

കൊച്ചി: പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ആള്‍ക്കാണോയെന്ന് കോടതി ചോദിച്ചു. അവാര്‍ഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.
അവാര്‍ഡ് വിതരണം നാളെ നടക്കാനിരിക്കെയാണ് ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. എന്നാല്‍ നാളെ നടക്കുന്ന സാംസ്‌കാരിക പരിപാടിയുടെ കാര്യത്തില്‍ കോടതി ഇടപെടുന്നില്ലെന്നും കൃഷ്ണനെ കുറ്റാരോപിതനായ കാണുന്ന ഒരാള്‍ക്ക് അവാര്‍ഡ് തുക നല്‍കുന്നത് ശരിയല്ലെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയുമായിരുന്നു. ഭക്തര്‍ നല്‍കുന്ന തുകയാണ് പുരസ്‌കാരത്തിനൊപ്പം നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് മുഖ്യമമന്ത്രിയുടെ പ്ര്‌സ സെക്രട്ടറിയും കവിയുമായ പ്രഭാവര്‍മ്മയ്ക്ക് പൂന്താനം പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജ്ഞാനപ്പാനയുടെ പേരില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് നല്‍കിയത് പൂന്താനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു തപസ്യ കലാസാഹിത്യവേദിയുടെ പ്രതികരണം.
ഭഗവദ്ഗീത ഉപദേശിച്ച കൃഷ്ണന്‍ അതില്‍ ഖേദിക്കുന്നതായും പാഞ്ചാലിയോട് രഹസ്യകാമന പുലര്‍ത്തിയതായും തുടങ്ങി കവിതയിലുടനീളം ശ്രീകൃഷ്ണജീവിതസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കുകയും അപമാനിക്കുകയുമാണ് ശ്യാമമാധവം എന്ന കവിതയില്‍. ഇത്തരത്തില്‍ ശ്രീകൃഷ്ണസങ്കല്പത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുന്ന കവിതയ്ക്ക് ശ്രീകൃഷ്ണഭക്തിയാല്‍ പ്രചോദിതമായ ജ്ഞാനപ്പാനയുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് ദേവസ്വംബോര്‍ഡ് കവി പൂന്താനത്തോടും ഭക്തജനങ്ങളോടും ചെയ്യുന്ന അനീതിയാണെന്നും തപസ്യയുടെ പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates