'കിത്താബ്' ഉണ്ണി ആറിന്റെ കഥയുടെ നാടകാവിഷ്‌കാരമല്ല, 'വാങ്ക്' ആശയപ്രചോദനം മാത്രം; വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍

'കിത്താബ്' ഉണ്ണി ആറിന്റെ കഥയുടെ നാടകാവിഷ്‌കാരമല്ല, 'വാങ്ക്' ആശയപ്രചോദനം മാത്രം; വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍
'കിത്താബ്' ഉണ്ണി ആറിന്റെ കഥയുടെ നാടകാവിഷ്‌കാരമല്ല, 'വാങ്ക്' ആശയപ്രചോദനം മാത്രം; വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍
Updated on
2 min read

കോഴിക്കോട്: കിത്താബ് എന്ന നാടകം ആര്‍ ഉണ്ണിയുടെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്‌കാരമല്ലെന്ന വിശദീകരണവുമായി  മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കഥയിലെ വാങ്കുവിളിക്കുന്ന പെണ്‍കുട്ടി എന്ന ഒരാശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചത്. കേവലമായ ആശയ പ്രചോദനമാണ് നാടകത്തിന് കഥയുമായുള്ള ബന്ധമെന്ന് 
മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. നാടകാവതരണത്തിലൂടെ കഥാകൃത്തിനുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണക്കുറിപ്പ്: 

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്‌കൂള്‍ വിഭാഗം മലയാള നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള സമ്മാനവും നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വടകര മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 'കിത്താബ് ' എന്ന നാടകം പ്രശസ്ത കഥാകൃത്ത് ആര്‍. ഉണ്ണിയുടെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്‌കാരമല്ല . ആ കഥയിലെ വാങ്കുവിളിക്കുന്ന പെണ്‍കുട്ടി എന്ന ഒരാശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചത് .അഥവാ കേവലമായ ഈ ആശയ പ്രചോദനം മാത്രമാണ് 'കിത്താബി'ന് ഉണ്ണിയുടെ കഥയുമായുള്ള വിദൂര ബന്ധം . നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ് . അതു കൊണ്ടു തന്നെ ഈ നാടകം  ഒരു സ്വതന്ത്രരചനയാണ് . കഥയുടെ പ്രമേയതലത്തെ നാടക രചനയില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ആശ്രയിക്കാത്തതു കൊണ്ടാണ് നാടകാവതരണത്തിനു മുന്‍പ് കഥാകൃത്തിന്റെ അനുവാദം വാങ്ങാതിരുന്നത്.
എങ്കിലും ഈ നാടകാവതരണം കഥാകൃത്തിന് പല തരത്തില്‍ വിഷമം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങളിപ്പോള്‍ മനസ്സിലാക്കുന്നു . ഇക്കാര്യത്തില്‍ മേമുണ്ട  ഹയര്‍ സെക്കണ്ടറി സ്‌കൂളിനുള്ള നിര്‍വ്യാജമായ ഖേദം അദ്ദേഹത്തെ വിനയപൂര്‍വ്വം അറിയിക്കുന്നു.

നാടകത്തിന് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ കഥയുമായി ബന്ധമില്ലെന്നും തന്റെ അറിവില്ലാതെയാണ് 'വാങ്ക്' ആസ്പദമാക്കി നാടകം ചെയ്തിരിക്കുന്നതെന്നും നേരത്തെ ഉണ്ണി ആര്‍ വ്യക്തമാക്കിയിരുന്നു.

''വാങ്ക് എന്ന എന്റെ കഥയെ ആസ്പമദമാക്കിയാണ് നാടകം ചെയ്തതിരിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. എന്റെ കഥ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവുമായും അത് സംവദിക്കുന്ന കാര്യങ്ങളുമായും ഒന്നും ബന്ധമില്ലാതെ ഇസ്‌ലാമിനെ ഒരു പ്രാകൃതമതമായി ചിത്രീകരിക്കുന്ന തരത്തിലാണ് നാടകം വന്നിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്. ഇസ്‌ലാം മതത്തിന് എതിരെ നില്‍ക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്‌ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല, ഞാനത് തള്ളിക്കളയുന്നു''-അദ്ദേഹം സമകാലിക മലയാളത്തോട് വ്യക്തമാക്കി.

മറ്റൊന്ന് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ അനുവാദമില്ലാതെയാണ് നാടകം ചെയ്തിരിക്കുന്നത്. ഒരുകാരണവശാലും സംസ്ഥാന കലോത്സവത്തില്‍ എന്റെ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുത് എന്ന് ഞാന്‍ ഡിപിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഞാന്‍ ഇസ്‌ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. നാടകത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന മതമൗലികവാദികളുടെ പ്രതിഷേധത്തോട് യോജിപ്പില്ല. കാരണം അവര്‍ ഇസ്‌ലാം മതത്തിന്റെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണ്. ലോകമെമ്പാടുമുള്ള ഒരു ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുത്. എന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല, നാടകം പറയുന്നത്. എന്റെ കഥയെ ആര്‍ക്കും എടുത്ത് എന്തും ചെയ്യാം എന്നത് സമ്മതിച്ചുകൊടുക്കില്ലഅദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com