കുടുംബത്തിലെ ഏക വരുമാനം തൊഴിലുറപ്പില്‍ നിന്ന്; ജോലി നിര്‍ത്തി രാത്രി രണ്ട് മണിവരെ പഠനം; പ്രതീക്ഷിച്ചത് മെച്ചപ്പെട്ട റാങ്കെന്ന് ശ്രീധന്യ 

'എപ്പോഴും കുത്തിയിരുന്നു പഠിക്കുന്ന ശീലമില്ലായിരുന്നു, കൃത്യമായ ടൈംടേബിള്‍ സെറ്റ് ചെയ്തുമല്ല പഠിച്ചിരുന്നത്.'
കുടുംബത്തിലെ ഏക വരുമാനം തൊഴിലുറപ്പില്‍ നിന്ന്; ജോലി നിര്‍ത്തി രാത്രി രണ്ട് മണിവരെ പഠനം; പ്രതീക്ഷിച്ചത് മെച്ചപ്പെട്ട റാങ്കെന്ന് ശ്രീധന്യ 
Updated on
2 min read

ത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വയനാടിന് അഭിമാനിക്കാന്‍ ഒരു കാരണമുണ്ട്. കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യയാള്‍ ഒരു വയനാട്ടുകാരിയാണ്, ശ്രീധന്യ. 

ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഇന്റര്‍വ്യൂനായി ശ്രീധന്യയെ വിളിച്ചു. വിജയാഘോഷങ്ങള്‍ക്ക് നടവില്‍ നിലയ്ക്കാത്ത ഫോണ്‍വിളികളാണ് ശ്രീധന്യയ്ക്ക്. ക്യൂവിലാണെങ്കിലും ശ്രമം തുടര്‍ന്നു, ഒടുവില്‍ അങ്ങേതലയ്ക്കല്‍ ശ്രീധന്യയുടെ ശബ്ദം. സമയം രാത്രി പത്ത് മണി കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഫോര്‍ച്യൂണ്‍ അക്കാഡമിയിലാണ് ശ്രീധന്യ. വിജയം നേടാനായതിന്റെ സന്തോഷം ഒട്ടുംതന്നെ മറച്ചുവയ്ക്കാതെയാണ് സംസാരിച്ചുതുടങ്ങിയത്. പക്ഷെ സിവില്‍ സര്‍വീസ് നേട്ടം സമ്മാനിച്ച തിരക്കിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല. 

ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ടൂറിസം പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് ആദ്യമായി സിവില്‍ സര്‍വീസ് എന്ന മോഹമുദിക്കുന്നത്. അന്നത്തെ സബ്കളക്ടര്‍ ശ്രീറാം സാംബ്ബശിവന്‍ റാവുവാണ് ഈ ആഗ്രഹത്തിന് പിന്നില്‍. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു പരിപാടിയുടെ ഭാഗമായി ശ്രീറാം ഐഎഎസ് എത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ആദരവും ബഹുമാനവുമാണ് ശ്രീധന്യയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് എന്ന ചിന്തയുണ്ടാക്കിയത്. പിന്നെ, രണ്ട് വര്‍ഷം ആ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമമായിരുന്നു. സിവില്‍ സര്‍വീസ് നേടാനുള്ള തയ്യാറെടുപ്പുകള്‍ എന്തായിരുന്നു എന്ന ചോദ്യത്തിന് ചെറുപ്പം മുതല്‍ തുടര്‍ന്നുപോന്ന വായന എന്നായിരുന്നു ശ്രീധന്യയുടെ മറുപടി. 'എപ്പോഴും കുത്തിയിരുന്നു പഠിക്കുന്ന ശീലമില്ലായിരുന്നു, കൃത്യമായ ടൈംടേബിള്‍ സെറ്റ് ചെയ്തുമല്ല പഠിച്ചിരുന്നത്. കൂടുതലും രാത്രിയില്‍ ഉണര്‍ന്നിരുന്നായിരുന്നു പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്. പുലര്‍ച്ചെ രണ്ട് മണിവരെ തുടര്‍ന്നുപോന്ന പഠനം', ശ്രീധന്യ പറഞ്ഞു.

വയനാട് പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ. അച്ഛന്‍ സുരേഷും അമ്മ കമലയും കൂലിപ്പണിക്കാരാണ്. തൊഴിലുറപ്പിന് പോയി ലഭിക്കുന്ന കൂലിയാണ് ഏക വരുമാനം. ശ്രീധന്യയെ കൂടാതെ ചേച്ചി സുഷിതയും അനിയന്‍ ശ്രീകാന്തുമുണ്ട് വീട്ടില്‍. ജോലി ഉപേക്ഷിച്ചാണ് സിവില്‍ സര്‍വീസ് ലക്ഷ്യം പിന്തുടരാന്‍ ശ്രീധന്യ ഇറങ്ങിത്തിരിച്ചത്. വീട്ടില്‍ എല്ലാവരിലും നിന്ന് പൂര്‍ണ്ണ പിന്തുണയും. സാമ്പത്തികം തന്നെയായിരുന്നു നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ടെന്ന് ശ്രീധന്യ പറയുന്നു. ഒരുപാടുപേരുടെ സഹായമാണ് ഈ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചതെന്ന് ശ്രീധന്യ കൂട്ടിച്ചേര്‍ത്തു. 

മലയാളമാണ് പരീക്ഷയില്‍ ഐശ്ചിക വിഷയമായി ശ്രീധന്യ തിരഞ്ഞെടുത്തത്. ചെറുപ്പം മുതല്‍ മലയാളത്തോടുള്ള പ്രിയം തന്നെയാണ് ഇതിന് കാരണവും. മൂന്നാം ശ്രമത്തിലാണ് സിവില്‍ സര്‍വീസിന്റെ ആദ്യ ഘട്ടം താണ്ടിയത്. ഇന്റര്‍വ്യൂ അഭിമുഖീകരിച്ച ആദ്യ വര്‍ഷം തന്നെ നേട്ടത്തിലേക്കെത്തുകയും ചെയ്തു. വയനാടുകാരി ആയതുകൊണ്ടുതന്നെ പ്രളയമായിരുന്നു അഭിമുഖത്തില്‍ നേരിട്ട ചോദ്യങ്ങളിലൊന്ന്. പൊതു ചോദ്യങ്ങളും അഭിപ്രായം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും നേരിട്ട് അവസാന ഘട്ടവും പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ മികച്ച റാങ്ക് തന്നെ പ്രതീക്ഷിച്ചിരുന്നു. ആദ്യ നൂറില്‍ ഇടം നേടാനാകുമെന്നായിരുന്നു പ്രതീക്ഷ. അത് ലഭിക്കാതെപോയതിലുള്ള നിരാശ ശ്രീധന്യ മറച്ചുവയ്ക്കുന്നുമില്ല. 

സ്‌കോളര്‍ഷിപ്പുകളും സ്‌കൂളില്‍ നിന്നുള്ള ധനസഹായവും ലഭിച്ചിരുന്നതുകൊണ്ട് പത്താം ക്ലാസ്സുവരെ വിദ്യാഭ്യാസത്തിന് പ്രശ്‌നമുണ്ടായില്ല. നല്ല മാര്‍ക്കോടെ പത്തും പന്ത്രണ്ടും പാസായതുകൊണ്ടുതന്നെ പിന്നീടുള്ള വിദ്യാഭ്യാസത്തില്‍ അത് ഗുണകരമായി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷയെന്ന സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചത്. 

'ഇത്രയധികം ഐഎഎസ്സുകാര്‍ ഉണ്ടായിട്ടും ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും ഈ നേട്ടത്തിലേക്കെത്തിയിട്ടില്ല, അതുകൊണ്ട് ആദിവാസികള്‍ക്കും അത് സാധിക്കുമെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. ഇതെനിക്ക് പറ്റിയ മേഖലയല്ല, എനിക്ക് ഇത്രയും ഉയരത്തിലെത്താന്‍ പറ്റുമോ തുടങ്ങിയ സംശയങ്ങളാണ് പലരെയും ഇതില്‍ നിന്ന് പിന്നോട്ട് നിര്‍ത്തുന്നത്. പക്ഷെ ദൃഢനിശ്ചയമുണ്ടെങ്കില്‍ ആര്‍ക്കും പറ്റാവുന്ന ഒന്നാണ് സിവില്‍ സര്‍വീസ'്, ശ്രീധന്യ പറഞ്ഞുനിര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com