

കൊച്ചി: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നഗരത്തില്‍ പാഞ്ഞ ആറ് ബസുകള്‍ ജില്ലാ കളക്ടര്‍ കൈയോടെ പിടികൂടി. താക്കീതു നല്‍കി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവര്‍ത്തിച്ചാല്‍ 304 വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി.
സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആറ് ബസുകള്‍ കുടുങ്ങിയത്. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് കളക്ടര്‍ എസ്.സുഹാസ് വാഹന പരിശോധനക്ക് നേരിട്ടെത്തിയത്. വാഹന പരിശോധനക്ക് കളക്ടര്‍ എത്തിയപ്പോള്‍ തന്നെ വിവരം സ്വകാര്യ ബസുകള്‍ പരസ്പരം കൈമാറിയിരുന്നു. പിന്നീടു വന്ന ബസുകളെല്ലാം തന്നെ വാതില്‍ അടച്ചാണ് കടന്നു പോയത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡ് വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. വാതില്‍ അടക്കാതെ വരുന്ന ബസുകളുടെ വിവരങ്ങള്‍ ആരംഭത്തില്‍ തന്നെ കൈമാറിയിരുന്നു. ഇത്തരത്തില്‍ എത്തിയ ബസുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ ബസ്സുകളില്‍ വാതില്‍ പാളി തുറന്നു വച്ച് സര്‍വ്വീസ് നടത്തുന്നതിനാല്‍ യാത്രികര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ചെറുവട്ടൂരില്‍ ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചിരുന്നു. ഒരു മാസം മുമ്പ് കാക്കനാട്‌സ്വകാര്യ ബസിന്റ െ്രെഡവറുടെ ഭാഗത്തെ വാതില്‍ തുറന്നു വീണ് ടു വീലറില്‍ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
യാത്രക്കാരുടെ സുരക്ഷയില്‍ അലംഭാവം കാണിക്കുന്ന സ്വകാര്യ ബസുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കും. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കുവാന്‍ കളക്ടര്‍ ആര്‍.ടി.ഒ യ്ക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധനക്ക് എറണാകുളം ആര്‍.ടി.ഒ കെ. മനോജ് കുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ വിവിധ സ്‌ക്വാഡുകള്‍ക്കൊപ്പം പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates