കൂടുതൽ കടകൾ തുറക്കാൻ അനുമതി, രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ ; തുറക്കാവുന്നതും പാടില്ലാത്തവയും ഇവയൊക്കെ...

മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിൽ  ഒറ്റപ്പെട്ട കടകൾ തുറക്കാം. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾക്ക് ഇളവ് ബാധകമല്ല
കൂടുതൽ കടകൾ തുറക്കാൻ അനുമതി, രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ ; തുറക്കാവുന്നതും പാടില്ലാത്തവയും ഇവയൊക്കെ...
Updated on
1 min read

തിരുവനന്തപുരം : ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കൂടുതൽ കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകി.  ഗ്രാമങ്ങളിൽ ഷോപ്പിങ്‌ മാളുകൾ ഒഴികെയുള്ളവ തുറക്കാം.  നഗരങ്ങളിൽ മാർക്കറ്റുകൾ, മാർക്കറ്റ്‌ സമുച്ചയങ്ങൾ, ഷോപ്പിങ്‌ മാളുകൾ എന്നിവ  ഒഴികെ തുറക്കാം. റെഡ്‌ സോണിൽപ്പെട്ട ജില്ലകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഇളവില്ല. ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 15ന്റെ ഉത്തരവിൽ ഭേദഗതി വരുത്തിയതിനെ തുടർന്നാണ്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്‌.

മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിൽ  ഒറ്റപ്പെട്ട കടകൾ തുറക്കാം. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾക്ക് ഇളവ് ബാധകമല്ല. സ്ഥാപനങ്ങളിൽ 50 ശതമാനത്തിലധികം ജോലിക്കാർ പാടില്ല. മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആവശ്യമെങ്കിൽ പൊലീസ്‌ സഹായിക്കും. കടയും പരിസരവും ശുചീകരിച്ചശേഷമേ തുറക്കാവൂ. മദ്യത്തിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും വിലക്ക്‌ തുടരും.

റെസ്‌റ്റോറന്റുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവയ്‌ക്ക്‌ ഇളവില്ല. ഇ–-കൊമേഴ്‌സ്‌ സ്ഥാപനങ്ങളിലൂടെ അവശ്യവസ്‌തുക്കളുടെ വിൽപ്പനമാത്രമേ ഉണ്ടാകൂ.  റെഡ്സോണിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ കാസർകോട് നടപ്പാക്കിയതുപോലെ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കും. ഹോട്ട്സ്പോട്ട് മേഖലകൾ സീൽചെയ്ത് പ്രവേശനം ഒരു വഴിയിൽക്കൂടി മാത്രമാക്കിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കിയെന്നും ഹോട്ട്‌സ്‌പോട്ടിലുള്ളവർ അവിടെത്തന്നെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഇന്ന് ഒറ്റയക്ക-ഇരട്ടയക്ക നമ്പറുകൾ അടക്കം വാഹനങ്ങൾക്ക് റോഡിലിറങ്ങാൻ അനുമതിയില്ല. അവശ്യ സർവീസുകൾ, ആരോ​ഗ്യപ്രവർത്തകർ, ആംബുലൻസുകൾ തുടങ്ങിയവയ്ക്ക് മാത്രമേ റോഡിലിറങ്ങാൻ അനുവാദമുള്ളൂ. മൊബൈൽഷോപ്പുകൾ, വർക്കുഷോപ്പുകൾ തുടങ്ങിയവ തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

കേന്ദ്രം ആദ്യം നൽകിയ  ഉത്തരവ്‌  പല സംസ്ഥാനങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. ശനിയാഴ്‌ച ഹരിയാനയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും  മദ്യവിൽപ്പനശാലകൾ, സിഗരറ്റ്‌–- മുറുക്കാൻ കടകൾ, റെസ്‌റ്റോറന്റുകൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറന്നു. ഇതോടെയാണ്‌ ഉത്തരവിൽ വീണ്ടും ഭേദഗതി വരുത്തിയത്‌.


തുറക്കാവുന്നവ

ഗ്രാമങ്ങളിലെ പലവ്യഞ്ജന കടകള്‍
മൊബൈല്‍ഷോപ്പുകള്‍
ചെറുകിട തുണിക്കടകള്‍
ഫാന്‍സി സ്റ്റോറുകള്‍
നഗരത്തിലെ ഒറ്റപ്പെട്ട കടകള്‍

തുറക്കാന്‍ പാടില്ലാത്തവ

ബാര്‍ബര്‍ ഷോപ്പ്
ബ്യൂട്ടി പാര്‍ലര്‍
നഗരങ്ങളിലെ ജ്വല്ലറികള്‍
വന്‍കിട വസ്ത്രാലയങ്ങള്‍
ഷോപ്പിങ് മാളുകള്‍
സിനിമാ ശാലകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com