

മൂന്നാർ: എസ് രാജേന്ദ്രന്‍ എംഎൽഎയുടെ പരാമര്‍ശത്തിനെതിരെ ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജ് റിപ്പോർട്ട് നൽകി. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് സബ് കലക്ടർ റിപ്പോർട്ട് നൽകിയത്. എംഎൽഎയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണെന്ന് റിപ്പോർട്ടിൽ അവർ വ്യക്തമാക്കി. പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും രേണുരാജ് പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എൻഒസി നല്‍കേണ്ടത് റവന്യൂ വകുപ്പാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നും സബ് കലക്ടര്‍ വിശദീകരിച്ചു.
മൂന്നാറിലെ അനധികൃത നിര്‍മാണത്തെ പിന്തുണച്ച എംഎല്‍എയ്ക്കെതിരെ സബ് കലക്ടര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍, എംഎല്‍എ സബ് കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമര്‍ശിച്ചിട്ടില്ല. സബ് കലക്ടറുടെ നടപടി നൂറ് ശതമാനം ശരിയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുതിരപ്പുഴയാറിന്റെ തീരം കൈയേറി പഞ്ചായത്ത് വ്യവസായ കേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ചാണെന്നാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോല മേഖലയിലാണ് കെട്ടിട നിര്‍മാണം. നടപടി നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് സ്റ്റോപ് മെമോ നടപ്പാക്കാതിരുന്ന പഞ്ചായത്ത് അധികൃതരുടെ നടപടി കോടതിയലക്ഷ്യമാണ്. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കോടതിയലക്ഷ്യനടപടി വേണം. ഹൈക്കോടതിക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ എജിക്ക് കൈമാറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates