കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 

കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 
വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം
വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം
Updated on
2 min read

കൊച്ചി: പ്രിന്‍സിപ്പല്‍ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്ന് ആരോപിച്ച് പുളിങ്കുന്ന് കുസാറ്റ് എന്‍ജിനിയറിങ് കോളജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ അതിനു പിന്നിലെ വസ്തുത ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള. കോളജില്‍ ഏതോ ഒരു ബാങ്കിംഗ് സംഘടന ഡിജിറ്റല്‍ ബാങ്കിംഗിനെപ്പറ്റി ഒരു ക്ലാസ് എടുക്കാന്‍ ഹാള്‍ ചോദിക്കുന്നു, പ്രിന്‍സിപ്പാള്‍ അനുവാദം കൊടുക്കുന്നു. ഇടവേളയ്ക്ക് സംഘാടകര്‍ കട്‌ലറ്റ് വിതരണം ചെയ്തതില്‍ പ്രിന്‍സിപ്പല്‍ എന്തു പിഴച്ചു എന്നാണ്, സഹപാഠി കൂടിയായ പ്രിന്‍സിപ്പല്‍ ഡോ. എന്‍ സുനില്‍ കുമാറിന്റെ നിരപരാധിത്വം വ്യക്തമാക്കിക്കൊണ്ട് സുരേഷ് സി പിള്ള ചോദിക്കുന്നത്. 

സുരേഷ് സി പിള്ളയുടെ കുറിപ്പ് ഇങ്ങനെ: 

സുനില്‍ എന്നും ഒരു അത്ഭുതം ആയിരുന്നു.

ചങ്ങനാശ്ശേരി NSS കോളേജില്‍ പ്രീഡിഗ്രി പഠിക്കുമ്പോള്‍ ഉള്ള എന്റെ സഹപാഠി ആയിരുന്നു സുനില്‍.

ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദിവസവും സൈക്കിള്‍ ചവിട്ടിയാണ് സുനില്‍ കോളേജില്‍ വന്നിരുന്നത്. നാരകത്തറ (കാവാലം) ചങ്ങനാശ്ശേരി റോഡൊന്നും അന്ന് ഇന്നത്തെപോലെ വികസിച്ചിട്ടില്ല.

ബോട്ടുകള്‍ സമയത്തിന് കാണില്ല. അപ്പോള്‍ ആകെ ആശ്രയം സൈക്കിള്‍.

ആ BSA പച്ചക്കളര്‍ ഉള്ള സൈക്കിള്‍ ഇപ്പോളും ഓര്‍മ്മയില്‍ ഉണ്ട്.

സൗമ്യന്‍, പഠിക്കാന്‍ അതി സമര്‍ത്ഥന്‍; മനസ്സു നിറച്ചു സ്‌നേഹവും, മുഖത്തു വിടരുന്ന പുഞ്ചിരിയും, ഇത്രയും പറയുമ്പോളേക്കും നിങ്ങള്‍ക്ക് സുനിലിനെക്കുറിച്ചൊരു ഏകദേശ ചിത്രം കിട്ടിക്കാണും.

ദിവസവും ഇത്രയും ദൂരം യാത്ര ചെയ്തിട്ട് എങ്ങിനെയാണ് ഇദ്ദേഹം പഠിക്കുന്നത് എന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്.

സുനില്‍ ചങ്ങനാശ്ശേരി NSS കോളേജില്‍ നിന്നും പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലേക്കും, പിന്നെ M. Tech ചെയ്യുവാന്‍ തിരുവനന്തപുരത്തെ CET യിലേക്കും തന്റെ അക്കാഡമിക് യാത്രകള്‍ തുടര്‍ന്നു.

അവിടം കൊണ്ടും പഠനം നിര്‍ത്തിയില്ല. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഗവേഷണ സ്ഥാപനമായ IISc (Indian Institute of Science, Bangalore) യില്‍ നിന്നും ഗോള്‍ഡ് മെഡലോടെ (Best Thesis Award) computational Mechanics ല്‍ PhD കരസ്ഥമാക്കി.

വിദേശത്ത് എവിടെ ചെന്നാലും ഉന്നത ജോലി കിട്ടാനുള്ള സാധ്യതകള്‍ ഉണ്ടായിട്ടും അദ്ദേഹം തന്റെ ഗവേഷണ അദ്ധ്യാപന മേഖലയായി കേരളം തിരഞ്ഞെടുത്തു.

വര്‍ഷങ്ങള്‍ കൂടി സുനിലിനെ കാണുന്നത് 2013 ലാണ്.

അന്ന് അദ്ദേഹം CUSAT ല്‍ പ്രൊഫസ്സര്‍ ആണ്.

അന്നത്തെ കൂടിക്കാഴ്ചയില്‍ പഴയ സഹപാഠികളുമായി ചേര്‍ന്ന് ചങ്ങനാശ്ശേരി കോണ്‍ടൂര്‍ റിസോര്‍ട്ടില്‍ കുറെ സമയം ചിലവഴിച്ചു.

പിന്നെ നാട്ടില്‍ പോകുമ്പോളെല്ലാം സുനിലിനെ കാണും.

ഒരു അടുത്ത കൂട്ടുകാരനായി എല്ലാ കാര്യങ്ങള്‍ക്കും കൂടെ ഉണ്ടാവും. തന്മാത്രം പുസ്തക പ്രകാശനത്തിനും എന്റെ കൂടെ സുനിലും ഉണ്ടായിരുന്നു.

2015 ല്‍ CUSAT ഉളള ഒരു മീറ്റിങ്ങും കഴിഞ്ഞു ഞങള്‍ നാല് പഴയ പ്രീഡിഗ്രി സുഹൃത്തുക്കള്‍ (സുനില്‍, നിഷ, ദിനേശ്) കൊച്ചിയില്‍ ഒബ്‌റോണ്‍ മാളിലുള്ള ദോശക്കടയില്‍ നാല് മണിക്കൂറോളം സംസാരിച്ചിരുന്നു. ആഹാരം കഴിച്ചത് പോലും അറിഞ്ഞില്ല.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ഒരു സായാഹ്നമായിരുന്നു അത്.

ഓരോ പ്രാവശ്യം സുനിലിനെ കാണുമ്പോളും ഓരോ പാഠങ്ങള്‍ എനിക്ക് പഠിക്കാനുണ്ടാവും.

കേരളത്തിലെ കുട്ടികള്‍ എല്ലാവരും അറിയേണ്ട ഒരു വ്യക്തിത്വമാണ് ഡോ. N. സുനില്‍ കുമാര്‍.

അദ്ദേഹത്തിന്റെ അക്കാഡമിക് മികവു മാത്രമല്ല, അര്‍പ്പണ ബോധവും, കഠിനാധ്വാനവും, സൗമ്യതയും എല്ലാം എടുത്തു പറയേണ്ട കാര്യങ്ങള്‍ തന്നെ.

ഡോ. N. സുനില്‍ കുമാര്‍ ഇപ്പോള്‍ CUSAT ന്റെ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ആണ്.

ഇപ്പോള്‍ അദ്ദേഹത്തെപ്പറ്റി പറയാന്‍ ഒരു കാരണം ഉണ്ട്.

നിങ്ങളൊക്കെ ഒരു പക്ഷെ പത്രത്തില്‍ വായിച്ചു കാണും, വാര്‍ത്തകളില്‍ (ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ) കേട്ടു കാണും പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ കുട്ടികളെ ബീഫ് കട്‌ലറ്റ് തീറ്റിച്ചു എന്ന തരത്തിലുള്ള വാര്‍ത്ത.

ഇന്ത്യ ടുഡേ പറഞ്ഞത് 'North Indian engineering students in Kerala allege principal gave beef cutlets claiming it was vegetarian.'

എന്നാണ്. സംഭവം അറിഞ്ഞ ഉടനെ ഞാന്‍ സുനിലിനെ contact ചെയ്തു, അദ്ദേഹത്തിന്റെ നിരപരാധിത്വം പറയുകയും ചെയ്തു.

എനിക്കു കിട്ടിയ അറിവു വച്ച് സംഭവം ഇങ്ങനെയാണ്.

കോളേജില്‍ ഏതോ ഒരു ബാങ്കിംഗ് സംഘടന ഡിജിറ്റല്‍ ബാങ്കിംഗ് നേ പറ്റി കുട്ടികള്‍ക്ക് ഒരു ക്ലാസ് എടുക്കാന്‍ ഹാള്‍ ചോദിക്കുന്നു.

പ്രിന്‍സിപ്പാള്‍ അനുവാദം കൊടുക്കുന്നു.

സെമിനാര്‍ നടക്കുന്നു.

ഇടവേളയ്ക്ക് സംഘാടകര്‍ കട്‌ലറ്റ് കൊടുക്കുന്നു.

ഇതില്‍ 'ബീഫ് കട്‌ലറ്റ്' ഉണ്ടായിരുന്നു എന്നാണ് വിവാദം.

കേരളത്തില്‍ ബീഫ് നിരോധിച്ചിട്ടുള്ള വസ്തു അല്ല എന്നും എടുത്തു പറയേണ്ടതാണ്. ആരും ആരെയും നിര്‍ബന്ധിച്ചു കഴിപ്പിച്ചിട്ടും ഇല്ല.

നോര്‍ത്ത് ഇന്ത്യയില്‍ നിന്നും വന്ന കുട്ടികള്‍ പലരും ഇവിടെ പഠിക്കുന്നുണ്ട് അവരാണ് ഇത് ദേശീയ മാധ്യമങ്ങളില്‍ കൊണ്ടു വന്നത്.

ഇവിടെ പ്രിന്‍സിപ്പല്‍ പൂര്‍ണ്ണമായും നിരപരാധിയാണ്.

രാക്ഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി പ്രിന്‍സിപ്പലിന് എതിരെ പരാതി കൊടുത്ത് ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്ത കൊടുത്ത് അപമാനിക്കാന്‍ ശ്രമിച്ചത് ഒരു പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തിനു ചേര്‍ന്നതല്ല.

കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം, പ്രത്യേകിച്ചും ഇഡടഅഠ ലെയും പുളിങ്കുന്നു കോളേജിലെയും കുട്ടികള്‍ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണം.

പ്രിയ കൂട്ടുകാരനു വേണ്ടി ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ എനിക്കിന്ന് ഉറങ്ങാന്‍ പറ്റില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com