കൊച്ചി: ഓണക്കാലത്തോടനുബന്ധിച്ച് കോവിഡ് 19 വ്യാപനം വര്‍ധിക്കാതിരിക്കാന്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടത്തു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം. കടകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ പേരും ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം, തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം, ഓരോ കടകളിലും പ്രത്യേകം പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും കവാടങ്ങള്‍ ക്രമീകരിക്കണം, പ്രായമായതും ഗര്‍ഭിണികളും ആയ ജീവനക്കാരെ ഒഴിവാക്കണം, കടകളിലെ വെന്റിലേഷന്‍ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കടയുടമകള്‍ പാലിക്കണമെന്ന് കൊച്ചി താലൂക്കില്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കളക്ടര്‍ പ്രദീപ് പി.എ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശനമായ നിലപാടുകള്‍ വ്യാപാരികള്‍ കൈക്കൊള്ളണമെന്നും പശ്ചിമകൊച്ചിയില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അലംഭാവം ഉണ്ടാവരുതെന്നും പോലീസ് അധികാരികളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അറിയിച്ചു.
കോതമംഗലം താലൂക്കില്‍ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ജി.എസ്.ടി ഉദ്യോഗസ്ഥര്‍, പോലീസ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടിമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി സൂം മീറ്റിങ്ങ് നടന്നു. മൂവാറ്റുപുഴ താലൂക്കില്‍ തഹസില്‍ദാര്‍ കെ.എസ് സതീശന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
കച്ചവട സ്ഥാപനങ്ങളിലെ തിരക്കു നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെയും ജാഗ്രത പാലിക്കുന്നതിന്റെയും ഭാഗമായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) പി.ബി സുനിലാലിന്റെ അദ്ധ്യക്ഷതയില്‍ കുന്നത്തുനാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കണയന്നൂര്‍ താലൂക്കില്‍ ഗൂഗില്‍ മീറ്റ് വഴിയാണ് യോഗം നടന്നത്.
ആലുവ താലൂക്കില്‍ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സൂം മീറ്റിംഗിലൂടെ യോഗം ചേര്‍ന്നു. യോഗത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഡെപ്യൂട്ടി കളക്ടര്‍ മറുപടി നല്‍കി.
ബ്രോഡ് വേയിലെ നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ നടപടി വേണമെന്ന ആവശ്യവും എം ജി റോഡില്‍ പാര്‍ക്കിംഗ് ഒരു വശത്ത് മാത്രം ആക്കണമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. മത്സ്യ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനത്തിരക്ക് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും പരിശോധന നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഓണക്കാലത്ത് കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് കീഴിലുള്ള കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates