കറന്‍സി ഉപയോഗിക്കുമ്പോള്‍ ഗ്ലൗസ് നിര്‍ബന്ധം; മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി  ബോധവത്കരണം

മാസ്‌ക് ധരിക്കാത്ത 3396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
കറന്‍സി ഉപയോഗിക്കുമ്പോള്‍ ഗ്ലൗസ് നിര്‍ബന്ധം; മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി  ബോധവത്കരണം
Updated on
1 min read

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ ബോധവല്‍കരണം നടത്തുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം നല്‍കി.

യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ മാസ്‌ക്ക് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം നടത്തും. കേരള പൊലീസ് ഇപ്പോള്‍ നടത്തിവരുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്ത 3396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരെ കേസ് എടുത്തു.
ലോക്ക്ഡൗണ്‍ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ജോലിയുള്ളവര്‍ തിരുവനന്തപുരത്തും മറ്റും വീടുകളില്‍ തുടരുന്നുണ്ട്. അവരുടെ വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ശേഖരിച്ച് പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ അവരെ ജോലിയുള്ള ജില്ലകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ ബ്ലോക്ക് തലത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയില്‍ രണ്ടുദിവസം വീതം കലക്ഷന്‍ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്‌റ്റോഫീസില്‍ തുക നിക്ഷേപിക്കുന്നതിനും അനുമതി നല്‍കും. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗം നിര്‍ബന്ധമാണ്. 65 വയസ്സ് കഴിഞ്ഞ ഏജന്റുമാര്‍ ഭവനസന്ദര്‍ശനം നടത്തരുത്.

ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനം ഇപ്പോള്‍ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സബ്‌സിഡികള്‍ തുടരാനാകില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.

കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയത്തില്‍ കൂടുതല്‍ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com