

ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിലെ മാസ് ഡയലോഗ് ആയിരുന്നു ഈ വാക്കുകള്‍. പിന്നാലെ ഈ പ്രസംഗം ട്രോളുകളില്‍ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നു. നിയമസഭാ ഉപതെരഞ്ഞുടപ്പില്‍ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയോട് ഒരു കുട്ടി ആരാധകന്‍ ചോദിച്ചപ്പോള്‍ രസകരമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപി എംപിയോടു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓര്‍മയിലൊരു കുസൃതിച്ചോദ്യമൊളിപ്പിച്ചാണ് കുട്ടി ആരാധകന്‍ താരത്തിന്റെ മുമ്പിലെത്തിയത്. എറണാകുളം അങ്ങെടുക്കുവോ? എന്നായിരുന്നുസ്‌കൂള്‍ വിദ്യാര്‍ഥിയുടെ ചോദ്യം. ഉടന്‍ വന്നു താരത്തിന്റെ മറുപടി: 'എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ.'
എന്‍ഡിഎ സ്ഥാനാര്‍ഥി സിജി രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയ താരം എല്ലാവരെയും കൈയിലെടുത്തു. നികത്തില്‍ കോളനി സന്ദര്‍ശനത്തിലൂടെയാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു തേവര കോളജിലെത്തി പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് വേണ്ടിയും താരം പ്രചാരണം നടത്തി. അവിടെ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ പശുവിന്റെ പേരില്‍ അല്ലെന്നും പെണ്ണ് കേസിന്റെ പേരിലാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 'ഉത്തരേന്ത്യയില്‍ വ്യാപകമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. സത്യത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്. കൊലകള്‍ എല്ലാം നടക്കുന്നതു പെണ്ണുകേസിന്റെ പേരിലാണ്.' സുരേഷ് ഗോപി പറയുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവത്തിലും താരം അഭിപ്രായപ്രകടനം നടത്തി. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് അകാരണമായ പ്രശ്‌നങ്ങളാണെന്നാണ് താരം പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates