തിരുവനന്തപുരം : കുട്ടനാട്, ചവറ നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
നിയമസഭ സീറ്റില്‍ ഒഴിവുണ്ടായാല്‍ ആറുമാസത്തിനകം ഒഴിവു നികത്തണമെന്നാണ് ചട്ടം. കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ മരണത്തോടെയുള്ള ഒഴിവുണ്ടായിട്ട് ആറുമാസം കഴിഞ്ഞു. കോവിഡ് അടക്കമുള്ള കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്. ഇപ്പോള്‍ കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍, ജയിക്കുന്ന ജനപ്രതിനിധിക്ക് മൂന്നു പൂര്‍ണമാസം മാത്രമേ പ്രവര്‍ത്തിക്കാന്‍ ലഭിക്കു. അതുകൊണ്ട് യാതൊരു ഫലവുമില്ല. കൂടാതെ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന നടപടിയുമാകും അതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാത്രവുമല്ല, കോവിഡ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് നാമിപ്പോള്‍. സംസ്ഥാനത്ത് ഇന്നലെ 3300 ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്ക വ്യാപനം 90 ശതമാനത്തിലേറെയാണ്. അതും പ്രാഥമിക സമ്പര്‍ക്കം വഴിയുള്ളത്. ഈ സാഹചര്യത്തില്‍ മൂന്നുമാസത്തേക്ക് മാത്രമായി ഉപതെരഞ്ഞെടുപ്പ് വേണോയെന്നാണ് സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ് എത്തിച്ചേര്‍ന്നത്. കുട്ടനാട്ടിലും ചവറയിലും ഇനി നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഇലക്ഷന്‍ നടത്തിയാല്‍ മതിയെന്നാണ് ധാരണയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ധാരണയായതുപോലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തീരുമാനിക്കാനാവില്ല. ഇത് അഞ്ചുവര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ളതാണ്. തദ്ദേശതെരഞ്ഞെടുപ്പിലും കോവിഡ് വെല്ലുവിളിയല്ലേ എന്നു ചിലര്‍ ഉന്നയിച്ചേക്കാം. ആ സംശയം ന്യായമാണ്. എന്നാല്‍ സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനാബാധ്യതയുണ്ട്. അഞ്ചുവര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതും മൂന്നുമാസത്തേക്ക് ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും താരതമ്യം ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എങ്കിലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യം പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് അല്‍പ്പമൊക്കെ മാറ്റുന്നത് പരിഗണിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. യോഗത്തില്‍ വന്ന അഭിപ്രായവും അതാണ്. ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതി പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് അല്‍പ്പകാലത്തേക്ക് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് ധാരണയായത്. അനൗചിത്യം ആയതിനാല്‍ തെരഞ്ഞെടുപ്പ് സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഒരു നിര്‍ദേശവും വെക്കുന്നില്ല. സാഹചര്യങ്ങള്‍ പഠിച്ചശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates