരാളം യന്ത്രങ്ങളുമായി വന്ന് 50 വര്‍ഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈന്‍ മരം ഞങ്ങളുന്നയിച്ച യാതൊരു അപേക്ഷകളും വകവയ്ക്കാതെ എന്റെ കണ്മുന്നില്‍ വച്ച് വെട്ടിമാറ്റി.
ഒരു വലിയ പ്രദേശത്തിന് തണല്‍ നല്‍കി നിന്നിരുന്ന ആ അമ്മമരം മുറിച്ച് മാറ്റിയപ്പോള്‍ താഴെയുള്ള മണ്ണിനു മാത്രമല്ല പൊള്ളിയത് ഇത്ര നാള്‍ കൊണ്ട് എന്റെ ഉള്ളില്‍ നിറച്ചു തന്ന പാരിസ്ഥിതിക അവബോധത്തിനും കൂടിയാണ്. അവരിപ്പോള്‍ 37 സെന്റോളം നശിപ്പിച്ചുകൊണ്ട് ടവര്‍ ഉയര്‍ത്തിക്കഴിഞ്ഞു.
ഇപ്പോളിതാ, സ്‌കൂളുകള്‍ ആരംഭിച്ചു. വീണ്ടും പാരിസ്ഥിതിക പാഠങ്ങള്‍ പഠിക്കുകയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളില്‍ നിന്നും ലഭിക്കുന്ന തൈകള്‍ നട്ടുപിടിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിനിടയിലും എനിക്ക് അതിന്റെ നേരെ വിപരീതമായ പ്രവര്‍ത്തനങ്ങള്‍ എന്റെ വീട്ടില്‍ കാണേണ്ടി വരുന്നതില്‍ അതിയായ സങ്കടമുണ്ട്.
അങ്ങ് ഈ വിഷയം തീര്‍ച്ചയായും മുഖ്യമന്ത്രിയെ അറിയിക്കുകയും ടവര്‍ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ എടുത്ത് ശാന്തിവനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബഹുമാനപൂര്‍വ്വം
ഉത്തര ശാന്തിവനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates