കണ്ണൂര്‍: അനശ്വര വിപ്ലവകാരി ചെ ഗവാരയുടെ മകള്‍ അലെയ്ഡ ഗവാരയ്ക്കു കണ്ണൂരില്‍ സ്വീകരണം. വേദിയില്‍ കണ്ണീര്‍ തോരാതെ നിന്ന എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ അമ്മ ഭൂപതി നൊമ്പരകാഴ്ചയായി.
അലെയ്ഡ ഗവാരയെ കാണാനാണ് ഭൂപതി കണ്ണൂരിലെത്തിയത്. അലെയ്ഡയ്ക്കു മുന്‍പില്‍ കൂപ്പുകൈകളോടെ കണ്ണീര്‍ വാര്‍ത്തു നിന്ന ആ അമ്മ സദസ്സിനു മുഴുവന്‍ സങ്കട കാഴ്ചയായി. പ്രസിദ്ധീകരണ രംഗത്തെ വനിതാ കൂട്ടായ്മയായ തൃശൂര്‍ സമതയുടെ പുസ്തകം അലെയ്ഡയില്‍ നിന്ന് ഏറ്റു വാങ്ങാനാണു ഭൂപതിയും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്തും എത്തിയത്.
വേദിയില്‍ എത്തിയ ഉടന്‍ അലെയ്ഡയ്ക്കു മുന്‍പില്‍ കൈകൂപ്പി നില്‍ക്കുകയായിരുന്നു അഭിമന്യുവിന്റെ അമ്മ. സംഘാടകര്‍ അവരെ രണ്ടാം നിരയിലെ കസേരയില്‍ കൊണ്ടു ചെന്നിരുത്തി. സീറ്റിലിരുന്നും കരയുകയായിരുന്ന ഭൂപതിയെ അടുത്തു ചെന്നു സാന്ത്വനിപ്പിക്കാന്‍ അലെയ്ഡ ശ്രമിച്ചപ്പോഴേക്കും തേങ്ങല്‍ പൊട്ടിക്കരച്ചിലായി. ഭൂപതിയെ സമാധാനിപ്പിക്കാന്‍ യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമും അലെയ്ഡയ്‌ക്കൊപ്പം ചേര്‍ന്നു.
സ്വാഗത പ്രസംഗകന്‍ അഭിമന്യുവിന്റെ പേരു പറഞ്ഞപ്പോള്‍ അമ്മ എങ്ങിയേങ്ങിക്കരഞ്ഞു. അഭിമന്യുവിന്റെ പേര് വേദിയില്‍ ആവേശത്തോടെ മുഴങ്ങിയപ്പോഴെല്ലാം അവര്‍ നിയന്ത്രണം വിട്ടു കരഞ്ഞു കൊണ്ടിരുന്നു. സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ക്കും കണ്ണീരായിരുന്നു ആ അമ്മയുടെ മറുപടി.
ചെ ഗവാരയുടെ ഭാര്യ അലെയ്ഡ മാര്‍ച്ച് എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ 'ചെ- എന്റെ ജീവിത സഖാവ്' എന്ന പുസ്തകമാണ് ചെയുടെ മകളില്‍ നിന്നു ഭൂപതി ഏറ്റുവാങ്ങിയത്. പൊട്ടിക്കരഞ്ഞ്, പിന്നെ കണ്ണും മുഖവും ഇരുകൈകള്‍ കൊണ്ടും പൊത്തി കരച്ചിലടക്കിയാണു ഭൂപതി പുസ്തകം ഏറ്റുവാങ്ങിയത്. തിരികെ സീറ്റില്‍ ചെന്നിരുന്നപ്പോള്‍ കരച്ചില്‍ ഉച്ചത്തിലായി.
വട്ടവട അഭിമന്യു സ്മാരക ഗ്രന്ഥാലയത്തിനു സമത നല്‍കിയ പുസ്തകങ്ങള്‍ അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ഏറ്റുവാങ്ങി. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി കണ്‍വീനറായ ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയും സിപിഎം അനുബന്ധ സംഘടനകളും ചേര്‍ന്നാണു ചടങ്ങു സംഘടിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates