കൊച്ചി: കോവിഡ് പോസിറ്റിവ് ആയവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ ഇക്കാര്യം വെളിപ്പെടുത്താതെ താമസിക്കാനെത്തുന്നത് ഹോട്ടലുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കും വെല്ലുവിളിയാവുന്നു. കൊച്ചിയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിലെ ജീവനക്കാര്‍ മുറിയെടുത്തതു മൂലം വൈഎംസിഎ അടച്ചിടേണ്ടിവന്നത് ഇതിന് ഉദാഹരണമാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കല്യാണ്‍ ജ്വല്ലേഴ്‌സിലെ ഏതാനും ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നതിനാണ്, രണ്ടു പേര്‍ വൈഎംസിഎയില്‍ മുറിയെടുത്തത്. എന്നാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണന്ന കാര്യം ഇവര്‍ അറിയിച്ചില്ലെന്ന് വൈഎംസിഎ അധികൃതര്‍ പറഞ്ഞു. ''സെപ്റ്റംബര്‍ 30ന് ആണ് അവര്‍ മുറിയെടുത്തത്. കോവിഡ് പോസിറ്റിവ് ആണെന്ന് ഒക്ടോബര്‍ ഒന്നിന് അവര്‍ അറിയിച്ചു. ഇവിടെത്തന്നെ താമസിക്കാനും താത്പര്യപ്പെട്ടു. എന്നാല്‍ മറ്റ് താമസക്കാരും ഉള്ളതുകൊണ്ട് ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള സൗകര്യമില്ലെന്ന ഞങ്ങള്‍ അറിയിക്കുകയായിരുന്നു. അവര്‍ താമസിച്ചതിനാല്‍ വൈഎംസിഎ സമുച്ചയം ഒന്നാകെ അടച്ചിട്ട് അണുനശീകരണം നടത്തേണ്ടിവന്നു'' -അധികൃതര്‍ പറഞ്ഞു.
ചില ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എംജി റോഡ് ഷോറൂമിലെ മറ്റുള്ളവരോടു ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിച്ചിരുന്നതായി കല്യാണ്‍ ജ്വല്ലേഴ്‌സ് വക്താവ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അത്. പാലക്കാടുനിന്നും വടക്കന്‍ പറവൂരില്‍നിന്നും ഉള്ള രണ്ടു പേരാണ് വൈഎംസിഎയില്‍ മുറിയെടുത്തത്. ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള സൗകര്യം വീട്ടില്‍ ഇല്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്ന് വക്താവ് വിശദീകരിച്ചു. ക്വാറന്റൈനില്‍ കഴിയുന്നതിന് എന്ന് പറഞ്ഞുതന്നെയാണ് ജീവനക്കാര്‍ മുറിയെടുത്തത് എന്നാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് വക്താവ് പറയുന്നത്.
കുറച്ചു പേരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹോട്ടല്‍ വ്യവസായത്തിന് ആകെ ബാധിക്കുകയാണെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. താമസിക്കുന്ന ഒരാള്‍ പോസിറ്റിവ് ആയാല്‍ ഹോട്ടല്‍ മുഴുവന്‍ പത്തു ദിവസമെങ്കിലും അടച്ചിടേണ്ടി വരുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറഞ്ഞു. ''ചില ഹോട്ടലുകള്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നുണ്ട്. ക്വാറന്റൈനില്‍ പോവേണ്ടവര്‍ ഈ ഹോട്ടലുകളെ ആശ്രയിക്കുകയാണ് വേണ്ടത്.''- ജയപാല്‍ പറഞ്ഞു.
അതിഥികള്‍ ക്വാറന്റൈനില്‍ കഴിയുന്നതിനാണോ വരുന്നതെന്ന് പരിശോധിക്കാനാവില്ലെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സെക്രട്ടറി ജോ ജോസഫ് പറഞ്ഞു. താമസിക്കാന്‍ എത്തുന്നവരോട് കോവിഡ് പരിശോധനാ ഫലം ചോദിക്കുന്നതൊന്നും പ്രായോഗികമല്ല. പല ഹോട്ടലുകളും ഇപ്പോഴും അടഞ്ഞുകിടക്കുന്നതിന്റെ കാരണം ഇതൊക്കെതന്നെയാണെന്ന് ജോ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates