

കൊച്ചി: ശബരിമലയില് യുവതികളെ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് ഹര്ജി നല്കിയ ഇന്ത്യന് യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ചില് നാലുപേരും നിലപാട് തിരുത്തി. അന്നത്തെ ഇന്ത്യന് യങ് ലോയേഴ്സ് അസോസിയേഷന് ജനറല് സെക്രട്ടറി ഭക്തി പ്രസീജ സേഥി ഒഴികെ മറ്റു നാലുപേരും ആചാര ലംഘനം അരുതെന്ന നിലപാടാണ് ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്. ഭക്തി പ്രസീജ സേഥിക്ക് ഒപ്പം സുപ്രീംകോടതി ബാര് അസോസിയേഷന് ട്രഷറര് ലക്ഷ്മി ശാസ്ത്രി, എക്സിക്ക്യൂട്ടീവ് അംഗം പ്രേരണ കുമാരി, അഭിഭാഷകരായ സുധാപാല്,അല്ക ശര്മ എന്നിവരാണ് ഹര്ജി നല്കിയത്. ഇപ്പോള് ഇവര് നാലുപേരും ഭരണഘടന ബെഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നില്ലെന്ന് മാധ്യമം പത്രത്തിന് നല്കിയ അഭിമുഖത്തില് വ്യക്തമാക്കി.
കേരളത്തിലെ ശബരിമലല കേസുമായി ബന്ധപ്പെട്ടല്ല തങ്ങള് 2006ല് ഹര്ജി നല്കിയതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് നല്കിയതെന്നും ഇവര് പറയുന്നു. കേരളത്തില് ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു ധാരണയെന്നും സ്ത്രീകള്ക്ക് പ്രവേശനമുള്ള നിരവധി അയ്യപ്പ ക്ഷേത്രങ്ങള് ഉള്ളയതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീകള്ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങള് ഉണ്ടെന്ന് താനറിയുന്നത് ഈ ഹര്ജി നല്കിയതിന് ശേഷമാണെന്നും പ്രേരണ കുമാരി പറയുന്നു.
ഒരു മലയാളി അല്ലാത്തതിനാല് കേരളത്തിലെ ആചാരവും പാരമ്പര്യവും അറിയില്ലായിരുന്നു. വളരെ വൈകിയ വേളയിലാണ് ഇതെല്ലാം അറിയുന്നത്. ഈ വര്ഷം ഭരണഘടന ബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോളായിരുന്നു അത്. ഒരു ഭക്തയുടെ കത്ത് എനിക്ക് ലഭിച്ചു. അപ്പോഴാണ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാന് ആലോചിച്ചത്. ഈ ചെയ്യുന്നത് നീതിയല്ല എന്നെനിക്ക് തോന്നി. അതിലേറെ സ്ത്രീകളുടെ വികാരം കൂടിയാണ് നിലപാട് മാറ്റത്തിന് എന്നെ പ്രേരിപ്പിച്ചത്. കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയില് പോകാന് ആഗ്രഹിക്കുന്നവരാണ് എന്ന് കരുതിയാണ് ഞാന് സുപ്രീംകോടതിയില് വന്നത്. ഇപ്പോള് എനിക്കറിയാം കേരളത്തില് ധാരാളം സ്ത്രീകള് ആചാരവും പാരമ്പര്യവും സംരക്ഷിക്കാന് റോഡിലിറങ്ങിയിരിക്കുന്നു- ബിജെപി നേതാവ് സിദ്ധാര്ത്ഥ് ശംഭുവിന്റെ ഭാര്യയായ പ്രേരണ കുമാരി പറയുന്നു.
വിധി വരുന്നതിന് മുമ്പ് തന്റെ ഹര്ജി പിന്വലിക്കുന്നതിനെ കുറിച്ചും ആലോചിച്ചുവെന്നും താന് ജസ്റ്റിസ് ഇന്ദു മല്ഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് അംഗീകരിക്കുന്നതെന്നും ഇവര് പറയുന്നു
ആകെയുള്ള അഞ്ച് ഹര്ജിക്കാരില് താനും ലക്ഷ്മി ശാസ്ത്രിയും അല്ക ശര്മയും സുധാപാലും എല്ലാം മാറിയിട്ടും ഭക്തി സേഥി മാത്രം നിലപാടില് ഉറച്ചുനില്ക്കുന്നുവെന്നും പ്രേരണ കുമാരി ചൂണ്ടിക്കാട്ടി.
സതിയും ശൈശവ വിവാഹവും പോലെയല്ല ശബരിമല യുവതീ പ്രവേശനമെന്നും ഒരു സ്ത്രീ നാപ്കിനുമെടുത്ത് അയ്യപ്പ സന്നിധിയില് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രേരണ കുമാരി പറയുന്നു.
എന്നാല് ഈ വാദത്തെ എതിര്ത്ത് ഭക്തി സേഥി രംഗത്തെത്തി. യുവതീ പ്രവേശനത്തെ എതിര്ക്കുന്നവര് വേവിച്ചെടുത്ത വാര്ത്തയാണതെന്നും ആ സ്ത്രീ തന്നെ അത് നിഷേധിച്ച് രംഗത്ത് വന്നുവെന്നും ഭക്തി ചൂണ്ടിക്കാട്ടുന്നു. അയ്യപ്പ ഭക്തയായ ഒരാള് ശബരിമലയ്ക്ക് പോയാല് താന് അംഗീകരിക്കുമെന്ന് ഭക്തി പറയുമ്പോള്, തങ്ങള് അംഗീകരിക്കില്ല എന്നാണ് പ്രേരണ കുമാരിയും ലക്ഷ്മി ശാസ്ത്രിയും പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates