ഡൽഹിയിൽനിന്ന് ഹരിയാനയും ഉത്തർപ്രദേശും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും കടന്ന് ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്‌നാട് വഴി കേരളത്തിലേക്ക് അവർ എത്തി. ഗ്രേറ്റർ നോയിഡയിലെ നവീൻ ആശുപത്രിയിൽനിന്ന് ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ വീട്ടിലേക്ക് എത്തിയപ്പോൾ ഗർഭിണിയായ വൃന്ദയും ഭർത്താവ് വിഷ്ണുവും പിന്നിട്ടത് 3061 കിലോമീറ്ററാണ്. മൂന്ന് ദിവസമെടുത്തായിരുന്നു ഇവരുടെ യാത്ര.
വൃന്ദയ്ക്കു ഡോക്ടർ പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഐസിയു സൗകര്യമുള്ള ആംബുലൻസിൽ ഇവർ യാത്രതിരിച്ചത്. മാർച്ച് 29 ഞായറാഴ്ച രാവിലെ യാത്ര തുടങ്ങിയ ഇവർ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ഇനി മൂന്നാഴ്ച സമ്പർക്ക വിലക്കാണ് നിർദേശിച്ചിരിക്കുന്നത്.
ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരാണ് ഇരുവരും. ഒരു മാസം മുൻപാണ് വൃന്ദ ഗർഭിണിയാണെന്നു മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മർദനമേൽക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോൾ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നോയിഡക്കാരായ രാജും സത്യവീറുമായിരുന്നു ഡ്രൈവർമാർ.1,20,000 രൂപയാണ് ആംബുലൻസ് വാടക. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ യാത്ര. വൃന്ദയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശദമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഇവർ കൈയിൽ കരുതിയിരുന്നു. ഇന്നലെ രാവിലെ വാളയാറെത്തിയപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ ആദ്യമായി ആംബുലൻസ് തടഞ്ഞത്. ഡൽഹിയിലേക്ക് മടങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടതെങ്കിലും കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ യാത്രാനുമതി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates