കൊച്ചി: എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തന്റെ പേര് പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്ന് മാത്രം മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് വേദനിപ്പിച്ചെന്ന് റോണ്‍ ബാസ്റ്റിയന്‍. ഞാന്‍ പ്രസിദ്ധനായ ഒരു വ്യക്തിയല്ല. പക്ഷേ കള്ളനോ കൊലപാതകിയോ ആണെങ്കില്‍ പോലും ഒരാള്‍ക്കൊരു പേരുണ്ടാവുമെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ റോണ്‍ ബാസ്റ്റിയന്‍ പറയുന്നു.
സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ എന്റെ പേര് പോലും പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്ന ലേബലില്‍ എന്റെ പേര് ചര്‍ച്ചക്കെടുത്തു. ഞാന്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമം പോലും എന്റെ പേര് പറയാന്‍ തയ്യാറായില്ല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ശ്രീ സെബാസ്റ്റ്യന്‍ പോള്‍ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാന്‍. ഒരു ഘട്ടത്തില്‍ ഞാന്‍ അത് പരസ്യമാക്കിയിട്ടുമുണ്ടെന്ന് റോണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മാധ്യമ സുഹൃത്തുക്കളോട് ഒരഭ്യര്‍ത്ഥന എന്ന പേരിലാണ് റോണിതന്റെ കുറിപ്പ് തുടങ്ങുന്നത്. ഇങ്ങനെയൊരു പ്രതികരണം കൊണ്ട് പ്രസ്ഥാനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരുന്നതെന്നും റോണ്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയും മുന്നണിയും ചേര്‍ന്നാണ്. അതില്‍ മറ്റാര്‍ക്കും ഇടപെടാന്‍ കഴിയില്ല. തിരിച്ചറിവായ കാലം മുതല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും സഹകരിച്ചും നില്‍ക്കുന്ന ഒരാളായതുകൊണ്ട് അക്കാര്യത്തില്‍ പ്രസ്ഥാനം എടുക്കുന്ന ഏതു തീരുമാനവും എനിക്ക് സ്വീകാര്യമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മാധ്യമസുഹൃത്തുക്കളോട് ഒരഭ്യര്‍ത്ഥന
എന്റെ ഈ പോസ്റ്റ് കൊണ്ട് പ്രസ്ഥാനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയും മുന്നണിയും ചേര്‍ന്നാണ്. അതില്‍ മറ്റാര്‍ക്കും ഇടപെടാന്‍ കഴിയില്ല. തിരിച്ചറിവായ കാലം മുതല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും സഹകരിച്ചും നില്‍ക്കുന്ന ഒരാളായതുകൊണ്ട് അക്കാര്യത്തില്‍ പ്രസ്ഥാനം എടുക്കുന്ന ഏതു തീരുമാനവും എനിക്ക് സ്വീകാര്യമാണ്.
പക്ഷേ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ എന്റെ പേര് പോലും പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്ന ലേബലില്‍ എന്റെ പേര് ചര്‍ച്ചക്കെടുത്തു. ഞാന്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമം പോലും എന്റെ പേര് പറയാന്‍ തയ്യാറായില്ല. ഞാന്‍ പ്രസിദ്ധനായ ഒരു വ്യക്തിയല്ല. പക്ഷേ കള്ളനോ കൊലപാതകിയോ ആണെങ്കില്‍ പോലും ഒരാള്‍ക്കൊരു പേരുണ്ടാവും. ഒരു തൊഴിലുണ്ടാകും. എന്ന് മാത്രമല്ല, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ശ്രീ സെബാസ്റ്റ്യന്‍ പോള്‍ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാന്‍. ഒരു ഘട്ടത്തില്‍ ഞാന്‍ അത് പരസ്യമാക്കിയിട്ടുമുണ്ട്. ഞാന്‍ ഇടതുപക്ഷത്തിന്റെ ഭാഗമായത് കുടുംബപശ്ചാത്തലം കൊണ്ടല്ല. മഹാരാജാസ് കോളേജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥി ആയി ചേരുമ്പോള്‍ എനിക്ക് രാഷ്ട്രീയത്തെക്കുറിച്ചു വ്യക്തമായൊരു കാഴ്ച്ചപ്പാട് ഉണ്ടായിരുന്നില്ല.
പിന്നീട് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും അവിടെ പഠിച്ച അഞ്ചുവര്‍ഷവും യൂണിയന്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും അവസാനവര്‍ഷം യൂണിയന്‍ ചെയര്‍മാനും എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. എറണാകുളം സര്‍ക്കാര്‍ ലോ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐ ഏരിയ പ്രസിഡണ്ട്, സെക്രട്ടറി, ജില്ലാജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ശേഷം സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്ത അഞ്ചുവര്‍ഷക്കാലം ദില്ലിയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതിയുടെ കൊണാട്ട് പ്ലെസ് ബ്രാഞ്ച് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും ആയിരുന്നു.
2012ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഡിവൈഎഫ് ഐ കലൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയും എറണാകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ അഭിഭാഷകനായതിനു ശേഷം സ്വാഭാവികമായും പ്രത്യക്ഷരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെങ്കിലും 2016 മുതല്‍ 2019 വരെ ഡിവൈഎഫ് ഐ ജില്ലാകമ്മിറ്റി ഓഫിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭഗത് സിങ് സ്റ്റഡി സെന്റര്‍ പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. അഭിമുഖങ്ങള്‍ ചെയ്യാറുണ്ട്.
ഇത്രയും പറഞ്ഞത് എന്റെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാനല്ല. ശ്രീ സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ എന്ന മേല്‍വിലാസം ഉപയോഗിച്ച് ഒരു സ്ഥാനവും ഞാന്‍ നേടിയിട്ടില്ല എന്ന് വ്യക്തമാക്കാനാണ്. മുകളില്‍ പറഞ്ഞതെല്ലാം എന്റെ പ്രസ്ഥാനം എന്നെ വിശ്വസിച്ചു ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ മാത്രം ആണ്. എല്ലാക്കാലത്തും എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും എന്നോടൊപ്പം നിന്നിട്ടുള്ളത് പ്രസ്ഥാനം തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates