തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത അന്വേഷിക്കാനായി രാസ പരിശോധനാ ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കല്‍ കോളജിന് കത്ത് നല്‍കി. ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രാഥമികമായി ദുരൂഹത സംശയിക്കാവുന്നത് രണ്ട് മരണങ്ങളിലാണെന്ന് പൊലീസ് കണക്കാക്കുന്നത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനാല്‍ തുടര്‍ അന്വേഷണം വെല്ലുവിളി തീര്‍ക്കുന്നതാണെന്നും പ്രത്യേക സംഘം വിലയിരുത്തി.
വ്യാജ വില്‍പത്രത്തിലൂടെ സ്വത്തു തട്ടിയെടുത്തെന്നും സ്വത്തിന്റെ അവകാശികളായിരുന്ന കുടുംബത്തിലെ ഏഴ് പേരുടെ മരണത്തില്‍ ദുരൂഹതയെന്നുമാണു പരാതിയെങ്കിലും സ്വത്തു തട്ടിയെടുത്തതില്‍ മാത്രമാണ് കരമന പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ആ അന്വേഷണത്തില്‍ തട്ടിപ്പു സ്ഥിരീകരിച്ചാല്‍ മാത്രം മരണങ്ങളെക്കുറിച്ചും അന്വേഷിക്കാനാണു തീരുമാനം. മരണത്തില്‍ അന്വേഷണമുണ്ടങ്കിലും ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്‍ നായര്‍, ജയപ്രകാശ് എന്നിവരുടെ മരണത്തില്‍ മാത്രം സംശയിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കാരണം 2008ല്‍ മാതാവ് സുമുഖിയമ്മ മരിച്ചതോടെയാണു സ്വത്ത് ഇവരില്‍ മാത്രമായതും ഇവര്‍ക്കു ശേഷം അന്യാധീനപ്പെടുന്ന സാഹചര്യമുണ്ടായതും. അതുകൊണ്ട് ആദ്യം പരിശോധിക്കുക 2017 ലുണ്ടായ ജയമാധവന്റെ മരണമാണ്. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അന്നു തന്നെ അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ സംശയമൊന്നും പറഞ്ഞിരുന്നില്ല. അന്നെടുത്ത ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം വീണ്ടും ലഭിക്കാനാണ് പൊലീസ് നീക്കം.
വിഷം ഉള്‍പ്പെടെ എന്തെങ്കിലും ദുരൂഹത കണ്ടാല്‍ കേസ് വീണ്ടും അന്വേഷിക്കും. 2012ല്‍ മരിച്ച ജയപ്രകാശിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടില്ല. ഹൃദയ തകരാറിനെ തുടര്‍ന്നു കുഴഞ്ഞു വീണു രക്തം ഛര്‍ദിച്ചു മരിച്ചെന്ന മൊഴിയാണു ചിലര്‍ നല്‍കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചികില്‍സാ രേഖകള്‍ ലഭ്യമാണോയെന്നും അന്വേഷിക്കും. ഇവരുള്‍പ്പെടെ മരിച്ചവരുടെയെല്ലാം മൃതദേഹം കത്തിച്ചു സംസ്‌കരിച്ചതിനാല്‍ ശാസ്ത്രീയ തെളിവു ശേഖരണവും നടക്കില്ല.
രണ്ട് പേരുടെയും സംസ്‌കാരം നടത്തിയതു സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന രവീന്ദ്രനാണന്നതാണു നിലവില്‍ ദുരൂഹത വര്‍ധിപ്പിക്കുന്ന സാഹചര്യം. അതിനാല്‍ പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ശേഖരിക്കുകയാകും ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘം ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates