

തിരുവനന്തപുരം : കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്കുകളിൽ ചീറിപ്പായുന്നവർക്ക് ഇനി പൂട്ടുവീഴും. ഇത്തരക്കാരെ പിടികൂടാൻ കർശനതീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഇരുചക്രവാഹനങ്ങൾ വ്യാപകമായതോടെ, അധികൃതർ നടത്തിയ പരിശോധനയിൽ ആലപ്പുഴയിലെ ചേർത്തലയിൽ നിന്നും നൂറിലധികം അനധികൃത സൈലൻസറുകൾ പിടിച്ചെടുത്തു.
വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന സൈലൻസർ മാറ്റി 5000 രൂപ വരെ വിലയുള്ള അനധികൃത സൈലൻസർ ഘടിപ്പിച്ച്, ശബ്ദമലിനീകരണമുണ്ടാക്കി പായുന്നവരാണ് കുടുങ്ങിയത്. ഇത്തരക്കാരെ പിടികൂടി 1000 രൂപ പിഴയീടാക്കുകയും വാഹനത്തിലെ സൈലൻസർ പിടിച്ചെടുക്കുകയുമാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ ചെയ്യുന്നത്.
വിദ്യാർഥിനികളും സ്ത്രീകളും ഓടിക്കുന്ന ഇരുചക്രവാഹനത്തിന് സമീപമെത്തി, ആക്സിലേറ്റർ കൂട്ടി ചെവിപൊട്ടുന്ന ശബ്ദത്തിൽ ശല്യമുണ്ടാക്കി പായുന്നവരെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. അപ്രതീക്ഷിതമായി വലിയ ശബ്ദം കേൾക്കുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടങ്ങളുമുണ്ടാകുന്നതും പതിവാണ്. ഇതേത്തുടർന്നാണ് അധികൃതർ പരിശോധന കർശനമാക്കിയത്.
ഇതുകൂടാതെ ഹെഡ്‍ലൈറ്റ് മാറ്റി പ്രകാശം കൂടിയത് വയ്ക്കുക, ഹാന്റിൽ ബാർ മാറ്റുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നുണ്ടെന്ന് ചേർത്തല എംവിഐ എം.ജി.മനോജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates