കൊല്ലം : കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നതാണെന്ന് പൊലീസ് റിപ്പോർട്ട്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന് അർധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
സ്ത്രീധനപീഡനത്തിന് യുവതിയുടെ ഭർത്താവ് പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), ചന്തുലാലിന്റെ അമ്മ ഗീതാലാൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പഞ്ചസാരവെള്ളവും അരി കുതിർത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു.
2013-ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോൾമുതൽ രണ്ടുലക്ഷംരൂപ സ്ത്രീധനം നൽകണമെന്ന് ചന്തുലാൽ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. തുടർന്ന് ചന്തുലാലും അമ്മയും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാനോ പോലും അനുവദിച്ചിരുന്നില്ല. രണ്ടുവർഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കൾ എത്തിയാൽ കാണാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കൾ വന്നതിന്റെ പേരിൽ ഭർത്താവും മാതാവും ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. പ്രാക്കുളം കാഞ്ഞാവെളിയിൽ താമസിച്ചിരുന്ന ചന്തുലാലിന്റെ കുടുംബം രണ്ടുവർഷംമുൻപാണ് ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്.
തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തുലാലിന്റെ വീട്. ഗീതാലാൽ വീട്ടിൽ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദർശകർ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവർക്ക് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. പലപ്പോഴും വീട്ടിൽനിന്ന് ബഹളവും കരച്ചിലും കേട്ടിരുന്നതായി നാട്ടുകാരും വെളിപ്പെടുത്തി.
സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കൽ, ഭക്ഷണവും ചികിത്സയും നൽകാതിരിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ചന്തുലാൽ, ചന്തുലാലിന്റെ അമ്മ ഗീതാലാൽ എന്നിവരുടെ പേരിൽ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷമായി തുഷാരയെ ഭർത്താവും മാതാവും പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് യുവതിയുടെ സഹോദരനും ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates