തൃശ്ശൂര്‍: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന മോഹിനിയാട്ടം ഗിന്നസ് റെക്കോഡിലേക്ക്. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലാണ് ശ്രീനാരായണഗുരുവിന്റെ കൃതിയായ 'കുണ്ഡലിനിപ്പാട്ടി'ന് മോഹിനിയാട്ടം നൃത്താവിഷ്‌കാരം അരങ്ങേറിയത്. കേരളത്തിനകത്തും പുറത്തും നിന്ന് ജാതിമതഭേദമെന്യേ അയ്യായിരത്തിലധികം നര്‍ത്തകിമാരാണ് മോഹിനിയാട്ടത്തില്‍ പങ്കെടുത്തത്.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുസന്ദേശം ഉള്‍ക്കൊണ്ട 'ഏകാത്മകം മെഗാ ഈവന്റി'ലാണ് മെഗാമോഹിനിയാട്ടം അരങ്ങേറിയത്. കുണ്ഡലിനിപ്പാട്ടിലെ 'ആടുപാമ്പേ പുനം തേടു പാമ്പേ...' വരികളോടെ തുടക്കമിട്ട മോഹിനിയാട്ടം നൃത്താവിഷ്‌കാരം ആസ്വദിക്കാന്‍ വന്‍ ജനസാഗരമാണ് തേക്കിന്‍കാട് മൈതാനത്ത് എത്തിയത്.
പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഡോ. ധനുഷാ സന്യാലാണ് നര്‍ത്തകിമാരെ പരിശീലിപ്പിച്ചത്. സംഗീത സംവിധായകനും വയലിനിസ്റ്റുമായ ഇടപ്പള്ളി അജിത്കുമാറിന്‍രേതായിരുന്നു സംഗീതം. പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണനായിരുന്നു പാടിയത്. നൃത്താവിഷ്‌കാരം അവസാനിച്ചതിനുശേഷം മന്ത്രരൂപത്തിലാക്കിയ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' ഗുരുസന്ദേശം ആറ് ഭാഷകളിലായി ചൊല്ലി. സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറാണ് ഇത് ചിട്ടപ്പെടുത്തിയത്.
നൃത്താവിഷ്‌കാരം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കുണ്ഡലിനിപ്പാട്ടിന്റെ ആന്തരാര്‍ഥം ഉള്‍ക്കൊള്ളാനും സ്വന്തം ജീവിതത്തില്‍ പാലിക്കാനും സാധിച്ചാല്‍ അത് ഗുരുദേവനോടുള്ള ആദരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്വാമി വിശുദ്ധാനന്ദ, മന്ത്രിമാരായ വിഎസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ്, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, ശ്രീനാരായണദര്‍ശനപഠനകേന്ദ്രം രക്ഷാധികാരി പ്രീതി നടേശന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates