

കാടാമ്പുഴ: സമൂഹത്തെ അന്ധവിശ്വാസ മുക്തമാക്കുക എന്ന സന്ദേശവുമായി വളാഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാനവം സ്വതന്ത്ര ചിന്താവേദി കാടാമ്പുഴയില്‍ സംഘടിപ്പിച്ച പരിപാടി മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് തടസ്സപ്പെട്ടു. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സംഘടിപ്പിച്ച കൂടോത്രം പരിപാടിയാണ് ഒരു കൂട്ടം ആളുകളുടെ അക്രമണഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയത്.
ഇന്നലെ കാടാമ്പുഴ ഗ്രൗണ്ടിലായിരുന്നു സംഭവം. കൂടോത്രം പരിപാടിയുടെ ഭാഗമായി ബോധവത്ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടെ വിവിധ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ പ്രചരണാര്‍ത്ഥം നേരത്തെതന്നെ പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ മതവികാരം വ്രണപ്പെടുത്തുന്ന വാക്കുകള്‍ ഉണ്ടെന്ന് ആരോപിച്ച് മുപ്പതിലേറെ വരുന്ന സംഘം പരിപാടി നടക്കുന്നിടത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. പരിപാടി നടത്തിയാല്‍ കായികമായി നേരിടുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയതായി മാനവം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതിനിടെ വേദിക്ക് സമീപമുളള ബോര്‍ഡുകള്‍ ഇവര്‍ നശിപ്പിച്ചു. അതേസമയം അക്രമഭീഷണി മുഴക്കിയവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മാനവം പ്രവര്‍ത്തകര്‍ കാടാമ്പുഴയില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി.
കാടാമ്പുഴയില്‍ മാനവം സ്വതന്ത്ര ചിന്താവേദി സംഘടിപ്പിച്ച ശാസ്ത്ര പ്രചാരണം പരിപാടി തടസ്സപ്പെടുത്തിയതില്‍ യുക്തിവാദി സംഘം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യം, സ്വതന്ത്ര ചിന്ത തുടങ്ങിയവ ഇല്ലായ്മ ചെയ്യുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രകോപനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന്് യുക്തിവാദി സംഘം സംസ്ഥാന സമിതിയംഗം എ കെ വിനോദ് സമകാലിക മലയാളത്തോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates