ഒരു ചൗക്കിദാരുടെ (കോഴ) ഡയറിക്കുറിപ്പ്; മോദിയെ ട്രോളി മണി
കൊച്ചി: ബിജെപി ദേശീയ നേതൃത്വത്തെ പിടിച്ചുലച്ച് യദ്യുരപ്പ ഡയറി പുറത്തുവന്നതിനെ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി എംഎം മണി. ഒരു ചൗക്കിദാരുടെ (കോഴ) ഡയറിക്കുറിപ്പെന്നായിരുന്നു എംഎം മണിയുടെ ട്രോള്‍. ചൗക്കിദാര്‍മാര്‍ ഇനി പെന്‍ഷന്‍ വാങ്ങട്ടെയെന്നും മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയതിന്‍റെ കണക്കുകളാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളിലുള്ളത്. രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്നും കാരവൻ മാഗസിൻ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
ബിജെപിദേശീയ നേതൃത്വത്തിലെ പ്രമുഖര്‍ പണം പറ്റിയതിന്‍റെ വിവരങ്ങളാണ് യദ്യൂരപ്പ ഡയറിയില്‍ കുറിച്ചുവച്ചിരിക്കുന്നത്. ബിജെപി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടി രൂപയാണ് രേഖകള്‍ പ്രകാരം നല്‍കിയിട്ടുള്ളത്. ധനന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും 150 കോടിവീതവും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് 100 കോടിയും നല്‍കി. മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും 50 കോടി വീതം നല്‍കി. ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് 10 കോടിയാണ് നല്‍കിയത്. ജഡ്ജിമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് ഫീസായി 50 കോടിയും നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ആരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.
'യദ്യൂരപ്പ ഡയറി' നുണകളുടെ വലയെന്നായിരുന്നു ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസില്‍പ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ നല്‍കിയതെന്നും രവിശങ്കർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

