

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. സൗജന്യ റേഷന്‍ കിട്ടാത്തവര്‍ക്ക് 2000 രൂപ സഹായം നല്‍കുമെന്നും യോഗശേഷം മന്ത്രി പറഞ്ഞു.
ആശ്വാസ പ്രവര്‍ത്തനത്തിന് യോജിച്ച് നീങ്ങാനും യോഗം തീരുമാനിച്ചു. ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു.ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു.
ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങ് നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നടപ്പാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വാര്‍ഷിക പരീക്ഷ നേരിടാന്‍ പ്രത്യേക കോച്ചിങ് നല്‍കും.ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. 96 പേരെയാണ് കാണാനില്ലാത്തത്. ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.ചുഴലി മുന്നറിയിപ്പ് ലഭിച്ചശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ വിഭാഗങ്ങള്‍ എന്നിവയുമായി ജോയിച്ച് നല്ല ഏകോപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, തോമസ് ഐസക്, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എം.പി.മാരായ ശശിതരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, ഒ. രാജഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ.എസ്. ഹംസ,ജമീല പ്രകാശം, എ.എ. അസീസ്, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates