

കൊച്ചി : കാശുള്ളവന്‍ രക്ഷപ്പെട്ടുപോകുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ഇപ്പോള്‍ താന്‍ മാത്രമായെന്നും സുനി പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം കേസിലെ ഏഴു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനി അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കോടതി നീട്ടി. ഇതേത്തുടര്‍ന്ന് പ്രതികളെ ജയിലിലേക്ക് മാറ്റി. കേസില്‍ നടിയെ ആക്രമിച്ച് പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.
കേസിലെ വിചാരണയ്ക്ക് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ത്തു.
പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച അങ്കമാലി കോടതി ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു. ദിലീപ് സിനിമാ രംഗത്തെ ഉന്നതനായ വ്യക്തിയാണെന്നും, ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് പുറത്തുപോകാനുള്ള സാധ്യത ഏറെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടൊപ്പം എല്ലാ രേഖകളും വിട്ടുനല്‍കണമെന്ന ദീലീപിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates