കാലഘട്ടത്തിലെ പെണ്ണവസ്ഥകളെ അടയാളപ്പെടുത്തുന്നു ഈ സിനിമകളെന്ന് ശാരദക്കുട്ടി

പ്രായോഗികമായി, യാഥാര്‍ഥ്യബോധത്തോടെ സംസാരിക്കുന്ന രണ്ടു പെണ്ണുങ്ങള്‍. കാലഘട്ടത്തിലെ പെണ്ണവസ്ഥകളെ അടയാളപ്പെടുത്തുന്നു. കൃത്യമായ നിലപാടുകളുള്ളവര്‍
കാലഘട്ടത്തിലെ പെണ്ണവസ്ഥകളെ അടയാളപ്പെടുത്തുന്നു ഈ സിനിമകളെന്ന് ശാരദക്കുട്ടി
Updated on
2 min read


കൊച്ചി: ഈടയിലെ അമ്മുവും കാര്‍ബണിലെ സമീറയും നല്ല ധൈര്യമുള്ള, മുദ്രാവാക്യം വിളി ഇല്ലാതെ കാര്യം പറയാനറിയുന്ന രണ്ടു മികച്ച പെണ്ണുങ്ങളാണെന്ന് ശാരദക്കുട്ടി. നമ്മുടെ ഇടയില്‍ അത്തരക്കാര്‍ ധാരാളമുണ്ടെന്നും പ്രായോഗികമായി, യാഥാര്‍ഥ്യബോധത്തോടെ സംസാരിക്കുന്ന ഈ കഥാപാത്രങ്ങള്‍ കാലഘട്ടത്തിലെ പെണ്ണവസ്ഥകളെ അടയാളപ്പെടുത്തുന്നുവെന്നും ശാരദക്കുട്ടി പറയുന്നു. 

വേണുവിന്റെ തന്നെ ദയയേക്കാള്‍ മുന്നറിയിപ്പിനേക്കാള്‍ മികച്ച സിനിമാനുഭവമായി കാര്‍ബണ്‍. ഓരോ ഫ്രെയിമിലും വേണുവിന്റെ ക്യാമറ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കാടിന്റെ ഉള്ളിലെ അനേകം കാടുകളെ അതനുഭവപ്പെടുത്തുന്നുണ്ട്. ആകാശങ്ങളുടെ അപ്പുറത്തുള്ള അനന്തമായ ആകാശങ്ങളെയും അതു കാണിച്ചുതരുന്നുണ്ട്.കപട ബുദ്ധിജീവിത്വം ഒന്നും കെട്ടിവെച്ചിട്ടില്ലാത്ത , വ്യാജ ഭാഷയില്ലാത്ത തിരക്കഥയിലെ ലാളിത്യം ആശ്വാസമായെന്നു പറയാതെ വയ്യെന്നും ശാരദക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ഈടയും കാര്‍ബണും.2018 ആദ്യമാസം തന്നെ നല്ല രണ്ടു സിനിമകള്‍ 

വേണുവിന്റെ തന്നെ ദയയേക്കാള്‍ മുന്നറിയിപ്പിനേക്കാള്‍ മികച്ച സിനിമാനുഭവമായി കാര്‍ബണ്‍. ഓരോ ഫ്രെയിമിലും വേണുവിന്റെ ക്യാമറ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കാടിന്റെ ഉള്ളിലെ അനേകം കാടുകളെ അതനുഭവപ്പെടുത്തുന്നുണ്ട്. ആകാശങ്ങളുടെ അപ്പുറത്തുള്ള അനന്തമായ ആകാശങ്ങളെയും അതു കാണിച്ചുതരുന്നുണ്ട്.

ഭാഗ്യനിധി തേടി പോകുന്ന സിബിയോട് ,അത്ര വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചു വെച്ചിട്ടില്ല എന്ന സമീറയുടെ വാചകമാണ് തിരക്കഥയിലെ ഒരു മികച്ച കാഴ്ചപ്പാടായി എനിക്കനുഭവപ്പെട്ടത്.പുതുമയൊന്നും പറയാനില്ലാത്ത സാധാരണ ഒരു വാചകം. പക്ഷേ, എന്റെ ജീവിതത്തിലെ ഭാഗ്യാന്വേഷണങ്ങള്‍ക്കിടയില്‍ ഈ വാചകം ഞാനെന്നും കൂടെ കൂട്ടാനായി തെരഞ്ഞെടുക്കുകയാണ്.

ഒരിക്കല്‍ നമ്മള്‍ ഉപേക്ഷിച്ച വഴിയിലൂടെ അന്വേഷണം തുടരണമെന്നും വഴികളില്‍ അടയാളം വെക്കാന്‍ മറക്കരുതെന്നും കൊടുക്കുന്ന മുന്നറിയിപ്പുകള്‍. ഭാഗ്യാന്വേഷിയുടെ പൊട്ടത്തരങ്ങള്‍ക്കു മേലെ വന്നു വീഴുന്ന സമീറയുടെ ഉറക്കെയുള്ള പൊട്ടിച്ചിരികള്‍ ഒക്കെ .. മംത മോഹന്‍ദാസിന്റെ ഒതുക്കമുള്ള അഭിനയമാണ് കൂടുതലിഷ്ടമായത്.

ഈടയിലെ അമ്മുവും കാര്‍ബണിലെ സമീറയും നല്ല ധൈര്യമുള്ള, മുദ്രാവാക്യം വിളി ഇല്ലാതെ കാര്യം പറയാനറിയുന്ന രണ്ടു മികച്ച പെണ്ണുങ്ങള്‍. നമ്മുടെ ഇടയില്‍ അത്തരക്കാര്‍ ധാരാളമുണ്ട്. പ്രായോഗികമായി, യാഥാര്‍ഥ്യബോധത്തോടെ സംസാരിക്കുന്ന രണ്ടു പെണ്ണുങ്ങള്‍. കാലഘട്ടത്തിലെ പെണ്ണവസ്ഥകളെ അടയാളപ്പെടുത്തുന്നു. കൃത്യമായ നിലപാടുകളുള്ളവര്‍.

കപട ബുദ്ധിജീവിത്വം ഒന്നും കെട്ടിവെച്ചിട്ടില്ലാത്ത , വ്യാജ ഭാഷയില്ലാത്ത തിരക്കഥയിലെ ലാളിത്യം ആശ്വാസമായെന്നു പറയാതെ വയ്യ. അല്പം കൂടി കെട്ടുറപ്പും എഡിറ്റിങും തിരക്കഥയില്‍ അത്യാവശ്യമായി ആകാമായിരുന്നു എന്ന് സിനിമ കാണുന്ന ഒരാളുടെ അവസ്ഥയില്‍ നിന്നു പറയാന്‍ തോന്നുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് അനുമാനിക്കാന്‍ ധാരാളം പഴുതുകള്‍ അവശേഷിപ്പിച്ചു കൊണ്ടുള്ള ക്ലൈമാക്‌സ്. സിനിമ തീരുന്ന രംഗത്തിലെ 'ഇതെടുക്കുമോ' എന്ന സിബിയുടെ ചോദ്യവും ആ ചോദ്യം ചോദിക്കുന്ന സമയത്തെ ഫഹദിന്റെ മുഖത്തെ വിസ്മയം നിറഞ്ഞ ഭാവവും ധാരാളം ആലോചനകള്‍ക്ക് അവസരം തരുന്നതായി. പലര്‍ക്കും പലതാകാവുന്ന ഒരു നല്ല സിനിമ.

ഒന്നുകൂടി കണ്ടാല്‍ മറ്റൊരു കാഴ്ച സാധ്യമായേക്കും എന്ന തോന്നല്‍ അവശേഷിക്കുന്നു. ഒന്നു കൂടി കാണണമെന്നു പറയുന്നത് സിനിമ കണ്ടു മതിയാകാത്തതു കൊണ്ടല്ല. കുറച്ചു കൂടി ശ്രദ്ധയോടെ കാണേണ്ട ചില രംഗങ്ങള്‍, ചില സംഭാഷണങ്ങള്‍, ചില ദൃശ്യങ്ങള്‍ അതിലുണ്ടായിരുന്നുവെന്നു തോന്നുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com