

കണ്ണൂര്‍: വിനോദ സഞ്ചാര കേന്ദ്രമായ കാനായി കാനത്ത് വിവാഹത്തിന്റെ ഓട്ട്‌ഡോര്‍ ചിത്രീകരണത്തിന് എത്തിയ സംഘത്തിന്റെ കാറുകള്‍ തകര്‍ത്ത് ക്യാമറയും വധുവിന്റെ സ്വര്‍ണാഭരണങ്ങളും ഡ്രസും പണവും കവര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കൂട്ടുപുഴ കച്ചേരിക്കടവിലെ ചാള്‍സ് കുര്യന്റെ വിവാഹ ഓട്ട്‌ഡോര്‍ ചിത്രീകരണത്തിന് പയ്യാവൂരിലെ ആല്‍ബ സ്റ്റുഡിയോയിലെ അരുണും ശ്രീകണ്ഠപുരത്തെ വിച്ചു വിഷ്വല്‍ സ്റ്റുഡിയോയിലെ പി വി ശ്രീജിത്തും 2 കാറുകളിലായാണ് കാനായി കാനത്ത് എത്തിയത്. റോഡരികില്‍ കാറുകള്‍ നിര്‍ത്തി കാനത്തിലെ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം നടത്തി തിരിച്ചു വന്നപ്പോഴാണ് 2 കാറുകളുടെയും ചില്ലുകള്‍ ഉടച്ച നിലയില്‍ കണ്ടത്.
ചാള്‍സിന്റെ കാറില്‍ നിന്ന് ഭാര്യയുടെ നാലു വളകളും ഒരു കമ്മലും ഉള്‍പ്പെടെ അഞ്ച് പവന്‍ സ്വര്‍ണാഭരണവും ഡ്രസുകളും 15,000 രൂപയും അടങ്ങിയ ബാഗും അരുണിന്റെ കാറില്‍ നിന്ന് ശ്രീജിത്തിന്റെ 80 ഡി കാനോന്‍ ക്യാമറയും 85 എംഎം ലെന്‍സും ഫ്‌ലാഷുകളും മെമ്മറി കാര്‍ഡുകളും ഉള്‍പ്പെടെ മോഷണം പോയി. 2 ബൈക്കുകളിലായി നാലംഗ സംഘത്തെ ഇവിടെ സംശയാസ്പദമായ നിലയില്‍ കണ്ടതായി വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികളുടെ സംഘം പറയുന്നുണ്ട്. ചിത്രീകരണത്തിനിടെ, ഈ നാലുപേര്‍ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് വന്നിരുന്നുവെന്നും അവര്‍ ഉടന്‍ തിരിച്ചു പോവുകയാണ് ഉണ്ടായതെന്നും കവര്‍ച്ചയ്ക്ക് ഇരയായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates