ഒരുതവണയെങ്കിലും പെറ്റിയടച്ചിട്ടുള്ളവര്‍ സ്‌കൂള്‍ ബസോടിക്കേണ്ട; ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെണ്‍കുട്ടിയാകരുത്: കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനാരിക്കെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനാരിക്കെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി പൊലീസ്. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവയ്ക്ക് ഒരു തവണയെങ്കിലും പിഴയടയ്ക്കപ്പെട്ടവരെ സ്‌കൂള്‍ ബസ് ഡ്രൈവറായി നിയോഗിക്കരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി. അഞ്ചു വര്‍ഷം ഹെവി വാഹനങ്ങള്‍ ഓടിച്ചുള്ള പരിചയവും സാധുവായ ലൈസന്‍സും നിര്‍ബന്ധം. 

സീബ്രാലൈന്‍ മുറിച്ചു കടക്കുക, ലൈന്‍ തെറ്റി വാഹനമോടിക്കുക എന്നീ കുറ്റങ്ങള്‍ക്ക് രണ്ടുവട്ടം പിഴയടച്ചവരെ ഡ്രൈവര്‍മാരാക്കരുത്.സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗരേഖയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. ഡ്രൈവറുടെ കാഴ്ചശക്തി വര്‍ഷംതോറും പരിശോധന നടത്തണം. ബസ് ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. സ്‌കൂള്‍ ബസില്‍ ഒരു ടീച്ചറെങ്കിലും യാത്ര ചെയ്യണം. കുട്ടികളെ സ്‌റ്റോപ്പുകളില്‍ ഏറ്റുവാങ്ങുന്നത് രക്ഷിതാക്കളാണെന്ന് ഉറപ്പാക്കണം. 

ബസിന് പരമാവധി വേഗം 40 കിലോമീറ്ററാണ്. ബസില്‍ യാത്രചെയ്യുന്ന കുട്ടികളുടെ ഹാജര്‍ രാവിലെയും വൈകിട്ടും രേഖപ്പെടുത്തണം. ബസില്‍ ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെണ്‍കുട്ടി ആകാത്ത തരത്തില്‍ റൂട്ട് ക്രമീകരിക്കണം.ക്രിമിനല്‍ കേസുകളില്‍പെട്ടവരെ സ്‌കൂള്‍ ജീവനക്കാരാക്കരുത്. എല്ലാ ജീവനക്കാരും പ്രവൃത്തി സമയങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് ധരിക്കണം. 

ജീവനക്കാരുടെ ഫോട്ടോയും ഒപ്പും ഉള്‍പ്പെടുന്ന ബയോഡേറ്റ സ്‌കൂളില്‍ സൂക്ഷിക്കണം. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റ് സജ്ജമാക്കണം. സ്‌കൂളിലെ കാമറാ ദൃശ്യങ്ങള്‍ 45 ദിവസമെങ്കിലും സൂക്ഷിക്കണം. സ്‌കൂള്‍ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അഗ്‌നിശമന വകുപ്പില്‍ നിന്ന് ആറ് മാസത്തിലൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടണം. കുട്ടിക്ക് സ്‌കൂളിലെത്താനായില്ലെങ്കില്‍ പ്രവര്‍ത്തനസമയം തുടങ്ങി 10 മിനിട്ടിനകം വിവരം മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കണം. ആബ്‌സന്റ് ആകുന്ന കുട്ടികളുടെ ലിസ്റ്റ് 15 മിനിട്ടിനകം ടീച്ചര്‍ സ്‌കൂള്‍ മേധാവിക്ക് കൈമാറണം. സ്‌കൂള്‍ മേധാവി മാതാപിതാക്കളെ വിവരമറിയിക്കണം- പൊലീസ് നിര്‍ദേശത്തില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com