

പറവൂര്‍: വരാപ്പുഴയിലെ കസ്റ്റഡി മരണത്തിനു പിന്നാലെ, കൊലപാതകക്കേസിലെ പ്രതി പിടിയിലായിട്ടും പൊലീസ് നടപടിയെടുക്കാതെ വെറുതെ വിട്ടതായി റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തെത്തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ നടപടി വന്ന പശ്ചാത്തലത്തിലാണ് കയ്യില്‍ കിട്ടിയ കൊലപാതക കേസ് പ്രതിയെ പൊലീസ് വെറുതെവിട്ടതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പറവൂര്‍ പറവൂത്തറ ഈരയില്‍ ഇപി ദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് വെറുതെ വിട്ടത്. ദാസനെ ഏപ്രില്‍ 21നാണ് കാണാതാകുന്നത്. കാണാതായതിനെ തുടര്‍ന്ന് മക്കള്‍ വടക്കേക്കര പൊലീസില്‍ പരാതി നല്‍കി. കാണാതാകുന്ന ദിവസം രാജേഷ് എന്നയാള്‍ ദാസനെ ഫോണില്‍ വിളിച്ച് ജോലിക്ക് എന്നു പറഞ്ഞ് ബൈക്കിനു പിന്നില്‍ കൂട്ടിക്കൊണ്ടുപോയ വിവരവും ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു.
ദാസന്റെ മക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ രാജേഷ് ദാസനെ ബൈക്കില്‍ പറവൂരില്‍ ഒരു ബാറിനു സമീപം കൊണ്ടുവന്ന ശേഷം തിരിച്ച് മാഞ്ഞാലി ഭാഗത്തേയ്ക്ക് കൊണ്ടുപോയതായ വിവരവും നല്‍കി. വിവിധ കടകളിലെ സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ച് അതു സംബന്ധിച്ച വിവരങ്ങളും സൂചനകളും ഇവര്‍ പൊലീസിന് കൈമാറി.
ഇതേത്തുടര്‍ന്ന് പൊലീസ് രാജേഷിനെ വിളിച്ച് ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായി സംസാരിക്കുന്നതായി കാട്ടി പറഞ്ഞുവിടുകയായിരുന്നു. ഇതിനിടെ രാജേഷ് പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. പൊലീസ് സ്‌റ്റേഷനിലും ഇയാള്‍ വരാപ്പുഴ കസ്റ്റഡിമരണം ചൂണ്ടിക്കാട്ടി പൊലീസുകാരില്‍ ഭീതിവിതച്ചു. ഇതോടെ ഈ കേസില്‍ രാജേഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുകയായിരുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍.
24ന് അത്താണി കുറുന്തിലത്തോട്ടില്‍ ചൂണ്ടയിടാന്‍ എത്തിയ ചിലരാണ് അഴുകിയ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരംവെട്ട് തൊഴിലാളിയായ രാജേഷ് അത്താണി ഭാഗത്തെ മരം ഡിപ്പോയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. ആളൊഴിഞ്ഞ സ്ഥലം മുന്‍കൂട്ടി കണ്ടുവച്ചാണ് ദാസനെ കൊണ്ടുപോയിട്ടുള്ളതെന്നാണ് പൊലീസിന്റെ നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates