

തിരുവനന്തപുരം : പ്രളയക്കെടുതിക്ക് പിന്നാലെ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് കൊള്ളയടിക്കാനും ശ്രമം. അരിയും പച്ചക്കറിയും അടക്കമുള്ള അവശ്യ വസ്തുക്കള്‍ക്ക് ചില കച്ചവടക്കാര്‍ വന്‍തോതില്‍ വില ഈടാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും കിലോയ്ക്ക് പത്തുരൂപ മുതല്‍ 15 രൂപ വരെ അധികം ഈടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയില്‍ ഒരു കിലോ പച്ചമുളക് 400 രൂപയ്ക്കാണ് വില്‍ക്കാന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇടപെട്ട് 200 രൂപയാക്കി കുറച്ചു. ഒരു കിലോ വെണ്ടക്കയ്ക്ക് 150 ഉം തക്കാളിക്ക് 120 രൂപയും വരെ വാങ്ങി. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി കടകള്‍ അടപ്പിച്ചു.
കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് കൊള്ള നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്ന് മന്ത്രി പി തിലോത്തമനും അറിയിച്ചു. ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും മാവേലി സ്‌റ്റോറുകളും ഞായറാഴ്ച അടക്കം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ചിലയിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാതെ സാധനങ്ങളുടെ ലഭ്യതയില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുവാന്‍ ശ്രമം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത്തരക്കാര്‍ക്കെതിരെ 1955 ലെ അവശ്യ സാധന നിയമപ്രകാരം നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്നത് വ്യാജ പ്രചാരണമാണ്. ബുദ്ധിമുട്ടുകള്‍ ഉണ്ടാകാ തിരിക്കുവാന്‍ വേണ്ടി പെട്രോളിയം കമ്പനികളുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ഹോര്‍ട്ടി കോര്‍പ്പിന്റെ വില്‍പ്പന ശാലകളില്‍ നിന്നും ലഭ്യമാകുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനും അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates