കൂറുമാറാന്‍ സമ്മര്‍ദം, കുടുംബത്തെ ഭീഷണിപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; അഭയകേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍

കൂറുമാറാന്‍ സമ്മര്‍ദം, കുടുംബത്തെ ഭീഷണിപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; അഭയകേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍

സിസ്റ്റര്‍ അഭയ കേസില്‍ കൂറുമാറാന്‍ സഭയും വൈദികരും ഭീഷണിപ്പെടുത്തിയതായി സാക്ഷിയുടെ വെളിപ്പെടുത്തല്‍
Published on

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ കൂറുമാറാന്‍ സഭയും വൈദികരും ഭീഷണിപ്പെടുത്തിയതായി സാക്ഷിയുടെ വെളിപ്പെടുത്തല്‍. കേസിലെ പന്ത്രണ്ടാം സാക്ഷി പ്രൊഫസര്‍ ത്രേസ്യാമ്മയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. സഭയിലെ ചിലര്‍ ഒറ്റപ്പെടുത്തുകയും കല്ലെറിയുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായും ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആറു സാക്ഷികള്‍ കൂറുമാറിയതിനിടെ, പ്രതികള്‍ക്കെതിരെ നേരത്തെ നല്‍കിയ രഹസ്യമൊഴി ത്രേസ്യാമ്മ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പുതൃക്കയിലും സ്വഭാവദൂഷ്യമുണ്ടായിരുന്നവരെന്നാണ് കേസിന്റെ വിചാരണയ്ക്കിടെ ത്രേസ്യാമ്മ കോടതിയില്‍ ഇന്ന് മൊഴി നല്‍കിയത്. ഫാ.തോമസ് കോട്ടൂരിനെതിരെ നിരവധി വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഭയയുടെ അധ്യാപിക കൂടിയായിരുന്ന ത്രേസ്യാമ്മ കോടതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വൈദികരും സഭയും കൂറുമാറാന്‍ തന്നെയും തന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ത്രേസ്യാമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അറിയാവുന്ന സത്യമായ കാര്യങ്ങള്‍ മാത്രമാണ് അന്നും ഇന്നും പറഞ്ഞിട്ടുളളതെന്നും ത്രേസ്യാമ്മ പറഞ്ഞു. നിലപാടില്‍ ഉറച്ചുനിന്നതോടെ, വൈദികരുടെ ഭാഗത്തും നിന്നും സഭയുടെ ഭാഗത്ത് നിന്നും ഒറ്റപ്പെടുത്തുന്ന നിലപാട് ഉണ്ടായി. മാനസിക പ്രശ്‌നമുളള സ്ത്രീയാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും ത്രേസ്യാമ്മ പറഞ്ഞു. അഭയയുടെ മരണാനന്തരത്തിലും അപകീര്‍ത്തിപ്പെടുത്തലിന് ഒരു കുറവുമില്ല.അവര്‍ക്ക് നീതിമേടിച്ചു കൊടുക്കണമെന്ന പ്രാര്‍ത്ഥന മാത്രമേയുളളൂവെന്നും ത്രേസ്യാമ്മ പറഞ്ഞു.

കേസില്‍ സാക്ഷിവിസ്താരം തുടരുകയാണ്. നാല്‍പ്പത്തിയാറ് മുതല്‍ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടന്നത്. വിചാരണയ്ക്കിടെ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയിരുന്നു. ഇതുവരെ ആറുപേരാണ് കേസില്‍ കൂറുമാറിയത്. ഇന്നലെ വിസ്തരിച്ച 53-ാം സാക്ഷി സിസ്റ്റര്‍ ആനി ജോണും 40-ാം സാക്ഷി സിസ്റ്റര്‍ സുധീപയുമാണ് അവസാനമായി കൂറുമാറിയ സാക്ഷികള്‍. ഇവരെ കൂടാതെ നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21-ാംസാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികള്‍.

ഇതിനിടെ കൂറുമാറുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് 41-ാം സാക്ഷി സിസ്റ്റര്‍ നവീനയെയും 42-ാം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് സിബിഐ ഇന്നലെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ 36-ാം സാക്ഷി സിസ്റ്റര്‍ വിനിത, 37-ാം സാക്ഷി സിസ്റ്റര്‍ ആനന്ദ്, 39- ാം സാക്ഷി സിസ്റ്റര്‍ ഷെര്‍ളി എന്നിവരെയും കൂറുമാറുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഞ്ജു പി മാത്യു, സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കുക.

അതേസമയം, കേസില്‍ പ്രൊഫസര്‍ ത്രേസ്യാമ്മയടക്കം ഇതുവരെ ആറുപേര്‍ അനുകൂല മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ, ഏഴാം സാക്ഷിയായ വേണുഗോപാലന്‍ നായര്‍, അഞ്ചാം സാക്ഷിയായ ഷമീര്‍, രാജു എന്നിവരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയ കേസിലെ മറ്റ് സാക്ഷികള്‍.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പുതൃക്കയില്‍, ക്രൈംബ്രാഞ്ച്  മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993ലാണ് സിബിഐ ഏറ്റെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com