

കൊല്ലം: ബോട്ടില്‍നിന്നു പിടിവിട്ടു വീണ മത്സ്യത്തൊഴിലാളിയെ കടല്‍ കാത്തത് 18 മണിക്കൂര്‍. ആത്മവീര്യം ചോരാതെ നീന്തിയും തളര്‍ന്നപ്പോള്‍ അനങ്ങാതെ മലര്‍ന്നു കിടന്നും അലറി വിളിച്ചും കടലില്‍ കഴിഞ്ഞ സാമുവലിനെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയില്‍നിന്നു 10 പേരുമായി പോയ 'ദീപ്തി' എന്ന ബോട്ടിലെ തൊഴിലാളി ആലപ്പാട് അഖില്‍ നിവാസില്‍ സാമുവലാണു നടുക്കടലില്‍നിന്ന് അത്ഭുതകരമായി വീണ്ടും ജീവിതത്തിന്റെ കരപറ്റിയത്.
സംഭവത്തെ പറ്റി സാമുവല്‍ പറയുന്നു:ബോട്ടിന്റെ വശത്തെ പെട്ടിപ്പുറത്തായിരുന്നു എന്റെ ഉറക്കം. മറ്റുള്ളവരും ഉറക്കത്തില്‍. പുലര്‍ച്ചെ നാലോടെ തണുത്ത കാറ്റ് അടിച്ചപ്പോള്‍ അകത്തു കയറിക്കിടക്കാന്‍ എഴുന്നേറ്റു. പക്ഷേ, പിടിവിട്ടു വീണതു കടലില്‍.അലറിവിളിച്ചു. ആരും കേട്ടില്ല. ബോട്ട് മുന്നോട്ടുപോയി. പിന്നാലെ കുറേ നീന്തി. നനഞ്ഞുകുതിര്‍ന്ന വേഷവുമായി നീന്താന്‍ പറ്റാതായപ്പോള്‍ ബര്‍മുഡയും ടീഷര്‍ട്ടും ഊരിയെറിഞ്ഞു.നീന്തി നീന്തി കൈ തളര്‍ന്നു. പിന്നെ തിരകളില്‍ ബാലന്‍സ് ചെയ്ത് പൊങ്ങിക്കിടന്നു. പിന്നെ കുറച്ചുനേരം മലര്‍ന്നു നീന്തി. ഏതെങ്കിലും ബോട്ടിന്റെ ശ്രദ്ധയില്‍പ്പെടുമെന്നായിരുന്നു പ്രതീക്ഷ. കൈവിടരുതേയെന്നു പ്രാര്‍ഥിച്ചു.
ഒരു പകല്‍ മുഴുവന്‍ അങ്ങനെ. സൂര്യനെ നോക്കിയപ്പോള്‍ വൈകിട്ട് അഞ്ചായെന്നു തോന്നി. അപ്പോള്‍ പേടി തോന്നിത്തുടങ്ങി. ഒരു ബോട്ടും അടുത്തില്ല. കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ആരു കേള്‍ക്കാന്‍ ?. നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവര്‍ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകള്‍. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യം അവര്‍ കണ്ടു.
ആ ബോട്ട് സാമുവലിനെ രക്ഷിക്കുമ്പോള്‍ സമയം രാത്രി 10.30. കടലില്‍ വീണിട്ട് 18 മണിക്കൂര്‍ പിന്നിട്ടിരുന്നു. രാത്രി 12.30നു ബോട്ട് കരയ്‌ക്കെത്തി. അവശനായിരുന്ന സാമുവലിനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.ഈ സമയമത്രയും കോസ്റ്റ് ഗാര്‍ഡും ബോട്ടുകാരും കടലില്‍ സാമുവലിനെ തിരയുകയായിരുന്നു. എന്നാല്‍ വീണതെന്നു ബോട്ടുകാര്‍ അറിയിച്ച സ്ഥലം മാറിപ്പോയിരുന്നു. എങ്കിലും സാമുവലിന് ആശ്വാസം– ഞാനറിയുന്ന കടല്‍ എന്നെ കൈവിട്ടില്ലല്ലോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates