കൊച്ചി : ‘ഓപ്പറേഷൻ കിങ് കോബ്ര'യുടെ ഭാഗമായി പൊതുജനങ്ങൾക്ക് സിറ്റി പൊലീസ് കമീഷണറെ നേരിട്ടു വിളിച്ച് പരാതികളും വിവരങ്ങളും നിർദേശങ്ങളും കൈമാറുന്നതിനായി തുടങ്ങിയ ‘കണക്ട് ടു കമീഷണർ' പദ്ധതി വിജയത്തിലേക്ക്. കണക്ട് ടു കമ്മീഷണർ പദ്ധതിയുടെ 9497915555 എന്ന നമ്പറിലേക്ക് ആദ്യദിവസംതന്നെ രഹസ്യവിവരങ്ങളുടെ പ്രവാഹം. 187 രഹസ്യവിവരങ്ങൾ ഒറ്റദിവസംകൊണ്ട് ലഭിച്ചതായി പൊലീസ് അറിയിച്ചു.
കുറ്റകൃത്യങ്ങൾ തെളിയിക്കാനും കുറ്റവാളികളെ പിടികൂടാനും മയക്കുമരുന്ന് പിടിക്കാനും സാമൂഹ്യവിരുദ്ധരെ പിടിക്കാനും സഹായിക്കുന്നതുമായ തരത്തിലുള്ള വിവരങ്ങളായിരുന്നു ഏറെയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മയക്കുമരുന്നു കേസുകളിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. മുൻകരുതൽ നടപടികളുടെ ഭാഗമായി 47 പേർക്കെതിരെ നടപടിയെടുത്തു. 10 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
‘ഓപ്പറേഷൻ കിങ് കോബ്ര'യുടെ ഭാഗമായി ഫോർട്ട് കൊച്ചി ഷിഹാബ്, കൂവപ്പാടം രാധാകൃഷ്ണൻ, പള്ളുരുത്തി ലെസ‌്‌ലിൻ, പള്ളുരുത്തി നാസർ, ജോസ് എന്ന എബിൻ, സാന്തോം കോളനി ബഷീർ, പൊന്നുരുന്നി ശരൺ, പച്ചാളം ദിൽജിത്ത്, ആലപ്പുഴ ഫിലിപ്പ് എബ്രഹാം, വടുതല ഡൈൻ ജേക്കബ്, കിസൻ കോളനി ജോസി, തമ്മനം സിജു, വെണ്ണല ഡാനിയൽ, വെണ്ണല സുനീർ, പൈപ്പ്‌ലൈൻ നികേഷ്, ആലങ്ങാട് വിനോദ്, തമ്മനം കബീർകുട്ടി, അജിൻ പോൾ, വിഭാഷ്, സതീഷ്‌മേനോൻ, സജീഷ്, പ്രകാശൻ, ജിതിൻ, മാലാഖ സജി എന്ന സജി, സെൽവൻ, സുൽഫിക്കർ, ബിനു, തുടങ്ങി ഗുണ്ടാപ്രവർത്തനങ്ങളിലും സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന പിടികിട്ടാപ്പുള്ളികളായ 131 പേരെ അറസ്റ്റ് ചെയ്തു.
മോട്ടോർവാഹന നിയമങ്ങൾ തെറ്റിച്ചതിന് പതിനായിരത്തോളം കേസുകളാണ് ‘ഓപ്പറേഷൻ കിങ് കോബ്ര'യുടെ ഭാഗമായി രജിസ്റ്റർ ചെയ്തത‌്. 12,55,500 രൂപ പിഴ ഈടാക്കി. മയക്കുമരുന്നു വിൽപ്പനയ‌്ക്കും ഉപയോഗത്തിനുമായി 100 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഗുണ്ടകൾക്കെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒരാൾക്കെതിരെ കാപ്പ നിയമപ്രകാരവും 352 പേർക്കെതിരെ മറ്റു നിയമങ്ങൾ പ്രകാരവും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വാറന്റ‌് നിലവിലിരിക്കെ മുങ്ങിനടന്നിരുന്ന 882 പേരെ കണ്ടെത്തി അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates