

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ വധക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയതാകാമെന്ന് സൂചന. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒളിവില്‍ കഴിയുകയായിരുന്ന ഹരികുമാര്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തി പൊലീസില്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹരികുമാര്‍ നല്‍കിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് ഡിവൈഎസ്പിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ഹരികുമാറിനെ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ചായ്പ്പില്‍ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. സനല്‍ വധക്കേസില്‍ ഡിവൈഎസ്പി ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് ബന്ധുക്കള്‍ വീടുമാറിയതായാണ് വിവരം. അതേസമയം കേസില്‍ കുരുക്ക് മുറുകുന്നതായുളള മനോവിഷമത്തില്‍ ഹരികുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനിടെ ഹരികുമാര്‍ കേരളത്തില്‍ എത്തുമെന്ന് അറിഞ്ഞിട്ടും ഇദ്ദേഹത്തെ ജീവനോടെ പിടികൂടാന്‍ കഴിയാതിരുന്നത് പൊലീസിന്റെ വീഴ്ചയായും വിലയിരുത്തുന്നുണ്ട്.
ഒരാഴ്ച മുന്‍പ് നെയ്യാറ്റിന്‍കരയില്‍ വച്ച് സനല്‍കുമാറിനെ വണ്ടിയുടെ മുന്‍പിലേക്ക് മനഃപൂര്‍വ്വം തളളിയിട്ട് ഡിവൈഎസ്പി കൊന്നു എന്നതായിരുന്നു കേസിന് ആധാരം. ഇതുസംബന്ധിച്ച് ക്രൈബ്രാഞ്ചിന്റെ വിശദീകരണവും ഡിവൈഎസ്പിക്കെതിരായ നടപടി കടുപ്പിക്കുന്നു എന്ന് സൂചന നല്‍കുന്നതാണ്. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ഡിവൈഎസ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് ഹരികുമാറിന്റെ ആത്മഹത്യ. കോടതിയില്‍ നിന്ന് തനിക്ക് പ്രതികൂലമായ തീരുമാനമാകും ഉണ്ടാവുക എന്ന് മുന്‍കൂട്ടി കണ്ട് മനോവിഷമത്തില്‍ ഇദ്ദേഹം ആത്മഹത്യ ചെയ്തതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സനല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഹരികുമാര്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. അന്വേഷണസംഘത്തെ വെട്ടിക്കാന്‍ ഇടയ്ക്കിടെ താവളം മാറിക്കൊണ്ടിരുന്ന ഹരികുമാര്‍ മിക്ക സമയങ്ങളിലും യാത്രയിലായിരുന്നു. ഇദ്ദേഹത്തിന് ഒളിത്താവളം ഒരുക്കാന്‍ കൂടുതല്‍ പേരുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രതിയെ പിടികൂടുന്നതിനുളള നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കവേയാണ് ഹരികുമാറിന്റെ ആകസ്മികമായ മരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates